കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടൻ അലൻസിയർ. താനൊരു പാവമാണെന്നും ഇനിയെങ്കിലും വെറുതെ വിടണമെന്നും അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചു . ഞാനൊരു പാവമാണ്. ഇനിയെങ്കിലും എന്നെ വെറുതേവിടണം. ഞാനൊന്നും പറഞ്ഞിട്ടില്ല. എനിക്കൊന്നും അറിയില്ല. വാർത്തകൾ ഒരുപാട് ഉണ്ടാകുന്നുണ്ട്. പലതും മറച്ചുവയ്‌ക്കുകയാണ്. കുറച്ച് ദിവസമായിട്ട് എന്റെ പേരിൽ ആഘോഷിച്ചുകൊണ്ടിരിക്കുകയല്ലേ, കച്ചവടം നടത്തുവല്ലേ. വിട്ടേരെ, പാവം ഞാനങ്ങ് ജീവിച്ചോട്ടെ. ഞാൻ അഭിനയിച്ചൊക്കെ ജീവിച്ചോളാം. നിങ്ങൾ എന്റെ പുറകേ നടന്ന് ഓരോന്ന് തോണ്ടിതോണ്ടിയെടുക്കാമെന്ന് വിചാരിക്കണ്ട.’- അലൻസിയർ മാധ്യമങ്ങളോട് പറഞ്ഞു.

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിലാണ് അലൻസിയറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കൂടാതെ സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്‌പി ഡി ശിൽപയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ പി സതീദേവി റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരം സ്വീകരിച്ച ശേഷം സ്‌ത്രീകളെ അവഹേളിക്കുന്ന വിധത്തിൽ അലൻസിയർ പരാമർശം നടത്തിയിരുന്നു. അവാർഡ് സ്വീകരിച്ച ശേഷം പുരസ്കാരമായി പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്ന് അലൻസിയർ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്നും പി സതീദേവി പറഞ്ഞു.