സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിൽ പുരസ്ക്കാര ശില്‍പത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിൽ നടൻ അലൻസിയറിനെതിരെ പരാതിയുമായിരംഗത്ത് എത്തിയിരിക്കുകയാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കുടുംബം. പരാമര്‍ശം പിൻവലിച്ച്‌ മാപ്പു പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ ദേവൻ അലൻസിയർക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയാണ് ചലച്ചിത്ര പുരസ്‌കാരമായി  നൽകുന്ന പെൺപ്രതിമ രൂപകല്പന ചെയ്തത്. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ടാണ് അലൻസിയർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെയ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രത്യേക ജൂറി പരാമർശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമർശമാണ് അലൻസിയർ നടത്തിയത്. പുരസ്ക്കാരവേദിയിൽ അലൻസിയർ നടത്തിയ പരാമർശം ഇങ്ങനെ, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനെയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്‍പ്പം വേണം. അത് എന്ന് മേടിക്കാൻ പറ്റുന്നുവോ അന്ന് ഞാൻ അഭിനയം നിര്‍ത്തും.’പരാമർശം വിവാദമായെങ്കിലും പരാമർശം പിൻവലിക്കാൻ അലൻസിയർ തയ്യാറായിരുന്നില്ല. പിന്നീട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും അലൻസിയർ സമാന പരാമർശം ആവർത്തിച്ചു. പുരസ്കാരത്തിനൊപ്പമുള്ള ശില്‍പം ആര്‍ട്ടിസ്റ്റ് നമ്ബൂതിരി രൂപകല്‍പന ചെയ്തതല്ല. എന്നാല്‍ അഭിമുഖത്തില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ വ്യക്തിപരമായും ജാതീയമായും അധിക്ഷേപിച്ചെന്നും അത് തന്റെ പിതാവിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും നോട്ടീസില്‍ പറയുന്നു. അച്ഛന്റെ ശില്പങ്ങൾ സ്ത്രീവിരുദ്ധമാണെന്ന പ്രയോ​ഗത്തോടും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട് മകൻ ദേവൻ. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനൊപ്പം നൽകുന്ന ശില്പം അച്ഛൻ രൂപകല്പന ചെയ്തതല്ലെന്നും അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ വിഷയത്തിൽ എങ്ങനെ പ്രതികരിക്കുമെന്ന് ഊഹിക്കാനാവുന്നില്ലെന്നും ദേവൻ  പറഞ്ഞു. അച്ഛനെ ആക്ഷേപിച്ചു കൊണ്ട് സംസാരിക്കുന്ന അഭിമുഖം കണ്ടപ്പോൾ വളരെ അധികം വേദനിച്ചു. പരാമർശം വ്യക്തിഹത്യയും പരിഹാസവുമായി അനുഭവപ്പെട്ടു. അയാളുടെ വാക്കുകളിൽ നമ്പൂതിരി എന്ന പ്രയോ​ഗം പോലും കളിയാക്കലായി തോന്നി എന്നും ദേവൻ പറയുന്നു. വിശദീകരണം ചേദിക്കുക, നഷ്ടപരിഹാരം വാങ്ങുക എന്നതൊക്കെ ഒരു മകന്റെ കടമയായി തോന്നിയതുകൊണ്ടാണ് അലൻസിയറിനെതിരെ വക്കീൽ നോട്ടീസ് അയച്ചതെന്നും ദേവൻ.


കാര്യങ്ങൾ നിയമപരമായിത്തന്നെ പോകട്ടെ. വക്കീൽ നോട്ടീസിനുളള മറുപടിക്കായി കാത്തിരിക്കുന്നു. ശില്പത്തെ ശില്പമായി കാണാനാവാത്ത വ്യക്തിക്ക് കലാകാരനായി തുടരാനുളള യോ​ഗ്യത ഇല്ലെന്നും വ്യക്തിപരമായും ജാതീയമായുമുളള അധിക്ഷേപത്തോട് പൊറുക്കാനാവില്ലെന്നും കലാസംവിധായകൻ കൂടിയായ ദേവൻ പ്രതികരിച്ചു. പിറവി, സർ​​ഗം എന്നീ ചിത്രങ്ങളുടെ കലാസംവിധായകനായിരുന്നു ദേവൻ. സംവിധായകൻ ഷാജി എൻ കരുണിനൊപ്പവും ഏറെക്കാലം സിനിമയിൽ സജീവമായി നിന്നിരുന്നു. അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിൽ നടൻ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ സിനിമ മേഖലയിലും പുറത്തും ഉള്ളവർ വിമർശനവുമായി എത്തിയിരുന്നു. നിശിത വിമർശനവുമായി ഡബ്ലിയു സി സിയും രംഗത്ത് എത്തിയിരുന്നു.  തിരുത്തൽ ആവശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള നിലപാടായിരുന്നു അലൻസിയറുടേത്. സോഷ്യൽ മീഡിയയിൽ പലരും നടനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ താൻ പറഞ്ഞതിന് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി അലൻസിയർ പ്രതികരിച്ചു. തന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വിവാദമായതോടെ, മാപ്പ് പറയാൻ വിസമ്മതിച്ച അലൻസിയർ ലോപ്പസ്, തന്നെ ആരും സദാചാരം പഠിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞു. തങ്ങൾ അങ്ങേയറ്റം അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കിയിരുന്നു.