സിനിമ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ എല്ലാ ഭാഷയിലും പണ്ട് തൊട്ടേ പുറത്തു വരാറുണ്ട്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇത്തരം ഗോസിപ്പ് വാർത്തകളുടെ പ്രചരണം. താരങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വാര്‍ത്തകള്‍ എന്ന നിലയില്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചർച്ചയാകാറുണ്ട്. അത്തരത്തിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന രണ്ട് പേരാണ് തെലുഗു നടി രശ്മിക മന്ദനയുടേയും നടൻ വിജയ് ദേവരകൊണ്ടയുടേതും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള കിംവദന്തി പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. വെറുതെ കിംവദന്തികൾ പ്രചരിക്കുക മാത്രമല്ല അത് ശരിവെക്കുന്ന തരത്തിലുള്ള ഫോട്ടോകളും മറ്റും പുറത്ത് വന്നിട്ടുമുണ്ട്. ബോളിവുഡ് നടൻ രൺബീർ കപൂറിന്റെ വരെ നായികയായി രശ്മിക മന്ദാന അഭിനയിച്ചിട്ടുണ്ടെങ്കിലും ആരാധകർക്ക് എന്നും ഇഷ്ടം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം രശ്മിക മന്ദന സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള കെമിസ്ട്രി തന്നെയാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ സിനിമ ഗീത ഗോവിന്ദത്തിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെ ഇരുവരുടെയും വിവാഹ നിശ്ചയം ഈ വരുന്ന ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി സിനിമാ മേഖലയിൽ നിന്നും പുറത്തു വരുന്നത്.
ഫെബ്രുവരി രണ്ടാം വാരം വിവാഹ നിശ്ചയം നടക്കുമെന്നാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വാർത്ത വൈറലായതോടെ ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് അന്വേഷിക്കുകയാണ് ആരാധകർ ഇപ്പോൾ. ഇരുവരുടെയും വിവാഹ നിശ്ചയത്തിന് വീട്ടുകാർ സമ്മതം മൂളിയതായും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി രണ്ടാം വാരത്തിൽ വിവാഹ നിശ്ചയത്തിനു ശേഷം തങ്ങളുടെ ബന്ധം പരസ്യമാക്കാൻ താരങ്ങൾ പദ്ധതിയിടുന്നുണ്ട്. 2018ന് ശേഷമാണ് രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട ജോഡി വാർത്തകളിൽ നിറയാനും ഇവരുടെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികൾ പ്രചരിക്കാനും തുടങ്ങിയത്. മാത്രമല്ല ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഇരുവരെയും പാപ്പരാസികൾ കണ്ടിരുന്നു. ആ കൂടിക്കാഴ്ച താരങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ തീയതി ചർച്ച ചെയ്യാൻ വേണ്ടിയുള്ളതായിരുന്നുവെന്നാണ് അന്ന് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇരുവരും ഒരുമിച്ച് മാൽഡീവ്സിൽ അവധി ആഘോഷിക്കാൻ പോയി എന്നതരത്തിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി രശ്മികയും വിജയിയും ലിവിങ് റിലേഷൻഷിപ്പിലാണെന്നും വാർത്തകൾ ഉണ്ടായിരുന്നു. അതുപോലെ തന്നെ വിജയ് വേദരകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് നടി അനന്യ പാണ്ഡെയും വെളിപ്പെടുത്തിയിരുന്നു. ലിഗര്‍ എന്ന സിനിമയിലൂടെ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒരുമിച്ച് അഭിനയിച്ചിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ പങ്കെടുത്തിരുന്നു
പരിപാടിയുടെ അവതാരകനായ കരണിന്റെ ചോദ്യത്തിന് മറുപടി പറയവെ വിജയ് പ്രണയത്തിലാണെന്ന് അനന്യ സമ്മതിച്ചു. ചോദ്യത്തിന് അവിവ്യക്തമായിട്ടുള്ള ഉത്തരമാണ് അനന്യ പറഞ്ഞതെങ്കിലും അത് രശ്മികയാണെന്ന് ആരാധകരും അന്ന് മുതൽ ഉറപ്പിച്ചു. അർജുൻ റെഡ്ഡിയുടെ റിലീസിനുശേഷമാണ് വിജയ് ദേവരകൊണ്ട താരമൂല്യമുള്ള നടനായി മാറിയത്. രശ്മികയ്ക്ക് സിനിമാ ജീവിതം മെച്ചപ്പെട്ട് തുടങ്ങിയത് ഗീതഗോവിന്ദത്തിന്റെ റിലീസിനു ശേഷമാണ്. ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും നല്ല സുഹൃത്തുക്കളായത്. ഈ ചിത്രം ഹിറ്റായതിന് ശേഷം ഈ കൂട്ടുകെട്ടിൽ ഡിയർ കൊമ്രേഡ് എന്ന സിനിമ എത്തിയിരുന്നു. ഈ സിനിമ കാര്യമായ നേട്ടം കൊയ്തില്ല. എങ്കിലും ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞില്ല. മിക്കവാറും എല്ലാ ആഘോഷങ്ങളിലും രശ്മിക വിജയുടെ വീട്ടിൽ വരാറുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ സംസാരം. സമാന്ത റൂത്ത് പ്രഭുവിനൊപ്പം അഭിനയിച്ച ഖുഷി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയുടേതായി അവസാനമായി റിലീസ് ചെയ്തത്. പരശുറാം പെറ്റ്‌ല സംവിധാനം ചെയ്യുന്ന ഫാമിലി സ്റ്റാറാണ് ഇനി റിലീസിനെത്താനുള്ള വിജയ് ദേവര കൊണ്ട സിനിമ