ആറാട്ടണ്ണൻ എന്ന് അറിയപ്പെടുന്ന സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ എല്ലാവർക്കും സുപരിചിതനാണ് . മോഹൻലാൽ നായകനായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതിന് പിന്നാലെയാണ് ഇയാളെ ആറാട്ടണ്ണൻ എന്ന് സോഷ്യൽ മീഡിയ വിളിക്കാൻ തുടങ്ങിയത്. പല താരങ്ങൾക്ക് എതിരേയും വിവാദപരമായ പരാമർശങ്ങൾ സന്തോഷ് വർക്കി നടത്തിയിട്ടുണ്ട്. ഇപ്പോൾ സന്തോഷ് വർക്കിയെ കൊണ്ട് സോഷ്യൽമീഡയയിൽ കൂടി മാപ്പ് പറയിച്ചിരിക്കുകയാണ് നടൻ ബാല. ഇതിന്റെ വീഡിയോ ബാല ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുമുണ്ട്. മോഹൻലാൽ ഉൾപ്പെടെ ഉള്ള താരങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് മാപ്പ് പറയിപ്പിച്ചത്. ബാലയെ കാണാൻ എത്തിയതായിരുന്നു സന്തോഷ്. പതിവ് രീതിയിലല്ല സംസാരിക്കുന്നതെന്നും ഒത്തിരി നാളായി മനസ്സിൽ ഒരു വിഷമം ഉണ്ടായിരുന്നു എന്ന് പറഞ്ഞാണ് ബാല വീഡിയോ തുടങ്ങുന്നത്. തന്നെ തേടി സന്തോഷ് വർക്കി എത്തിയ കാര്യവും ബാല പറയുന്നു. ഈ വീഡിയോ എടുക്കുന്നതിന് മുമ്പ് താനും സന്തോഷ് വർക്കിയും കുറച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നെന്നും ബാല പറയുന്നു. പുള്ളിയുടെ മനസ്സിലുള്ള കാര്യങ്ങൾ തന്നോട് തുറന്നുപറഞ്ഞെന്നും ബാല പറയുന്നു. ഇതിന് പിന്നാലെ ബാല സന്തോഷ് വർക്കിയോട് സംസാരിക്കുകയാണ്. ഒരു നടനെക്കുറിച്ച് സംസാരിക്കാമെന്നും അയാളുടെ സിനിമയെക്കുറിച്ച് സംസാരിക്കാമെന്നും എന്നാൽ അയാളുടെ വ്യക്തിപരമായ കാര്യം സംസാരിക്കാൻ നിങ്ങൾക്ക് അധികാരമില്ലെന്നും ബാല പറയുന്നു. മോഹൻ ലാലിനെക്കുറിച്ച് മോശമായി സംസാരിച്ചു. ഇതിൽ എന്തെങ്കിലും കാര്യം നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടോ .

അത് തെറ്റാണോ അല്ലയോ എന്നും ബാല ചോദിക്കുന്നു. താൻ ചെയ്ത തെറ്റ് സന്തോഷ് വർക്കി സമ്മതിക്കുന്നുമുണ്ട്. ഇതിന് ശേഷമാണ് സന്തോഷിനോട് മാപ്പ് പറ എന്ന് ബാല പറഞ്ഞത്. ആദ്യം ആരോടാണ് പറയേണ്ടത് എന്ന് ബാല ചോദിച്ചപ്പോൾ ലാൽ സാറിനോട് ആണ് എന്ന് സന്തോഷ് പറഞ്ഞത്. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയോട് ആണെന്നാണ് ബാല പറയുന്നത്. ഒരു നടിക്കെതിരെ സന്തോഷ് നടത്തിയ പരാമർശത്തെക്കുറിച്ചും ബാല ചോദിക്കുന്നുണ്ട്.സന്തോഷ് വർക്കി ബോഡി ഷേയ്മിംഗ് നടത്തിയെന്നും വളരെ അസ്വസ്ഥതപ്പെടുത്തുന്ന വാക്കുകളാണ് സന്തോഷ് പറഞ്ഞതെന്നും ബാല പറയുന്നു. ആ നടിയെ കുറിച്ച് പറയുമ്പോൾ നിങ്ങളുടെ വാക്കുകൾ മോശമായിരുന്നുവെന്നും ബാല പറയുന്നു. നിങ്ങൾ വൈറൽ അല്ലേ.ഇത് കുട്ടികളും നിങ്ങളുടെ അമ്മയുമൊക്കെ കാണില്ലേ എന്നും ബാല ചോദിക്കുന്നു. തുടർന്നാണ് എല്ലാവരോടും സന്തോഷ് മാപ്പ് ചോദിച്ചത്. ഇന്ദ്രന്‍സ് നായകനായ വിത്ത് ഇന്‍ സെക്കന്റ്സ് സിനിമയ്‌ക്കെതിരെ റിവ്യൂ പറഞ്ഞതിന് പിന്നാലെ ഇയാൾക്ക് തിയറ്ററിൽ വെച്ച് അടി കിട്ടിയിരുന്നു. സിനിമ കാണാതെയാണ് സന്തോഷ് റിവ്യൂ പറഞ്ഞതെന്ന് പറഞ്ഞായിരുന്നു മർദ്ദനം.