അമ്മ വേഷങ്ങളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചും  ജനപ്രിയ നടിയായി മാറിയ നടിയാണ് മാലാ പാര്‍വതി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ റോളുകള്‍ അവതരിപ്പിച്ചിട്ടുള്ള നടി സോഷ്യല്‍ മീഡിയയിലും വളരേ സജീവമാണ്. സ്വന്തം സിനിമയെ കുറിച്ച് മാത്രമല്ല മറ്റ് ചിത്രങ്ങളെ പറ്റിയും നടി സംസാരിക്കുന്നത് പതിവാണ്. അത്തരത്തില്‍ മോഹന്‍ലാല്‍ ചിത്രം നേര് കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയതായിരുന്നു നടി. ചിത്രത്തിലെ താരങ്ങളുടെ പേര് എടുത്ത് പറഞ്ഞ് മാലാ പാര്‍വതി അഭിനന്ദിച്ചെങ്കിലും ഇതിന് താഴെ നിരവധി കമന്റുകളാണ് വന്നത്. അതിലൊരു കമന്റിന് നടി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വിശദമായി വായിക്കാം. നേര് കണ്ടതിനെ കുറിച്ച് മാലാ പാര്‍വതി പറയുന്നതിങ്ങനെയാണ്… ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാല്‍ സര്‍ ചിത്രം ‘നേര്’ കണ്ടു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സ്ക്രിപ്റ്റും! ലാല്‍ സാര്‍, സിദ്ദിഖ് സര്‍, ജഗദീഷ് ചേട്ടന്‍, അനശ്വര വേറെ ലെവല്‍. അനശ്വര രാജന്റേത് ടെറിഫിക് പെര്‍ഫോമന്‍സാണ്. എല്ലാ നിമിഷവും ജീവിച്ച് അഭിനയിച്ചു. മനോഹരം. അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടന്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോണ്ടിങ്ങും, കണക്ടുമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

സിദ്ദിഖ് സര്‍.. ന്റെ ക്രിമിനല്‍ വക്കീല്‍ വേറെ ലെവല്‍. ലാല്‍ സാറിന്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോല്‍ക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകര്‍ന്നാട്ടം സൂക്ഷ്മവും കൃത്യവും. ജീത്തു ജോസഫ് മലയാളത്തിന് നല്‍കിയ വ്യത്യസ്തമായ ചിത്രമാണ് ‘നേര്’. ശ്രീ ഗണേഷ് കുമാര്‍, ശാന്തി മായാദേവി, പ്രിയാമണി, ശ്രീ ധന്യ, രശ്മി അനില്‍ തുടങ്ങി നടീ നടന്മാര്‍ എല്ലാം ഗംഭീരമായി. എന്നാണ് മാല പാര്‍വതി പങ്കുവെച്ച കുറിപ്പില്‍ എഴുതിയത്. ഇതിന് താഴെ കമന്റുകളുമായി നിരവധി പേരെത്തി. ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടിയെന്നാണ്’, ഒരാള്‍ മാലാ പാര്‍വതിയോട് ചോദിച്ചത്. ‘സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത്. അതുകൊണ്ട് എത്ര രൂപയാണെന്ന് ഓര്‍മ്മയില്ലെന്നാണ് നടി മറുപടിയായി പറഞ്ഞത്. ഇത് മാത്രമല്ല നിരവധി ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയപ്പോള്‍ അതിനെല്ലാം നടി മറുപടി പറഞ്ഞിരിക്കുകയാണ്. ഇത് മോഹന്‍ലാലാണ് അങ്ങേര്‍ക്ക് മലയാളികളുടെ അടുത്തേക്ക് തിരിച്ചു വരാന്‍ അധികം നേരം ഒന്നും വേണ്ടെന്ന കമന്റിന് ‘തിരിച്ച് വരാന്‍.. അദ്ദേഹം എവിടെ പോയിരുന്നു? സിനിമകള്‍ പാളിയിട്ടുണ്ട് -ലാല്‍ സര്‍ സൂര്യനെ പോലെയാണെന്നാണ്’ നടി മറുപടിയായി പറഞ്ഞത്. ഞാനും എന്റെ കൂട്ടുകാരും.. കുറച്ച് ആളുകളുടെ അഭിപ്രായം കേട്ട് കാണാന്‍ പോയി.. നിത്യവിരസദ, പ്രേക്ഷകരെ നേര് എന്ന സിനിമ ബോറടിപ്പിച്ചു. ഇഴഞ്ഞു നീങ്ങുന്ന കോടതി.

സിനിമ മുന്നോട്ടു കൊണ്ടു പോകാന്‍ വേണ്ടി തുടക്കത്തില്‍ തന്നെ ഒരു റേപ്പിങ്. എല്ലാം ഒരു സിനിമക്ക് വേണ്ടിയാണെന്ന് തോന്നി പ്രേക്ഷകര്‍ക്ക്. ഇതെല്ലാം മനസ്സിലാക്കിയ ഞാന്‍ എനിക്ക് ഒന്നുകൂടി മനസ്സിലായി എന്നോട് അഭിപ്രായം പറഞ്ഞ ആളുകള്‍ മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന്. ജിത്തു ജോസഫ് സാര്‍ ട്രാക്ക് ഒന്ന് മാറ്റി പിടിക്കണേ. ആവറേജിലും താഴെ വരുന്ന ഒരു സിനിമയെ വിജയിപ്പിക്കാന്‍ വേണ്ടി ചിലര്‍ കാട്ടിക്കൂട്ടുന്ന കാണുമ്പോള്‍. അല്ലെങ്കില്‍ ഞാന്‍ ഒന്നും പറയുന്നില്ല. പ്രേക്ഷകര്‍ ഈ സിനിമയെ കൈവിട്ടു.. എന്നാണ് ഒരാള്‍ വിമര്‍ശിച്ചിരിക്കുന്നത്. ശാന്തി മായാദേവിയുടെ അഭിനയം വളരെ ബോര്‍ ആയിരുന്നു. അതുപോലെ സിനിമയിലെ ചില പുതുമുഖങ്ങളുടെയും. സിദ്ധിഖ്, അനശ്വര രാജന്‍ എന്നിവര്‍ വേറെ ലെവല്‍ എന്നൊരാള്‍ പറയുമ്പോള്‍ ‘ശാന്തി മായാദേവി മോശമായിന്നോ? എനിക്ക് അങ്ങനെ തോന്നിയില്ലെന്നാണ്’, മാലാ പാര്‍വതി പറയുന്നത്. ലാല്‍ സര്‍, സിദ്ധിക്ക് സര്‍ ജഗദീഷ് മാത്രം ചേട്ടന്‍ അതെന്താണ് അങ്ങനെ താരങ്ങളെ വിശേഷിപ്പിച്ചതെന്നും നടിയോട് ഒരു ആരാധകന്‍ ചോദിച്ചു. ‘അത് എന്താണെന്ന് ചോദിച്ചാല്‍, വിളിച്ച് ശീലിച്ചത് പോലെ എഴുതി എന്ന് മാത്രമെന്ന്’, നടി പറയുന്നു.