സെലിബ്രിറ്റികളുടെ ജീവിതം എങ്ങനെയാണെന്നൊക്കെ ഏരിയാ ആരാധകർക്ക് ഏറെ ആവേശമാണ്. തങ്ങൾക്ക് പ്രിയങ്കരരായ സെലിബ്രിറ്റികൾ നിത്യ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾ വീഡിയോയായും ഫോട്ടോയായും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്ക് അറിയാം. സോഷ്യൽ മീഡിയ സജീവമായതോടെ ബോളിവുഡിൽ അടക്കം നിരന്തരമായി കണ്ടുവരുന്ന ഒന്നാണ് എയർപോർട്ട് ഫോട്ടോ​ഗ്രഫി. കൂടുതലായും ബോളിവുഡ്, തെലുങ്ക് സിനിമാ മേഖലകളിലാണ് ഇതിന് ഏറെയും പ്രചാരമുള്ളത്. മലയാളത്തിൽ ഈ രീതി അധികം കാണാത്തതു കൊണ്ട് തന്നെ മലയാളികൾ ഇത്തരം വീഡിയോകളെ ട്രോളാറുമുണ്ട്. എയർ ഫോട്ടോ​ഗ്രഫിയുടെ ഭാ​ഗമായി പുറത്ത് വരുന്ന വീഡിയോയും ഫോട്ടോകളും കാണുമ്പോൾ യാദൃശ്ചികമായി പകർത്തിയ വീഡിയോയും ഫോട്ടോയുമായാണ് പ്രേക്ഷകർക്ക് തോന്നാറുള്ളത്. എന്നാൽ സത്യാവസ്ഥ അതല്ലെന്നും എയർപോർട്ട് ഫോട്ടോ​ഗ്രഫി പ്രൊഫഷനാക്കി ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും താരങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് സ്ക്രിപ്റ്റടക്കം നൽകി വീഡിയോ, ഫോട്ടോ എന്നിവ പകർത്തി കൊടുക്കുമെന്നും പറയുകയാണിപ്പോൾ ജയറാം. തെലുങ്ക് സിനിമകളിലും മറ്റും അഭിനയിക്കാൻ പോയപ്പോഴുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് ജയറാം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്

സ്വയം പ്രമോഷൻ എന്നതിൽ താൻ വളരെ പിന്നിലാണെന്നും ജയറാം ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫിക്കായി തന്നെ പലരും സമീപിച്ചിട്ടുണ്ടെന്നും ജയറാം പറയുന്നു. താര0 പറയുന്നതിങ്ങനെ ‘ആ പാതിയില്‍ വളരെ പരാജയമായ ഒരു നടനാണ് ഞാന്‍. എന്നെ കറക്റ്റ് ആയിട്ട് വില്‍ക്കാനോ എന്നെ മാര്‍ക്കറ്റ് ചെയ്യാനോ പിആര്‍ഒ വര്‍ക്കുകള്‍ ചെയ്യാനോ… ഈ കാലഘട്ടത്തില്‍ അതും കൂടി വേണം. ഒരിക്കലും അതൊരു കുറവല്ല. അത് ഭയങ്കര പ്ലസ് പോയിന്‍റാണ്. അതില്‍ ഞാന്‍ വളരെ വീക്കാണ്. നമ്മുടെ ഇവിടെ എത്രത്തോളമുണ്ടെന്ന് അറിയില്ല. മറ്റ് ഭാഷകളില്‍ ഉദാഹരണത്തിന് ഹൈദരാബാദിലൊക്കെ പോവുമ്പോള്‍ എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫിയെന്ന് പറഞ്ഞ ഒന്നുണ്ട്. ‘അവര്‍ എന്‍റെയടുത്തേക്കൊക്കെ വരാറുണ്ട് ലൊക്കേഷനുകളില്‍. സര് മദ്രാസിലേക്ക് എപ്പോഴാണ് തിരിച്ച് പോകുന്നത്… ഞങ്ങള്‍ ഒന്ന് അറേഞ്ച് ചെയ്യട്ടെ എന്നൊക്കെ ചോദിച്ച്. പല ടൈപ്പ് ഡ്രസ് ഒക്കെയുണ്ടാവും. സ്ക്രിപ്റ്റ് അവര്‍ ഇങ്ങോട്ട് തരും. അവര്‍ തന്നെ സെക്യൂരിറ്റി ഒക്കെ അറേഞ്ച് ചെയ്ത് വെച്ചിട്ടുണ്ടാവും. അതിനിടയിലൂടെ കാറിന്‍റെ ഡോര്‍ തുറന്ന് ഇറങ്ങുന്നത് തൊട്ടുള്ള നമ്മുടെ വീഡിയോ അവര്‍ തന്നെ മ്യൂസിക് ഒക്കെ ഇട്ട് കൊടുത്തോളും. ഹൈദരാബാദ് എയര്‍ പോര്‍ട്ടില്‍ ജയറാം വന്നിറങ്ങിയപ്പോള്‍ എന്ന ക്യാപ്ഷന്‍ ഒക്കെയായി

ഫാനൊക്കെയുണ്ടാവും അവരുടെ കൈയില്‍. മുടിയൊക്കെ പറന്നിട്ട് എനിക്ക് വേണേല്‍ നടക്കാം. അല്ലെങ്കില്‍ വേറൊരു ടൈപ്പുണ്ട്. ക്യാപ്പും മാസ്കുമൊക്കെ വെച്ച് ആള്‍ക്കൂട്ടത്തിലൂടെ രഹസ്യമായി ഞാന്‍ നടന്നുപോകുമ്പോള്‍ ക്യാമറയുമായി ഇവര്‍ പിറകിലൂടെ വന്ന് കണ്ടുപിടിക്കും. അങ്ങനെ പല ടൈപ്പില്‍ അവര്‍ ചെയ്ത് തരും. അവര്‍ ചോദിക്കുമ്പോള്‍ വേറെ ആരോടെങ്കിലും ചോദിക്കാന്‍ ഞാന്‍ പറയും. അതൊക്കെ ചെയ്യേണ്ടതാണ് ശരിക്കും.’അതില്‍ പരാജയമാണ് ഞാന്‍. അത് എന്‍റെ പോരായ്മ തന്നെയാണ് എനിക്കറിയാം , എനിക്ക് അതിനോടൊന്നും വലിയ താല്‍പര്യം തോന്നാറില്ലെന്നാണ്’, ജയറാം പറയുന്ന് . ബോളിവുഡ് താരങ്ങളുടെ എയർപോർട്ട് വീഡിയോകൾ നിരന്തരം സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ബോളിവുഡ് നടി ഉർഫി ജാവേദ്, ജാൻവി കപൂർ, ദീപിക പദുകോൺ തുടങ്ങിയവരാണ് ഇത്തരം വീഡിയോകളിൽ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെടാറുള്ള സെലിബ്രിറ്റികൾ. എന്നാൽ ഇത്തരം വീഡിയോകൾ കാണുമ്പോൾ ദിവസവും എയർപോട്ടിൽ വന്ന് ഇവർ എങ്ങോട്ടാണ് വിമാനത്തിൽ കയറിപ്പോകുന്നതെന്നാണ് ചിലർ താരങ്ങളെ പരിഹസിച്ച് ചോ​ദിക്കാറുള്ളത്