അടുത്തിടെ നിരന്തരമായി നടി സായ് പല്ലവി ഉടൻ വിവാഹിതയാകുമെന്ന് ഗോസിപ്പുകൾ ഒക്കെ പുറത്തു വന്നിരുന്നു. എന്നാൽ വിവാഹിതയാകാൻ പോകുന്നത് സായ് പല്ലവി അല്ല. താരത്തിന്റെ ഏക സഹോദരി പൂജ കണ്ണനാണ്. കഴിഞ്ഞ ദിവസമായിരുന്നു വളരെ ആഘോഷമായി പൂജ കണ്ണന്റെ വിവാഹ നിശ്ചയം നടന്നത്. പൂജ കണ്ണൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. വിനീതാണ് വരന്‍. വിവാഹ നിശ്ചയത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം നിൽക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഒരു വലിയ കുടുംബ൦ നിറഞ്ഞ ഹൃദയങ്ങൾ എന്റെ ഹൃദയത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വളരെയധികം സ്നേഹം എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് പൂജ കണ്ണൻ കുറിച്ചത്. നീലയും ഇളം മഞ്ഞയും കലർന്ന നിറത്തിലുള്ള സാരിയും സിംപിൾ ആഭരണങ്ങളും ലൈറ്റ് മേക്കപ്പും മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് വിവാഹനിശ്ചയ ചടങ്ങിൽ പൂജ പ്രത്യക്ഷപ്പെട്ടത്. ഇളം വയലറ്റ് നിറത്തിലുള്ള കസവ് മുണ്ടും ജുബ്ബയും കസവ് ഷാളുമായിരുന്നു വരന്റെ വേഷം. വെള്ളയും ഗോൾഡൻ നിറവും കലർന്ന സിംപിൾ സാരിയിലാണ് ചടങ്ങിൽ പങ്കെടുക്കാൻ സായ് പല്ലവി എത്തിയിരുന്നത്. വലിയ ആഢംബരങ്ങൾ ഇല്ലാതെയാണ് ചടങ്ങ് നടത്തിയത്. വരന്റെയും വധുവിന്റെയും ബന്ധുക്കൾ പോലും വസ്ത്രധാരണത്തിൽ വരെ സിംപിളായിരുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് മുതൽ നിരവധി പേരാണ് പൂജയ്ക്കും വരനും ആശംസകൾ നേർന്ന് എത്തുന്നത്.
വിവാഹനിശ്ചയം അനിയത്തി പൂജയുടേതാണെങ്കിലും ചിത്രങ്ങൾ പുറത്ത് വന്നശേഷം ആരാധകരുടെ കണ്ണുകൾ സായ് പല്ലവിയുെട സൗന്ദര്യത്തിൽ തട്ടി നിൽക്കുകയാണ്. പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.
അതേസമയം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സായ് പല്ലവി. മുപ്പത്തിയൊന്നുകാരിയായ സായ് പല്ലവി യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും വന്നാണ് ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായിക നടിയായി മാറിയത്. കുട്ടിക്കാലം മുതൽ ഡാൻസ് റിയാലിറ്റി ഷോകളിലെ സജീവ സാന്നിധ്യമാണ് സായ് പല്ലവി. ഡാൻസും മെഡിസിൻ പഠനവുമായി തിരക്കിലായിരുന്ന സായ് പല്ലവിക്കുള്ളിലെ നായികയെ ജനപ്രിയയാക്കി മാറ്റിയത് മലയാളി ചലച്ചിത്ര സംവിധായകൻ അൽഫോൺസ് പുത്രനാണ്. മലർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല സായ് പല്ലവിക്ക്. നിവിൻ പോളി മുതൽ നടിപ്പിൻ നായകൻ സൂര്യ വരെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയായി സായ് പല്ലവി.