അഭിനേത്രിയും അവതാരകയുമെല്ലാമായ പേളി മാണിക്കും നടനും ഭർത്താവുമായ ശ്രീനിഷ് അരവിന്ദിനും ഇപ്രാവശ്യത്തെ വിദ്യാരംഭം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. കാരണം ഇരുവരുടെയും മകൾ രണ്ടര വയസുകാരി നിലയും ഇന്ന് ആ​ദ്യാക്ഷരം കുറിച്ചു. മകളുടെ ഓരോ വളർച്ചയും പുത്തൻ തുടക്കങ്ങളും വിപുലമായി ആഘോഷിക്കുന്നവരാണ് പേളിയും ശ്രീനിഷും. മകളെ എഴുത്തിനിരുത്തിയതിന്റെ വിശേഷങ്ങളും ചിത്രങ്ങളും പേളി മാണി സോഷ്യൽമീഡിയ വഴി പങ്കിട്ടു. പേളിയുടെ പിതാവ് മാണി പോളാണ് നിലയുടെ കുഞ്ഞികൈകൾ പിടിച്ച് അരിയിൽ ആദ്യാക്ഷരം കുറിപ്പിച്ചത്. ശേഷം അമ്മ പേളിയുടെയും അച്ഛൻ ശ്രീനിഷിന്റെ മടിയിൽ ഇരുന്നും നിലു അരിയിൽ ആദ്യാക്ഷരങ്ങൾ എഴുതി. ‘അക്ഷരം തൊട്ട് അറിവിന്റെ ആകാശത്തിലേക്ക്… അറിവിന്‍റെ ലോകത്തേയ്ക്ക് ആദ്യ ചുവട് വെയ്ക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം മഹാനവമി വിജയ ദശമി ആശംസകള്‍ നേരുന്നു…’, എന്നാണ് മകളുടെ വിദ്യാരംഭ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കിട്ട് പേളി കുറിച്ചത്. ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേളിഷ് ആരാധകരും സെലിബ്രിറ്റികളുമെല്ലാം നിലുവിന് ആശംസകൾ നേർന്ന് എത്തി. പഠിച്ച് നല്ല കുട്ടിയായി വളരട്ടെ, നില എത്രപെട്ടെന്നാണ് വലുതായത്, നിലയുടെ പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും എന്നിങ്ങനെ എല്ലാമാണ് ആരാധകർ കമന്റ് ചെയ്തത്. ക്രീമും നീലയും കലർന്ന പട്ടുപാവാടയണിഞ്ഞ് അതീവ സുന്ദരിയായാണ് നില വിദ്യാരംഭത്തിൽ പങ്കെടുത്തത്. പൊതുവെ കുഞ്ഞുങ്ങൾ എഴുത്തിനിരുത്തി അരിയിൽ എഴുതുമ്പോൾ കരയുകയും ബഹളം വെക്കുന്നതും പതിവാണ്. എന്നാൽ അപ്പൂപ്പന്റെ മടിയിൽ ആവേശത്തോടെയാണ് നില എഴുത്തിനിരുന്നത്. പേളിയുടെ അച്ഛനും അമ്മയുമായിട്ടാണ് നിലയ്ക്ക് സൗഹൃദം കൂടുതൽ. പേളിയും ശ്രീനിഷും ജോലികൾക്കായി പോകുമ്പോൾ നിലയെ പരിപാലിക്കുന്നത് പേളിയുടെ അച്ഛനും അമ്മയുമാണ്. പുതിയൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് വരാൻ പോകുന്ന സന്തോഷവും പേളിക്കും ശ്രീനിഷിനുമുണ്ട്. പേളി ഇപ്പോൾ അഞ്ച് മാസം ​ഗർഭിണിയാണ്. അടുത്തിടെ മകളെയും കൂട്ടി നിറവയറിൽ പേളി തുർക്കിയിൽ ബേബി മൂൺ ആഘോഷിക്കാൻ പോയിരുന്നു. യാത്രയുടെ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴി പങ്കിടുകയും ചെയ്തിരുന്നു. ജനിച്ചപ്പോൾ മുതൽ ഒരു കുഞ്ഞ് സെലിബ്രിറ്റിയാണ് നില.

പേളിയുടെ മിനിയേച്ചർ എന്നാണ് നിലയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. നില​ ​ഗർഭിണിയായശേഷം അവതാരക എന്ന ജോലിയിൽ നിന്നും പേളി വിട്ടുനിൽക്കുകയാണ്. പേളി പ്രൊഡക്ഷന് കീഴിൽ വരുന്ന ചാറ്റ് ഷോകളിൽ മാത്രമാണ് താരം ആങ്കറിങ് ഇപ്പോൾ ചെയ്യാറുള്ളത്. മകൾക്കൊപ്പം സമയം ചിലവഴിക്കണമെന്നതിൽ അതിയായ നിർബന്ധം പേളിക്കുണ്ടായിരുന്നു. ശ്രീനിഷാണ് പേളി പ്രൊഡക്ഷന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത്. അടുത്തിടെ ശ്രീനിഷിനെ നായകനാക്കി മനോഹരമായ ഒരു ത്രില്ലർ ഷോർട്ട് ഫിലിം പേളിയുടെ ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം സീരിയൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ശ്രീനിഷ്. അതുവരെ തെലുങ്കിൽ അടക്കം തിരക്കുള്ള സീരിയൽ നടനായിരുന്നു ശ്രീനിഷ്. മലയാളത്തിൽ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ച് ജനശ്രദ്ധനേടി വരവെയാണ് ബി​ഗ് ബോസിലേക്ക് ശ്രീനിഷ് എത്തിയതും പേളിയുമായി പ്രണയത്തിലായി വിവാഹിതനായതും.