സിനിമാ സീരിയൽ നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ എന്ന വാർത്തയാണ് കുറച്ചു മണിക്കൂറുകളായി പുറത്തു വരുന്നത്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 35 വയസായിരുന്നു. രണ്ടാം ക്‌ളാസിൽ പഠിക്കുന്ന ഒരു മകളുണ്ട് രഞ്ജുഷയ്ക്ക്. മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശ്രീകാര്യത്തെ നടിയുടെ ഫ്ലാറ്റിൽ ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. ഒരു താരത്തെ നഷ്‌ടമായി അധികനാൾ തികയും മുൻപേ മറ്റൊരു അഭിനേത്രി കൂടി മലയാളി പ്രേക്ഷകർക്ക് മുന്നിൽ നിന്നും വിടവാങ്ങിയിരിക്കുകയാണ്. സമാന രീതിയിൽ തന്നെ  ആയിരുന്നു നടി അപർണ നായരുടെയും വിയോഗം. തൊട്ടടുത്ത് തന്നെ രഞ്ജുഷ മേനോനെയും വിധി കവർന്നെടുത്തു. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് നടിയെ കണ്ടെത്തിയത്.രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട് രജ്ഞുഷ മേനോന്റെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീകാര്യത്തെ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു രജ്ഞുഷ മേനോനും ഭർത്താവും. കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായിട്ടാണ് തന്റെ മിനിസ്ക്രീൻ കരിയർ ആരംഭിച്ചത്. മലയാള ടെലിവിഷൻ സീരിയലുകളിൽ നിന്നും സിനിമയിലെത്തിയ നടിയാണ് രഞ്ജുഷ മേനോൻ. സ്ത്രീ എന്ന സീരിയലിലൂടെയാണ്  മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിക്കുന്നത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെയാണ് രഞ്ജുഷ മേനോൻ  പ്രശസ്തയാകുന്നത്. നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവിൽ കൗമുദി ചാനലിൽ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന വരൻ ഡോക്ടറാണ്, ആനന്ദരാ​ഗം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിലെ  മുപ്പതോളം സീരിയലുകളില്‍ അവര്‍ വേഷമിട്ടിരിന്നു. സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ്,ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും മഞ്ജുഷ മേനോൻ  പ്രവർത്തിച്ചിരുന്നു നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ മേനോൻ സെന്റ് തെരേസാസ് കോളേജിൽ നിന്നും ഇംഗ്ലീഷ് പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്. പഠന കാലങ്ങളിൽ യൂത്ത് ഫെസ്റ്റിവലിലെ മറ്റും സജീവമായിരുന്നു രഞ്ജുഷ.

വിശ്വാസിയായതു കൊണ്ട് എല്ലാ മാസവും തിരുപ്പതി ദർശനം നടത്തുന്ന പതിവുമുണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ രഞ്ജുഷ മേനോൻ വളരേ  സജീവമായിരുന്നു. രഞ്ജുഷയുടെ ഇൻസ്റ്റഗ്രാം പേജിൽ നിറയെ സന്തോഷം മാത്രമാണ്. ഇതിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീൽസും മാത്രമാണ് ഉള്ളടക്കം. സുഹൃത്തുക്കളോടൊപ്പമുള്ള ഫോട്ടോകളും റീലുകളും ഒക്കെ ന‌ടി പങ്കുവെയ്ക്കാറുമുണ്ടായിരുന്നു. ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നുള്ള രസകരമായ നിമിഷങ്ങളാണ് രഞ്ജുഷ മേനോൻ പങ്കുവെക്കുന്ന പോസ്റ്റുകളിൽ കൂടുതലും. ഇൻസ്റ്റഗ്രാമിൽ രഞ്ജുഷയും നടി ശ്രീദേവി അനിലും കൂടിയുള്ള രസമുള്ള റീൽസ് ആണ് പ്രധാന ഉള്ളടക്കം. ഇതിൽ ശ്രീദേവി പോസ്റ്റ് ചെയ്യുന്നതിനൊപ്പം രഞ്ജുഷയെ ടാഗ് ചെയ്‌തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഒടുവിലത്തെ പോസ്റ്റ്  എന്നാൽ ഫേസ്ബുക്കിൽ അത്ര സന്തോഷവതിയായി രഞ്ജുഷയെ കാണാൻ സാധ്യമല്ല. അവസാന പോസ്റ്റുകളിൽ വിഷാദം, വിശ്വാസം, പിന്തുണ മുതലായ വിഷയങ്ങൾ സംബന്ധിച്ച പോസ്റ്റുകളാണുള്ളത്. ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോൾ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാൻ തനിയെയല്ല, ഞാൻ ഒന്നുമല്ല’ എന്നർത്ഥമാക്കുന്ന ഒരു പോസ്റ്റ് പേജിൽ വന്നത് ഒക്ടോബർ 16ന്. ഇതിനു ശേഷം രണ്ടു പോസ്റ്റുകൾ കൂടി വന്നിരുന്നു. വിഷാദ ലുക്ക് ഉള്ളതുകൊണ്ട് അതുമായി ബന്ധപ്പെട്ട റോളുകൾ സംവിധായകർ തന്നിരുന്നു എന്ന് രഞ്ജുഷ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. കുറച്ചു വർഷങ്ങൾക്ക് മുൻപ് മാത്രമാണ് നെഗറ്റീവ് വേഷങ്ങൾ കിട്ടിത്തുടങ്ങിയത്.ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.