.

തെരുവ് നായയുടെ ആക്രമണത്തില്‍ കണ്ണൂരില്‍ പതിനൊന്നു വയസ്സുകാരൻ നിഹാൽ മരിച്ച സംഭവത്തിന് പിന്നാലെ സമാനമായ രീതിയില്‍ കുട്ടിയെ നായ ആക്രമിക്കുന്നതിന്‍റെ വീഡിയോ പുറത്ത് വരുകയാണ്. പുഴാതിയിലെ യുകെജി വിദ്യാര്‍ത്ഥി എ പി ഇല്യാസിന് നേരെയാണ് ഇന്നലെ തെരുവ് നായകള്‍ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍ കുട്ടി രക്ഷപ്പെട്ടു. നായകള്‍ കുഞ്ഞിനെ ഓടിക്കുന്നതും കുട്ടി ഓടി ഗേറ്റ് കടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടി ഓടിക്കയറിയ ബന്ധുവിന്റെ വീട്ടിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ ശബ്ദം വെച്ചതോടെയാണ് നായകള്‍ മടങ്ങിയതെന്നും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

കൂടാതെ സമാനമായ രീതിയിൽ കണ്ണൂരില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ നിന്ന് മൂന്നര വയസുകാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കണ്ണൂര്‍ മട്ടന്നൂരിനടുത്‌ നീര്‍വേലിയിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന മൂന്നര വയസുകാരി ആയിശയാണ് തെരുവ് നായകളുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

തൃശ്ശൂരിൽ തെരുവുനായ ആക്രമിച്ചതിനെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് വീണ വിദ്യാര്‍ഥിക്ക് പരുക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകന്‍ എന്‍ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്. കുട്ടിയുടെ മൂന്ന് പല്ലുകള്‍ അടര്‍ന്ന് പോവുകയും മുഖത്ത് മുറിവേല്‍ക്കുകയും ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സൈക്കിള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് വീഴുകയായിരുന്നു. വിദ്യാര്‍ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.