ഉമ്മൻ ചാണ്ടി .. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് .. പാർട്ടിക്കാരുടെ ഓ സി .. കേരളരാഷ്ട്രീയത്തിന്റെ സൗമ്യമുഖം..മഞ്ജു പോലെ ആർദ്രമായ മനസ്സ് കോൺഗ്രസുകാരൻ. അപ്പ പോയി എന്ന ചാണ്ടി ഉമ്മാന്റെ ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിനെ കേരളം ഞെട്ടലോടെയാണ് വായിച്ചത്. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി നേരത്തെ വഷളാക്കിയത്. ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.

1943 ഒക്ടോബർ 31 ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ ഒ ചാണ്ടിയുടേയും ബേബി ചാണ്ടിയുടേയും മകനായാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. കോൺഗ്രസു വിദ്യാർത്ഥി സംഘടനയായ കെ എസ് യു വിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. പുതുപ്പളളി എം ഡി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലും പിന്നീട് കോട്ടയം സി എം എസ് കോളേജിലും പഠിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നിന്നും ബി എ ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി.കെ എസ് യു യൂണിറ്റ് പ്രസിഡന്റിൽ തുടങ്ങി എഐസിസി ജനറൽ സെക്രട്ടറിവരെയും വർക്കിംഗ് കമ്മിറ്റി അംഗമായും മാറി. 

1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.2004 ൽ പാർലമെന്റിലെ കനത്ത തോൽവിയെ തുടർന്ന് എകെ ആന്റണി രാജിവെച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി തുടർന്നു. തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായി. രാജ്യത്തെ നിയമനിർമാണസഭാ ചരിത്രത്തിൽ എംഎൽഎയായി അരനൂറ്റാണ്ട്‌ പിന്നിട്ട ഉമ്മൻചാണ്ടിയുടെ റെക്കോർഡിനുമുന്നിൽ 56 വർഷം എംഎൽഎയായ കരുണാനിധിയും പാലാ മണ്ഡലത്തിൽ 54 വ‍ർഷം തികച്ച കെ എം മാണിയും മാത്രം. ഉമ്മൻചാണ്ടിയുടെത്‌ 53 മത്തെ വർഷം.പുതുപ്പള്ളിയിലാണ്‌ ഇക്കാലമത്രയും തുടർച്ചയായി ഉമ്മൻചാണ്ടി വെന്നിക്കൊടി പാറിച്ചത്‌. 1970 മുതൽ 11 തവണ.

ജനങ്ങൾക്കിടയിൽ ഇത്രയും ഇഴുകി ജീവിച്ച മറ്റൊരു കോൺഗ്രസ് നേതാവില്ല. അക്ഷരാർത്ഥത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ ജീവിച്ച നേതാവ് . ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അടുത്തുനിന്ന് കാണാനും അറിയാനുമുള്ള അവസരമായി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയെ കണ്ടു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമ്പോഴാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ദൗത്യം പൂര്‍ണമാകുന്നതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.സാധാരണ രാഷ്ട്രീയക്കാരെ പോലെ അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുക , എതിരാളികളുടെ കുടുംബാംഗങ്ങളെ ആക്ഷേപിക്കൽ തുടങ്ങിയ ശൈലി അദ്ദേഹത്തിനില്ലായിരുന്നു. എന്നാൽ തന്റെ പ്രസ്ഥാനത്തിനു വേണ്ടിയും പാർട്ടിയിലെ തന്നെ എതിരാളികൾക്ക് നേരെയും അദ്ദേഹം നടത്തിയ തന്ത്രപരമായ നീക്കങ്ങളിൽ ഒരു ചതുരംഗ കളിക്കാരന്റെ തകുശലത ഉണ്ടായിരുന്നു. ഏതു പ്രതിസന്ധി ഘട്ടത്തിലും പുലർത്തുന്ന ജനാധിപത്യ ബോധവും എതിർപക്ഷത്തിന്റെ വ്യക്തിപരമായ ആരോപണങ്ങളിൽ കാത്ത സംയമനവും ഒക്കെ എല്ലാ രാഷ്ട്രീയക്കാർക്കും മാതൃകയാണ്. സമാനതകളില്ലാത്ത പാര്ലമെന്ററിയാൻ. ഉമ്മൻ ചാണ്ടിയുടെ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്.പുതുപ്പള്ളിയുടെയും കോട്ടയത്തിന്റെയും കേരളം രാഷ്ട്രീയത്തിന്റെയും ഉമ്മൻ‌ചാണ്ടി അജയ്യാനാണ്. എന്നും ജയികൊണ്ടേയിരുന്നു. ജയിച്ചു തന്നെയാണ്പുതുപ്പള്ളിയുടെ കുഞ്ഞൂഞ് ഓർമകളിലേക്ക് മറയുന്നതും .