കുഞ്ഞുങ്ങളുടെ ഉള്ളിലെ ഭയവും സംഘര്‍ഷങ്ങളും പരിഭവങ്ങളും ഒഴിവാക്കി ചിരി പടർത്താൻ കേരള പൊലീസ് ആരംഭിച്ച ഓണ്‍ലൈൻ കൗണ്‍സലിംഗ് പദ്ധതിയാണ് ചിരി. കൊല്ലം ജില്ലയിലും ഈ പദ്ധതി ശ്രദ്ധേയമാവുകയാണ്. 2020ല്‍ കൊവിഡ് കാലത്ത് ആരംഭിച്ച പദ്ധതി 2020ല്‍ തന്നെയാണ് കൊല്ലം ജില്ലയിലും നടപ്പിലാക്കിയത്.

എന്താണ് ചിരി എന്നല്ലേ കുട്ടികള്‍ക്ക് വിളിക്കാനായുള്ള ഏകീകൃത ഹെല്‍പ്പ് ഡെസ്ക് നമ്പർ പദ്ധതിയാണ് ചിരി. കുട്ടികളിലെ മാനസിക സംഘര്‍ഷം കുറയ്ക്കുക, അവരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുക, ആപത് ഘട്ടങ്ങളില്‍ സഹായം നൽകുക , സുരക്ഷിതവും ആഹ്ളാദകരവുമായ ബാല്യം ഉറപ്പാക്കുക എന്നിവയാണ് ചിരിയുടെ ലക്ഷ്യം തിരുവനന്തപുരത്തെ ചില്‍ഡ്രൻ ആൻഡ് പൊലീസ് ഹൗസാണ് ചിരിയുടെ ആസ്ഥാനം.കോള്‍ വിവരങ്ങള്‍ അതാത് ജില്ലകളിലെ കേന്ദ്രങ്ങളിലേക്ക് കൈമാറും. 2022 ജനുവരി മുതല്‍ ഈ കഴിഞ്ഞ മാസം വരെ അതായത് 2023 ജൂണ്‍ വരെ കൊല്ലം ജില്ലയില്‍ നിന്ന് 1697 കുട്ടികളാണ് കൗണ്‍സലിംഗിനായും പരാതികള്‍ പറയാനുമായി ചിരിയുടെ ഹെല്‍പ്പ് ഡെസ്കിലേക്ക് വിളിച്ചത്.

എല്ലാ പരാതികള്‍ക്കും നടപടി സ്വീകരിച്ചതായും ചിരിയുടെ ജില്ലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട് ജില്ലയിലെ ചിരിയുടെ നോഡല്‍ ഓഫീസര്‍ പദവി കൈകാര്യം ചെയ്യുന്നത് അഡീഷണല്‍ എസ്.പിയാണ്. ജില്ലയിലെ ചിരിയുടെ കോര്‍ ടീമിൽ ഒരു അസിസ്റ്റന്റ് നോഡല്‍ ഓഫീസറും , രണ്ട് കൗണ്‍സിലര്‍മാരും , ഒരു സൈക്കോളജിസ്റ്റും ഉണ്ടാകും. കൊല്ലം ജില്ലയിലെ ചിരി ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ.എസ്.ബിനു ആണ്.ആത്മഹത്യ പോലുള്ള അനിഷ്ട സംഭവങ്ങള്‍ നടന്ന വീട്ടിലെ കുട്ടികള്‍ക്ക് ചിരി സംഘം നേരിട്ട് വീടുകളിലെത്തിയാണ്‌ കൗണ്‍സലിംഗ് നല്‍കുന്നത്.കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ കഴിയാത്ത വിഷമവും പഠനോപകരണങ്ങളുടെ ലഭ്യതക്കുറവുമാണ് പരാതികളിൽ ഏറെയും. പിന്നീട് ഗൗരവമേറിയ പരാതികള്‍ പറയാനും മാനസിക പിൻബലത്തിനായി വിളിക്കുന്ന കുട്ടികളുടെയും എണ്ണം കൂടി വരുന്നുണ്ട്.പരീക്ഷാ സമയത്താണ് കുടുതല്‍ വിളികള്‍ വരുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എഴ് മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് കൂടുതലും സഹായം തേടി വിളിക്കുന്നത്. യാത്രാ ബുദ്ധിമുട്ടും തെരുവുനായ ശല്യവും വരെ വിളിച്ചുപറയുന്നവരും ഈ കൂട്ടത്തിലുണ്ട്. സംസ്ഥാനത്താകെ ചിരി ഹെല്‍പ്പ് ഡെസ്കിലേക്ക് വിളിച്ച് സഹായം തേടിയ കുട്ടികളില്‍ നിന്ന് ഏഴ് പോക്സോ കേസുകളുടെ വിവരങ്ങളാണ് ലഭ്യമായത്. ഇതില്‍ ഒരെണ്ണം കൊല്ലം ജില്ലയിലാണ്.