സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ശേഷം സുര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ 43 ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദുൽഖർ സൽമാനും നസ്രിയയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് വീഡിയോ പുറത്തു വന്നിട്ടുണ്ട്. അതേസമയം,ചിത്രത്തിന്റെ ടൈറ്റില്‍ അനൗൺസ്മെന്റ് വീഡിയോയില്‍ ഇല്ലെങ്കിലും പുറനാനൂറ് എന്ന ടാഗ്‌ലൈന്‍ കാണിക്കുന്നുണ്ട്. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് ‘പുറനാന്നൂറ് ‘. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍. 1960 കളിൽ തമിഴ്‌നാട്ടിൽ വിദ്യാർത്ഥികൾ നടത്തിയ കുപ്രസിദ്ധമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന സൂചനകളുമുണ്ട്.
എന്തായാലും ആക്ഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാകും സിനിമ എന്നാണ് അനൗൺസ്മെന്റ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. അതെ സമയം ഈ ചിത്രത്തിൽ സൂര്യ കോളേജ് വിദ്യാര്‍ത്ഥി ആയാണ് എത്തുന്നതെന്നാണ് വിവരം. ഇതിനായി സൂര്യ ശരീര ഭാരം കുറച്ചുവെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ സിനിമയില്‍ ഉടനീളം സൂര്യ ഈ ഗെറ്റപ്പില്‍ തന്നെ ആയിരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ദുൽഖർ സൽമാനും നസ്രിയയും സുപ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ തമിഴ് ചിത്രമാണ്. ചിത്രത്തിൽ വിജയ് വർമ്മയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്ന നൂറാമത്തെ ചിത്രം കൂടിയാണ് സൂര്യ 43. അനൗൺസ് മെന്റ് വീഡിയോ നസ്രിയയും ദുൽകരുമൊക്കെ പങ്കു വെച്ചിട്ടുണ്ട്. ഒടിടിയില്‍ റിലീസ് ചെയ്ത ഏറെ ശ്രദ്ധിക്കപ്പെട്ട ‘സൂരൈപോട്ര്’ എന്ന ചിത്രത്തിന് ശേഷം സുധയും സൂര്യയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.