മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. നിരവധി ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടതാണ് ലാൽ ജോസ് സിനിമകൾ. എല്ലാകാലത്തും ലാൽ ജോസ് സിനിമകൾക്ക് ആരാധകരുണ്ടാവാറുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളെയും യുവതാരങ്ങളെയും വെച്ച് ലാൽ ജോസ് ഹിറ്റുകൾ ഒരുക്കിയിട്ടുണ്ട്. അങ്ങനെ കരിയറിന്റെ തുടക്ക കാലത്ത് ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും ലാൽ ജോസ് സമ്മാനിച്ച ഹിറ്റ് സിനിമയാണ് വിക്രമാദിത്യൻ. രണ്ടുപേരുടെയും കരിയറിലെ പ്രധാനപ്പെട്ട സിനിമകളിൽ ഒന്നാണ് ഇത്. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ അറിയാക്കഥകൾ പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. വിക്രം ആദിത്യൻ എന്നിങ്ങനെ രണ്ടു യുവാക്കളുടെ കഥ പറഞ്ഞ സിനിമയാണ് വിക്രമാദിത്യൻ. ചിത്രത്തിൽ ആദിത്യൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. എന്നാൽ ആ വേഷത്തിലേക്ക് ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെ ആയിരുന്നെന്ന് ലാൽ ജോസ് പറയുന്നു. അന്ന് സിനിമയുടെ കഥയിലും ചില മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്ന് ലാൽ ജോസ് പറഞ്ഞു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബിക്കഥ സിനിമയുടെ സമയത്ത് പറഞ്ഞ, കുട്ടികളെ വെച്ച് ചെയ്യാൻ ആലോചിച്ച സിനിമയാണ് വിക്രമാദിത്യൻ. ക്‌ളൈമാക്‌സിൽ മാത്രമൊരു സ്റ്റാർ വേണമെന്ന് ആയിരുന്നു. രണ്ടു കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള മത്സരമാണ് ഉദ്ദേശിച്ചിരുന്നത്. തുടക്കം കുട്ടികൾക്കിടയിലുള്ള മത്സരവും പിന്നീട് വലുതാകുമോൾ എസ്ഐ ടെസ്റ്റ് എഴുതുന്നതും ബാക്കി വിക്രമാദിത്യന്റെ ക്ളൈമാക്സ് പോലെയുമാണ് പ്ലാൻ ചെയ്തിരുന്നത്. ക്‌ളൈമാക്‌സിൽ ആണ് ഒരു സ്റ്റാർ വരിക. അത് ആദിത്യൻ എന്ന കഥാപാത്രമായിരിക്കും’
കുട്ടികാലം വെച്ച് മാക്സിമം ചെയ്തിട്ട് ക്‌ളൈമാക്‌സിൽ സ്റ്റാറിനെ കൊണ്ടുവരിക എന്നതായിരുന്നു ഉദ്ദേശം. പൃഥ്വിരാജുമൊക്കെയായി അന്ന് നല്ല സൗഹൃദമുള്ള സമയമാണ്. രാജുവിനോട് ഞാൻ ഈ കഥപറഞ്ഞു, ക്‌ളൈമാക്‌സിൽ ഒരു മൂന്ന് നാല് ദിവസം അഭിനയിക്കാമോ എന്ന് ചോദിച്ചു. കഥ ഇഷ്ടപ്പെട്ട രാജു ചെയ്തേക്കാം എന്ന് പറഞ്ഞു. മറ്റു സിനിമകൾക്കിടയിൽ ആണ് ഇക്കാര്യം സംസാരിച്ചിരുന്നത്. പിന്നീട് ഒരു ഘട്ടത്തിൽ ഇഖ്ബാൽ (തിരക്കഥാകൃത്ത് ഇഖ്ബാൽ കുറ്റിപ്പുറം) പറഞ്ഞു, നമുക്ക് ഇത് അങ്ങനെ ചെയ്യേണ്ട. കുട്ടികളുടെ കഥ മാത്രമായി കാണാൻ ചിലപ്പോൾ ആളുകൾക്ക് താൽപര്യമുണ്ടാകില്ല. ആ രണ്ടുപേരെ തന്നെ വെച്ച് മറ്റൊരു രീതിയിൽ ചെയ്യാം. അങ്ങനെയാണ് ഇപ്പോൾ കാണുന്ന വിക്രമാദിത്യനിലേക്ക് എത്തുന്നത്. എന്നാൽ അതിന്റെ ക്‌ളൈമാക്‌സിന്റെ ഇടയിലെ പോഷനുകൾ ഒന്നും എന്താണെന്ന് ഉറപ്പിച്ചില്ലായിരുന്നു.
നാടുവിട്ട് പോയ ശേഷം ആദിത്യന് എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. അനൂപ് മേനോനോട് കഥ പറയുമ്പോൾ ക്‌ളൈമാക്‌സ് പോഷൻ ശരിയാകാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷൂട്ടിങ് തുടങ്ങി വരുമ്പോഴേക്കും ശരിയാകുമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ സിനിമയുടെ കാസ്റ്റിങ് പൂർത്തിയായി. ദുൽഖറും ഉണ്ണി മുകുന്ദനും ചെയ്യാമെന്ന് ഏറ്റു. എന്നാൽ ഷൂട്ട് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് ദുൽഖർ എന്നെ വിളിച്ചു. ഷൂട്ട് അൽപം മാറ്റിവയ്ക്കാമോ എന്ന് ചോദിച്ചു. ഒരു സീൻ എങ്ങനെ ചെയ്യുമെന്ന് ഐഡിയ കിട്ടുന്നില്ലെന്ന് പറഞ്ഞു. ഒരാഴ്ച കൂടിയേ ഷൂട്ടിങ്ങിന് ഉള്ളു. മറ്റെല്ലാം കഴിഞ്ഞു. ഞാൻ കൂടെയുണ്ടല്ലോ അത് കൺവിൻസ്‌ഡ് ആകുമ്പോൾ ചെയ്താൽ മതി. ഷൂട്ടിനിടയ്ക്ക് ഡിസ്കസ് ചെയ്യാം, എടുക്കുമ്പോൾ ശരിയാകുമെന്ന് പറഞ്ഞ് സമ്മതിപ്പിച്ചാണ് ഷൂട്ട് തുടങ്ങിയത്. ഫോർട്ട്കൊച്ചിയിലാണ് കൊങ്കിണി അമ്പലവും മറ്റുമൊക്കെയായി ഷൂട്ട് ചെയ്തത്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിലാണ് ട്രെയിൻ രംഗങ്ങൾ ഷൂട്ട് ചെയ്തത്. ഓൾഡ് ഡൽഹിയിലാണ് ഡൽഹി പോഷൻ ഷൂട്ട് ചെയ്തത്. അപ്പോഴേക്കും ഇന്ന് കാണുന്ന രീതിയിൽ സിനിമയുടെ സ്ക്രിപ്റ്റും പൂർത്തിയായിരുന്നു’, ‘ഡബ്ബിങ് സമയത്ത് ക്ളൈമാക്സ് മുഴുവൻ അനൂപ് മേനോന് കാണിച്ചുകൊടുത്തിരുന്നു. ഇപ്പോൾ കൺവിൻസിംഗ് ആണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ഇറങ്ങി ഇത്ര വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും പലരും സിനിമയെ കുറിച്ച് പറയാറുണ്ട്. വളരെയധികം ഇൻസ്പെയർ ചെയ്ത സിനിമയാണെന്ന് പറഞ്ഞവരുണ്ട്’, ലാൽ ജോസ് പറയുന്നു.