കഴിഞ്ഞ ദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പും അതുപോലെ ജനറൽ ബോഡി യോഗവും നടന്നത്. അമ്മയുടെ ജനറൽ ബോഡി യോഗത്തിലേക്കും ചർച്ചയിലേക്കും മാധ്യമങ്ങൾക്ക് ക്ഷണം ഉണ്ടായിരുന്നില്ല.
എന്നാൽ, നടൻ ഷമ്മി തിലകൻ അമ്മയുടെ ജനറൽ ബോഡി യോഗം മാധ്യമങ്ങളിൽ പകർത്താൻ ശ്രമിച്ചെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇത്തരത്തിൽ ശ്രമം നടത്തിയ ഷമ്മി തിലകന് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. യോഗ നടപടികൾ ഷമ്മി തിലകൻ മൊബൈലിൽ പകർത്തുന്നത് കണ്ട ഒരു താരം ഇക്കാര്യം ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് അമ്മയിലെ നിരവധി അംഗങ്ങൾ അച്ചടക്ക ലംഘനം നടത്തിയ ഷമ്മിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. തൽക്കാലം താക്കീത് മാത്രമാണ് നൽകിയത്. അതേസമയം, നടപടി എടുക്കണമെന്ന നിലപാടിൽ ഭൂരിഭാഗം അംഗങ്ങളും ഉറച്ചു നിൽക്കുകയാണ് .
അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിൽ ഉള്ളത്. ജനറൽ ബോഡിയിലും വോട്ടെടുപ്പിലും 316 അംഗങ്ങളാണ് പങ്കെടുത്തത്. ഇത്തവണയും മോഹൻലാൽ തന്നെയാണ് അമ്മയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.