മലയാളത്തില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് ബീന കുമ്പളങ്ങി. ഒരുപക്ഷെ ഈ ഒരു പേര് കേട്ടാൽ അധികമാർക്കും മനസ്സിലായെന്നു വരില്ല. എന്നാൽ നിരവധി ഹാസ്യ രംഗങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച നടി കൂടിയാണ് ബീന. ദിലീപും കാവ്യാ മാധവനും നായികാ നായകന്മാരായി എത്തിയ സദാനന്ദന്റെ സമയം എന്ന ചിത്രത്തിലെ  വെടിക്കെട്ട് ജാനു എന്ന കഥാപാത്രം ആരും മറക്കാനിടയില്ല. ആ കഥാപാത്രത്തെ രസകരമായി അവതരിപ്പിച്ചത് കുമ്പളങ്ങി ബീന ആണ്. എന്നാലിപ്പോൾ  അറുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ബീന ആശ്രയിക്കാന്‍ ആരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു. അങ്ങനെ താരസംഘടനയായ അമ്മ ഒരു വീട് നിര്‍മ്മിച്ച് നല്‍കുകയും പെന്‍ഷന്‍ കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. ഇപ്പോള്‍ ആ വീട് പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോരേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. തന്റെ അനിയത്തിയും കുടുംബവും വീട്ടില്‍ താമസിക്കുകയും ആ വീട് വേണമെന്ന് പറഞ്ഞ് മാനസികമായി ഉപദ്രവിച്ചുവെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ നടി ബീന കുമ്പളങ്ങി അറിയിച്ചിരിക്കുന്നത്. ഒപ്പം നടി സീമ ജി നായരും ഉണ്ടായിരുന്നു. നടിയുടെ വാക്കുകളിങ്ങനെയാണ്. മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കില്‍ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന പറഞ്ഞിരുന്നു. അങ്ങനെ ഇളയ സഹോദരന്‍ മൂന്ന് സെന്റ് സ്ഥലം തന്നു. അതില്‍ സംഘടന എനിക്ക് വീട് വെച്ച് തരികയും ചെയ്തു. എന്റെ അനിയത്തി വാടക വീട്ടിലും മറ്റുമായി താമസിക്കുകയായിരുന്നു. അവള്‍ക്കൊരു സഹായമാവുമല്ലോ എന്ന് കരുതി എന്റെ വീട്ടില്‍ താമസിക്കാന്‍ സമ്മതിച്ചു.

പക്ഷേ രണ്ടാഴ്ച മുതല്‍ ആ വീട് അവരുടെ പേരില്‍ എഴുതി കൊടുക്കാന്‍ പറഞ്ഞ് പ്രശ്‌നമായി. സഹോദരിയും അവളുടെ ഭര്‍ത്താവും ചേര്‍ന്ന് എന്നെ മാനസികമായി അത്രത്തോളം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഞാന്‍ ആത്മഹത്യ ചെയ്ത് പോയേനെ. അത്രത്തോളം സംഭവങ്ങളാണ് എന്റെ വീട്ടില്‍ നടന്നത്. അതുകൊണ്ട് ഞാനവിടെ നിന്നും ഇറങ്ങി വരികയും നടി സീമ ജി നായരെ വിളിക്കുകയുമായിരുന്നു. എനിക്ക് വേറെ വീടോ മറ്റ് നിവൃത്തിയോ ഇല്ലാത്തതിനാല്‍ ഒരു അനാഥാലയത്തിലേക്ക് എന്നെ കൊണ്ട് പോവുകയാണെന്നും നടി ബീന കുമ്പളങ്ങി പറയുന്നു. വിഷയത്തെ കുറിച്ച് നടി സീമ ജി നായരും സംസാരിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി ചേച്ചി ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. പക്ഷേ ഇത്തരം വിഷയങ്ങളില്‍ നമുക്ക് പെട്ടെന്ന് കയറി ഇടപെടുന്നതിന് ഒരു പരിധിയുണ്ട്. എന്നാല്‍ ചേച്ചി വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന അവസ്ഥയിലാണെന്ന് പറഞ്ഞപ്പോഴാണ് ഇതില്‍ ഇടപെടുന്നത്. താന്‍ രക്ഷാധികാരി കൂടിയായ ജനസേവ കേന്ദ്രത്തിലേക്ക് അവരെ മാറ്റുകയാണ്. അവിടെയുള്ളവര്‍ നടിയെ ഏറ്റെടുക്കാമെന്ന് അറിയിച്ച് വന്നിട്ടുണ്ട്. ഇനിയുള്ള ബാക്കി ജീവിതം വളരെ സമാധാനത്തോടെ ചേച്ചിയ്ക്ക് അവിടെ കഴിയാം.

ഇതുവരെ ചേച്ചിയ്ക്ക് ഭക്ഷണവും മരുന്നും ഒന്നുമില്ലായിരുന്നു. ഒരുപാട് അസുഖങ്ങളൊക്കെ ഉള്ള ആളാണ്. ചേച്ചി ആകെ കരച്ചിലായിരുന്നു. അത്രയും വേദനയില്‍ നില്‍ക്കുകയാണ്. അമ്മ സംഘടന നിര്‍മ്മിച്ച് നില്‍കിയ വീടാണ്. പക്ഷേ അവിടെ പുള്ളിക്കാരിയ്ക്ക് മനസമ്മാധാനത്തോടെ ജീവിക്കാന്‍ പറ്റുന്നില്ല. പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. ആ വീട് അവര്‍ക്ക് എഴുതി കൊടുക്കണമെന്നാണ് പറയുന്നത്. ചേച്ചിയ്ക്ക് മൂന്നാലഞ്ച് സഹോദരന്മാരുണ്ട്. അവരില്‍ ആര്‍ക്കാണ് വീടെന്ന് പിന്നീട് ചേച്ചിയ്ക്ക് എഴുതി കൊടുക്കാവുന്നതാണ്. പക്ഷേ ഇപ്പോള്‍ തന്നെ വേണമെന്ന് പറയുകയും അതിനൊപ്പം മാനസിക പീഢനം കൂടി വന്നതോടെയാണ് ചേച്ചി ആകെ തളര്‍ന്ന് പോയത്. വീട് വെക്കുന്ന അന്ന് മുതല്‍ തുടങ്ങിയ പ്രശ്‌നമാണ് അവിടെ. പിന്നീട് വല്ലാത്തൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഇപ്പോള്‍ ബീന ചേച്ചിയുടെ ആരോഗ്യവസ്ഥയൊക്കെ വളരെ മോശമാണെന്നും സീമ ജി നായര്‍ പറയുന്നു. പതിനെട്ട് വയസില്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയതാണ്. എന്റെ കുടുംബത്തിലുള്ളവരെ ഒക്കെ പഠിപ്പിച്ച് ഒരു നിലയില്‍ എത്തിച്ചു. അവസാനമായപ്പോഴും എനിക്ക് ഒന്നുമില്ല. ഞാനുടുത്ത വസ്ത്രം പോലും മുറിച്ചെടുക്കുന്ന ആള്‍ക്കാരാണ് അവിടെയുള്ളത്. ഞാന്‍ ശരിക്കും രക്ഷപ്പെട്ട് പോന്നതാണ്. സീമ ഫോണ്‍ എടുത്തില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ എന്നുമാണ് ബീന കുമ്പളങ്ങി പറയുന്നത്. അതേസമയം വർഷങ്ങൾക്ക് മുൻപ് കലാഭവനിൽ കുറച്ചുനാളത്തെ നൃത്തപഠനം ചെയ്തിട്ടുണ്ട് ബീന. അതിനു ശേഷമാണ് സിനിമയിൽ എത്തുന്നത്. ചാപ്പ, കള്ളൻ പവിത്രൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയിൽ ശ്രദ്ധേയയാക്കിയത്.  പിന്നീട് വിവാഹിതയായ ബീന കുറേക്കാലം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നു. ഷാർജ ടു ഷാർജ,  കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ചിലർ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു