ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടന്മാരില്‍ ഒരാളാണ് ഇന്ന് ഫഹദ് ഫാസിൽ . ഫഹദ് ഫാസിലിനെ തങ്ങളുടെ സിനിമയില്‍ എത്തിക്കാനായി കാത്തിരിക്കുകയാണ് പല സംവിധായകരും എന്ന് തന്നെ പറയാം. ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഏജന്റ് അമർ എന്ന വില്ലൻ കഥാപാത്രമായാണ് വിക്രത്തിൽ ഫഹദ് എത്തിയത്. ഇപ്പോഴിതാ ഫഹദിനെ കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഫഹദിനെ വെച്ച് ഒരു സിനിമ ചെയ്യാൻ താൻ ആലോചിച്ചിരുന്നു എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്. ലോകേഷിന്റെ ഈ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച .
സൂര്യയെ നായകനാക്കി ഇരുമ്പ് കൈ മായാവി എന്നൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നെങ്കിലും പലകാരണങ്ങളാലും അന്ന് അത് നടന്നില്ല എന്നും എല്‍സിയു തിരക്കുകള്‍ക്കിടയില്‍ നിന്ന് ഇടവേള ലഭിച്ചാല്‍ ഒരു സിനിമ ചെയ്യണമെന്നും ഫഹദ് ഫാസിലാണ് തന്‍റെ മനസിലെ നായകനെന്നും ലോകേഷ് ലിയോ പ്രൊമോഷന്‍ അഭിമുഖത്തിനിടെ പറഞ്ഞു. മഫ്തി എന്ന പേരിൽ ഒരു കഥ ഫഹദിനെ വെച്ച് ചെയ്യാൻ ആലോചിച്ചിരുന്നതായാണ് ലോകേഷ് കനകരാജ് വ്യക്തമാക്കിയത്. ഒരു പൊലിസ് ഓഫീസറിന്റെ കഥയായിരുന്നു. മഫ്തിയിലെ നായകനായ പൊലീസ് ഓഫീസർ തന്റെ യൂണിഫോം സൈസ് വലുതായതിനാൽ ചെറുതാക്കാൻ ട്രെയിലർ ഷോപ്പിലേക്ക് പോകുകയും രണ്ട് മണിക്കൂറോളം കാത്തിരിക്കുകയും ചെയ്യുന്നു. ആ രണ്ട് മണിക്കുറിലെ സംഭവമാണ് സിനിമയാക്കാൻ ആലോചിച്ചിരുന്നത് എന്നും ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിരുന്നു. പക്ഷെ ആ സിനിമ എപ്പോള്‍ ചെയ്യാനാകുമെന്ന് തനിക്ക് അറിയില്ലെന്നും തുടര്‍ച്ചയായി പല ബിഗ് ബജറ്റ് സിനിമകളും ഇനി ചെയ്യാനുണ്ട് എന്നും ചിലപ്പോള്‍ തന്‍റെ സഹസംവിധായകര്‍ ആരെങ്കിലും ആ സിനിമ ചെയ്തെക്കുമെന്നും ലോകേഷ് പറഞ്ഞു. എന്നാൽ നടൻ ഫഹദ് ആ സിനിമയിൽ നായകനാകാൻ സമ്മതിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ലോകേഷ് കനകരാജ് വെളിപ്പെടുത്തിയിട്ടില്ല.ലിയോയിൽ ഫഹദുണ്ടോ എന്ന് അറിയാനും സംവിധായകന്റെ ആരാധകർ കാത്തിരിക്കുകയാണ്.
അതിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്ന് സംവിധായകൻ ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കുകയും ചെയ്തു. തൊട്ടതെല്ലാം പൊന്നാക്കിയ ലോകേഷ് വിജയ് ചിത്രം ലിയോക്ക് ശേഷം ചെയ്യാന്‍ പോകുന്ന സിനിമകളെ കുറിച്ചും കൃത്യമായ ബോധ്യമുള്ളയാളാണ്. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന ലോകം സൃഷ്ടിച്ചെടുത്ത അദ്ദേഹം തമിഴിലെ മുന്‍നിര നടന്മാരുടെ താരമൂല്യവും അഭിനയശേഷിയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന തരത്തിലാണ് ഓരോ സിനിമയും പ്ലാന്‍ ചെയ്യുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്‍റെതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ലോകേഷ് കനകരാജ്. മാനനഗരം, കൈതി, മാസ്റ്റര്‍, വിക്രം, ഇപ്പോഴിതാ ലിയോ. സൂപ്പര്‍ താരങ്ങളും വമ്പന്‍ സംവിധായകരും ഒരു പോലെ തേടിച്ചെല്ലുന്ന തമിഴിലെ ഏറ്റവും ഡിമാന്‍ഡ് ഉള്ള സംവിധായകനാണ് ലോകേഷ് ഇന്ന്. ലിയോയ്ക്ക് ശേഷം രജനികാന്ത് നായകനാകുന്ന തലൈവര്‍ 171, കൈതി 2, വിക്രം 2, റോളക്സ് നായകനാകുന്ന സ്റ്റാന്‍ഡ് എലോണ്‍ സിനിമ എന്നിവയാണ് ലോകേഷിന്‍റെ വരും പ്രൊജക്ടുകള്‍