ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണെന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ പൂജ അതിരപ്പിള്ളിയിൽ വെച്ചു ഇന്ന് നടന്നു. മമ്മൂട്ടിയുടെ പുതിയ നിർമ്മാണ ബാനർ ആയ മമ്മൂട്ടി കമ്പനി നിർമ്മാണം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിൽ, മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരാണ് മറ്റു വേഷങ്ങൾ ചെയ്യുന്നത്. നിമീഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്ര സംയോജനം നിർവഹിക്കാൻ പോകുന്നത് കിരൺ ദാസ് ആണ്. മിഥുൻ മുകുന്ദൻ സംഗീതവും, റോണക്സ് സേവ്യർ മേക്കപ്പും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ബാദുഷ ആണ്.

ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനി എന്ന ബാനർ നിർമ്മിച്ച ആദ്യ ചിത്രം. ഇപ്പോൾ റിലീസിനായി ഒരുങ്ങികൊണ്ടിരിക്കുന്ന ഈ ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു.നവാഗതയായ രഥീന സംവിധാനം ചെയ്ത ചിത്രം പുഴു ആണ് അടുത്തതായി റിലീസ് ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസ് ആയി സോണി ലൈവിലൂടെയാണ് ഈ ചിത്രം പുറത്തു വരിക. ഏപ്രിൽ ആദ്യവാരം ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.