നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ഫോൺ സംഭാഷണം പുറത്ത്. കേസിലെ സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോൾ നടക്കുന്നതെന്ന് അന്വേഷിക്കാനാണ് പൾസർ സുനി ജിൻസനെ വിളിച്ചതെന്ന് സംഭാഷണത്തിൽ നിന്ന് വ്യക്തമാകുന്നതായി വിവിധ മാധ്യമങ്ങൾ റി്‌പ്പോർട്ട് ചെയ്യുന്നു.

സംവിധായകൻ ബാലചന്ദ്ര കുമാറിനെ മൂന്നിലേറെ തവണ കണ്ടതായി പൾസർ സുനി സംഭാഷണത്തിൽ പറയുന്നുണ്ട്. ദിലീപിന്റെ ആലുവയിലെ വീട്ടിൽ വെച്ചും ഹോട്ടലിൽ വെച്ചും പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടും ബാലചന്ദ്ര കുമാറിനെ കണ്ടതായി പൾസർ സുനി പറയുന്നു. എന്നാൽ ബാലചന്ദ്ര കുമാർ മാത്രമല്ല ഇനിയും ആളുകൾ പുറത്തുവരാനുണ്ടെന്നും ബാലചന്ദ്ര കുമർ ഇവരുമായി എങ്ങന തെറ്റിയെന്നും പൾസർ സുനി ചോദിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് പത്രത്തിൽ വരുന്ന വിവരങ്ങൾ മാത്രമാണ് അറിയാൻ സാധിക്കുന്നതെന്ന് പൾസർ സുനി പറയുന്നു. വിഷയം ഇപ്പോൾ വലിയ ചർച്ചയാണെന്നും പുനരന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമങ്ങൾ പറയുന്നതെന്നാണ് ജിൻസന്റെ മറുപടി. ബാലചന്ദ്ര കുമാറും ദിലീപിന്റെ സഹോദരൻ അനൂപും താനും കാറിൽ യാത്ര ചെയ്തിട്ടുണ്ടെന്നും സുനി പറയുന്നുണ്ട്.