മിക്ക പ്രദേശങ്ങളിലും ഇത് പാലിക്കപ്പെട്ടില്ല. ക്ലബ്ബുകള്‍ മുതല്‍ വ്യക്തികള്‍ വരെ ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്നതില്‍ ആവേശം കാണിച്ചു.ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ ആവേശം കേരളത്തിലും വലിയ സാഗരമെന്നോണം അലയടിച്ചിരുന്നു. മത്സരം സമാപിച്ച്‌ ഏഴു മാസം പിന്നിടുകയാണ് എന്നാൽ ഇപ്പോഴും ആരാധകര്‍ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകളും ബോര്‍ഡുകളും മിക്കയിടത്തും കാടു കയറി കിടക്കുകയാണ്. പരിസ്ഥിതി ബോധത്തെ വെല്ലുവിളിക്കും വിധമാണ് ആരാധനാ മൂർത്തികളുടെ രൂപങ്ങൾ പ്ലാസ്റ്റിക് മാലിന്യമായി നിലനില്‍ക്കുന്നത്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളില്‍ പോലും നൂറുകണക്കിന് ഫ്ലക്സുകളാണ് പ്ലാസ്റ്റിക് മാലിന്യമായി നീക്കം ചെയ്യാതെ കിടക്കുന്നത്.സംസ്ഥാനത്ത് ഫ്ലക്സുകള്‍ക്ക് സര്‍ക്കാര്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കളിയാവേശത്തിന് നിറം മങ്ങാതെയിരിക്കാൻ ലോകകപ്പിന് മുന്നോടിയായി നിബന്ധനകൾക്ക് വിധേയമായി സ്ഥാപിക്കാൻ അനുമതി നല്‍കുകയായിരുന്നു.

കളി കഴിയുന്നതോടെ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്ത് സംസ്കരണ കേന്ദ്രത്തിലെത്തിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. എന്നാൽ മിക്ക പ്രദേശങ്ങളിലും ഇത് പാലിക്കപ്പെട്ടില്ല. ക്ലബ്ബുകള്‍ മുതല്‍ വ്യക്തികള്‍ വരെ ഫ്ലക്സുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്നതില്‍ ആവേശം കാണിച്ചു. ഫാൻസുകാര്‍ ബോര്‍ഡുകളുടെയും താരങ്ങളുടെ കട്ടൗട്ടുകളുടെയും ഉയരംകൂട്ടാൻ മത്സരിച്ചു. എന്നാല്‍, മേള കഴിഞ്ഞ് ആറുമാസം പിന്നിടുമ്പോഴും ഇവയെല്ലാം പാതയോരങ്ങളില്‍ മാലിന്യങ്ങളായി നിലനില്‍ക്കുന്നു.സ്ഥാപിച്ച ബോര്‍ഡുകളും മറ്റും മാറ്റാൻ ചില തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതാരും കേട്ട ഭാവം നടിച്ചിട്ടുമില്ല. ചിലയിടങ്ങളില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ച സ്ഥലത്തു നിന്നെടുത്ത് ആളുകള്‍ കാണാത്ത കേന്ദ്രങ്ങളില്‍ ഉപേക്ഷിച്ചു. ഒരു ബോര്‍ഡും പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലെത്തിയില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ടണ്‍ മാലിന്യങ്ങളാണ് ഫ്ലക്സ് ബോര്‍ഡുകള്‍ സംഭാവന ചെയ്യുന്നത്. ഇതാണ് ഫ്ലക്സ് നിരോധത്തിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഇടക്കാലത്ത് തുണി ബോര്‍ഡുകളിലേക്കും ചുമരെഴുത്തുകളിലേക്കും തിരിച്ചു നടന്നുവെങ്കിലും അത് അല്‍പ്പായുസ്സായി പരിണമിച്ചു.തൊഴില്‍ പ്രശ്നവും മറ്റും ചൂണ്ടിക്കാട്ടി ഫ്ലക്സുകള്‍ പൂര്‍വാധികം ശക്തമായി തിരിച്ചു വന്നു. ഫുട്ബാള്‍ ലോകകപ്പ് സമയത്ത് വൻതോതിലാണ് ബോര്‍ഡുകള്‍ നിര്‍മിച്ചത്. ചെറിയ പ്ലാസ്റ്റിക് കവര്‍ വില്‍പനക്ക് പോലും നിരോധനമേര്‍പ്പെടുത്തി റെയ്ഡ് നടത്തി വൻ പിഴ ഈടാക്കുന്ന അധികൃതര്‍ ഫ്ലക്സ് മാലിന്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. വീടുവീടാന്തരം കയറിയിറങ്ങി ഫീസ് വാങ്ങി പ്ലാസ്റ്റിക് ശേഖരിക്കുന്നവര്‍ പാതയോരത്തെ മാലിന്യ ഫ്ലക്സുകള്‍ അവഗണിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ഈ ഒരു പ്രശ്നം പരിഹരിക്കാൻ ആരാധകർ ആവേശത്തോടെ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.