മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രഖ്യാപനം നടക്കുക. വിവിധ വിഭാഗത്തില്‍ നിന്നായി നായാട്ട് , മിന്നൽ മുരളി , മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് പ്രദേശിക ചിത്രങ്ങള്‍ സാങ്കേതിക മേഖലയിലെ അവാര്‍ഡുകളുടെ മത്സരത്തില്‍ അടക്കം മുന്നിട്ട് നില്‍ക്കുന്നുവെന്നാണ് വിവരം. ആര്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കട്രി മികച്ച നടന്‍ അടക്കം വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. നായാട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ ഉണ്ടെന്നാണ് വിവരം. മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തില്‍ ആലിയ ഭട്ടും, കങ്കണ റണൌട്ടും തമ്മിലാണ് മത്സരം എന്നാണ് സൂചന ഗംഗുഭായ് കത്തിയവാഡി  എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആലിയയ്ക്ക് സാധ്യത. തലൈവി എന്ന ചിത്രത്തിലെ പ്രകടനമാണ്  കങ്കണ റണൌട്ടിന് സാധ്യത നല്‍കുന്നത്. എസ്എസ് രാജമൌലി സംവിധാനം ചെയ്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആര്‍ആര്‍ആര്‍ ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള അവാര്‍ഡിന് സാധ്യതയുണ്ട്. അതേ സമയം മലയാളത്തില്‍ നിന്നും ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും ചില അവാര്‍ഡുകള്‍ക്ക് സാധ്യതയുണ്ട്.മികച്ച മലയാള ചിത്ര എന്ന അവാര്‍ഡിന്‍റെ അവസാന പട്ടികയില്‍ ഹോം, ആവാസ വ്യൂഹം, ചവിട്ട്, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് എന്നാണ് വിവരം. 2022ലെ സംസ്ഥാന അവാര്ഡില് ഇടം പിടിച്ചില്ലെങ്കിലും പ്രേക്ഷക പ്രശംസ എട്ടു വാങ്ങിയ ചിത്രമാണ് ഹോം. ഭരണവർഗ്ഗ പ്രത്യയശാസ്ത്രത്തിനു നേരെ തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിഷേധമാണ് ചവിട്ട് എന്നസിനിമയിലൂടെ മുന്നോട്ട് വെച്ചത് . അന്താരാഷ്ട്ര ചലചിത്ര മേളകളിടക്കം ഇടം പിടിച്ച സിനിമയാണ് സജാസ് റഹ്മാനും ഷിനോസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത ചവിട്ട്. മലയാളത്തിലിറങ്ങിയ , ‘ക്ലാസിക്’ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് യുവസംവിധായകൻ കൃഷാന്ത് ആർ.കെ സംവിധാനം ചെയ്ത ആവാസവ്യൂഹം. മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും സംസ്ഥാന പുരസ്‌കാര ലഭിച്ചിട്ടുണ്ട്. പക്ഷെ മേപ്പടിയാൻ ഏത് മാനദണ്ഡത്തിലാണ് അവസാന ലിസ്റ്റിൽ എത്തിയിരിക്കുന്നത് എന്നാണ് വിമർശകർ ഉയർത്തുന്ന ചോദ്യം.

<68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ എട്ട് അവാർഡുകളായിരുന്നു മലയാളം സ്വന്തമാക്കിയത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളി ഏറ്റുവാങ്ങിയപ്പോള്‍ മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി. തമിഴ് ചിത്രം സൂരറൈ പോട്രിലൂടെയായിരുന്നു അപർണയുടെ പുരസ്കാര നേട്ടം. മികച്ച സംവിധായകനുള്ള അവാർഡ് അയ്യപ്പനും കോശി എന്ന ചിത്രത്തിലൂടെ സച്ചിക്കായിരുന്നു ലഭിച്ചത്. സംവിധായകന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് ഭാര്യ സിജിയാണ് രാഷ്ട്രപതിയില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങിയത്. മികച്ച സംഘട്ടനം : മാഫിയ ശശി, മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ, മികച്ച മലയാള സിനിമ : തിങ്കളാഴ്‍ച നിശ്ചയം, പ്രത്യേക പരാമര്‍ശം: വാങ്ക് എന്നീ പുരസ്കാരങ്ങളും മലയാളം സ്വന്തമാക്കി. നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍ (‘ശബ്‍ദിക്കുന്ന കലപ്പ’), മികച്ച പുസ്‍തകം:അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം, മികച്ച വിദ്യാഭ്യാസ ചിത്രം : ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ). മികച്ച വിവരണം : ശോഭ തരൂര്‍ ശ്രീനിവാസന്‍ എന്നിവരും കഴിഞ്ഞ തവണ ദേശീയ പുരസ്കാരം നേടിയ മലയാളികളാണ്