കഴിഞ്ഞ വർഷം മലയാളികൾ കേട്ട ഏറ്റവും വലിയ സങ്കടകരമായ ഒരു വാർത്ത നടൻ കൊല്ലം സുധിയുടെ അപ്രതീക്ഷിത മരണമായിരുന്നു. ഇക്കഴിഞ്ഞ ജൂണിലാണ് കാർ അപകടത്തിൽ കൊല്ലം സുധിക്ക് ജീവൻ നഷ്ടമായത്.പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കലാകാരന്റെ വേർപാട് ഇന്നും മലയാളികൾക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ടെലിവിഷനിൽ പരിപാടികളിൽ സജീവമായിരുന്നു സുധി . അതുകൊണ്ട് തന്നെ ആ മുഖം ആ സാന്നിധ്യം ഒക്കെ പെട്ടെന്ന് മാഞ്ഞില്ലാതെയായപ്പോൾ പ്രേക്ഷകർക്കും ആ വേർപാട് താങ്ങാൻ കഴിഞ്ഞില്ല. സുധിയുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയത് ഭാര്യ രേണുവും രണ്ട് മക്കളുമാണ്. ഇളയ മകൻ റിതുലിനോട് സുധിയെ കുറിച്ച് ചോദിച്ചാൽ ഞാനാണ് സുധിയെന്നാണ് ചിരിച്ചു കൊണ്ട് പറയുക. സുധി ഒപ്പമില്ലാത്ത ആദ്യത്തെ ക്രിസ്മസും ന്യൂഇയറുമാണ് രേണുവിനും മക്കൾക്കും ഇപ്പോൾ കടന്നു പോയത്. പക്ഷെ അവരെ ആ വിശേഷ ദിവസം ഒറ്റയ്ക്കിരുന്ന് ദുഖിക്കാൻ വിടാതെ ഒപ്പം ചേർത്ത് പിടിച്ച് സന്തോഷിപ്പിക്കാൻ ആദ്യം ഓടി എത്തിയത് അവതാരക ലക്ഷ്മി നക്ഷത്രയാണ്. മരിക്കും വരെ തന്റെ കുഞ്ഞുപെങ്ങളെപ്പോലെയാണ് സുധി ലക്ഷ്മി നക്ഷത്രയെ കണ്ടിരുന്നത്. ചിന്നുവെന്നാണ് ലക്ഷ്മി നക്ഷത്രയുടെ വിളിപ്പേര്. ചിന്നുവെന്ന് ലക്ഷ്മിയെ തികച്ച് വിളിക്കാറില്ലായിരുന്നു സുധി അത്രയും സ്നേഹമായിരുന്നു സുധിക്ക് ലക്ഷ്മിയോട്.
സുധിയുടെ വേർപാടിനുശേഷം രേണുവിനും മക്കൾക്കും ആ സ്നേഹം തിരികെ കൊടുക്കുകയാണ് ലക്ഷ്മി. സുധിയില്ലാത്ത ആദ്യത്തെ ക്രിസ്മസാണ് രേണുവിനും മക്കൾക്കുമെന്ന് മനസിലാക്കി അവർക്ക് വസ്ത്രങ്ങളും റിതുലിന് കളിക്കാൻ ഒരു കാർ നിറയെ കളിപ്പാട്ടങ്ങളും മൂത്ത മകൻ കിച്ചുവിന് കേക്കുമെല്ലാമായാണ് ലക്ഷ്മി ഇവരെ കാണാൻ എത്തിയത്. സുധിയുടെ വീട്ടിലെത്തി സമ്മാനങ്ങൾ ഒക്കെ കൈ മാറുന്ന കാഴ്ചയും അവർക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളും ലക്ഷ്മി പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളുടെ വീഡിയോ മൂന്ന് ഭാഗങ്ങളാക്കിയാണ് ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ടത്. അവയെല്ലാം വൈറലായി ട്രെന്റിങിൽ കയറുകയും ചെയ്തിരുന്നു. രണ്ട് വീഡിയോ പുറത്തിറങ്ങിയപ്പോഴേക്കും ഒരു വിഭാ ഗം ആളുകൾ ലക്ഷ്മിയെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. 5000 രൂപയുടെ ഗിഫ്റ്റ് 50000 രൂപ ലാഭം.. ബിസിനസ് അറിയാം ലക്ഷ്മിക്ക്… പിന്നെ ഇത് ഒരു കഥ അല്ലിത് ജീവിതം ആയിപ്പോയി എന്നാണ് ചിലർ ലക്ഷ്മിയെ വിമർശിച്ചത്. ആവശ്യമില്ലാതെ ഇടയ്ക്കിടെ ദുഖം നിറഞ്ഞ ബിജിഎം കയറ്റി സുധിയുടെ ഫോട്ടോ കാണിച്ചതിനെയും ചിലർ വിമർശിച്ചിരുന്നു. ലക്ഷ്മിയുടെ വീഡിയോ ഓവറായിരുന്നുവെന്നും ആ കുടുംബത്തെ വിറ്റ് കാശാക്കുകയാണോയെന്നും വിമർശനം വന്നിരുന്നു. എന്നാൽ ചിലർ ലക്ഷ്മിയെ അനുകൂലിച്ചുമെത്തി. രേണുവിന്റെയും മക്കളുടെയും മനസറിയുന്നവളാണ് ലക്ഷ്മി എന്നാണ് അനുകൂലിക്കുന്നവർ കുറിച്ചത്. അതേസമയം വിമർശനങ്ങൾ നിറയുമ്പോൾ കൊല്ലം സുധിയുടെ വീട്ടിൽ പോയതിന്റെ അവസാന ഭാഗം ഉൾക്കൊള്ളിച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ കുടുംബത്തിനായി പണിയുന്ന പുതിയ വീടിന്റെ വിശേഷങ്ങൾ അടക്കം ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. സുധിയുടെ കുടുംബത്തിനൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് പണി നടന്നു കൊണ്ടിരിയ്ക്കുന്ന വീട്ടിലേക്കും ശേഷം അവരെ കൂട്ടി ഭക്ഷണം കഴിക്കാന്‍ പുറത്തേക്കും ലക്ഷ്മി നക്ഷത്ര പോകുന്നത് പുതിയ വീഡിയോയിൽ കാണാം. അടുത്തിടെ യുകെയില്‍ പോയപ്പോള്‍ അവിടെയുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് സുധിയുടെ കുടുംബത്തിനായി ഒരു തുക കൊടുത്തുവിട്ടിരുന്നു. അത് നേരിട്ട് ലക്ഷ്മി രേണുവിനും കിച്ചുവിനും കൈമാറി. കേരള ഹോം ഡിസൈൻസ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളും ഫ്ലവേഴ്സ് ചാനലും എല്ലാം ചേർന്നാണ് സുധിക്ക് സൗജന്യമായി വീട് വെച്ചുനൽകുന്നത്. ‘
ആറ് മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും എന്നാണ് പറഞ്ഞിരുന്നത്.’ ‘ഇപ്പോള്‍ നാല് മാസമായി. ചുമരൊക്കെ പണിതു. ഇനി വെറും രണ്ട് മാസം മാത്രം. അപ്പോഴേക്കും വീട്ടില്‍ കയറി താസിക്കാന്‍ കഴിയും എന്നാണ് പറയുന്നത്. ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നത്. വാടക കൊടുക്കാനുള്ള കാശ് ഇല്ലാത്തതിനാല്‍ ഷോ ഡയരക്ടര്‍ അനൂപ് ഇടപെട്ട് സ്റ്റാര്‍മാജിക് ഷോയുടെ ആരാധകരാണ് അത് കൊടുക്കുന്നത്’, എന്നാണ് രേണു വീഡിയോയിൽ പറഞ്ഞത്. ഒരു ജോലി തരപ്പെടുത്താനുള്ള ശ്രമത്തിലാണിപ്പോൾ രേണു. രേണവിനും മക്കൾക്കും കൂട്ടായി രേണുവിന്റെ മാതാപിതാക്കളുണ്ട്. താന്‍ ഈ ചെയ്യുന്നതെല്ലാം വീഡിയോയാക്കി ഇങ്ങനെ കാണിക്കുന്നത് ഇതുകണ്ട് ആര്‍ക്കെങ്കിലും ഈ കുടുംബത്തെ സഹായിക്കാന്‍ തോന്നുന്നുവെങ്കില്‍ ഒരു പ്രചോദനം ആയിക്കോട്ടെയെന്ന് കരുതിയാണെന്നും ലക്ഷ്മി നക്ഷത്ര പുതിയ വീഡിയോയിൽ പറഞ്ഞു.