മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന നടി എന്നതിലുപരി യൂട്യൂബറായും മലയാളികൾക്ക് ഏറെ പരിചിതയാണ്. വിരലില്‍ എണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും നിരവധി ആരാധകരാണ് അഹാനയ്ക്ക് സോഷ്യൽ മീഡിയയിലുള്ളത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും അഹാന പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കുവെച്ച പുതിയൊരു വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയ അനുഭവം പങ്കുവച്ച്എത്തിയിരിക്കുകയാണ് താരം. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായി കഴിഞ്ഞ 16 വർഷം താൻ നടത്തിയ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ സന്തോഷം പങ്കുവെച്ച് ഒരു കുറിപ്പും അഹാന പങ്കുവെച്ചിട്ടുണ്ട്. ഇത്രയും വർഷത്തിനിടയിലുള്ള തന്റെ കാഴ്ച്ചയിലെ വ്യത്യാസങ്ങളും സർജറിയെക്കുറിച്ചുള്ള അനുഭവങ്ങളുമാണ് അഹാന വീഡിയോയിലൂടെ വിശദീകരിക്കുന്നത്. സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ് അഹാന വിധേയമായത്. ഇത് തന്റെ വ്യക്തിപരമായ അനുഭവമാണെന്നും ആരെയും പ്രമോട്ട് ചെയ്യാനുള്ളത് അല്ലെന്നും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ വിദഗ്ധ ഉപദേശങ്ങൾ തേടിയ ശേഷം മാത്രമേ ശസ്ത്രക്രിയ ചെയ്യാൻ പാടുള്ളൂ എന്നും പറഞ്ഞു കൊണ്ടാണ് അഹാന വീഡിയോ ആരംഭിക്കുന്നത്.

എന്റെ കണ്ണിന്റെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ലേസർ സർജറിക്ക് വിധേയയായി. ഈ ഒരു പ്രക്രിയയിലൂടെ കടന്നുപോയ എന്റെ മുഴുവൻ അനുഭവങ്ങളും പങ്കുവയ്ക്കാനാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. ഇതു ചെയ്യാൻ കാരണം കുറെ വർഷങ്ങൾ കഴിയുമ്പോൾ എന്റെ ഈ അനുഭവം ഒന്നുകൂടി കാണാൻ വേണ്ടിയിട്ടാണ്. എല്ലാ കാര്യങ്ങളും നമ്മൾ ഓർത്തിരിക്കണം എന്നില്ലല്ലോ. ഈ ചികിത്സ തേടുന്നതിന് മുൻപ് ഇത് ചെയ്ത മറ്റൊരാളുടെ അനുഭവം നേരിട്ട് മനസിലാക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. കാരണം ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന് മുൻപ് നമ്മുടെ മനസ്സിൽ പതിനായിരം ചോദ്യങ്ങളുണ്ടാകും. പക്ഷേ എനിക്ക് അങ്ങനെ ഒരു വിഡിയോ കാണാൻ കഴിഞ്ഞില്ല, അതുകൊണ്ട് ഞാൻ ഈ വിഡിയോ ചെയ്‌താൽ മറ്റുള്ളവർക്ക് അത് ഉപകാരപ്പെടുമെങ്കിൽ ആകട്ടെ എന്നുകരുതി. ഞാൻ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്‌മൈൽ എന്നാണ്. ഇത് ഒരു ലേസർ സർജറി ആണ്.ഏകദേശം പതിനാറു വർഷം പിന്നിലേക്ക് പോയാൽ, ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കണ്ണട വക്കുന്നത്. എനിക്ക് ബോർഡിൽ എഴുതിയത് കാണാൻ പറ്റുന്നില്ല എന്ന് ഞാൻ വീട്ടിൽ വന്നു പരാതി പറയാറുണ്ടായിരുന്നു. പക്ഷേ എന്റെ അച്ഛനും അമ്മയും വിചാരിച്ചത് കണ്ണാടി വയ്ക്കാനുള്ള എന്റെ ആഗ്രഹം കാരണം വെറുതെ പറയുന്നതാണ് എന്നാണ്. നാലഞ്ച് പിള്ളേരുള്ള വീടാകുമ്പോ എല്ലാവരും പറയുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ ഒന്നും അച്ഛനമ്മമാർ കാര്യമായി എടുക്കാറില്ല.

അങ്ങനെ ഒടുവിൽ ഞാൻ ശരിക്കും കാണാൻ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോ വാസൻ ഐ കെയറിൽ കൊണ്ടുപോയി കണ്ണ് ടെസ്റ്റ് ചെയ്തു. അവിടെ എഴുതികാണിച്ചതൊക്കെ വായിക്കാൻ കഴിയാതെ ഞാൻ വിജയകരമായി പരാജയപെട്ടു. അന്ന് വായിക്കാൻ പറ്റാതിരുന്നതിൽ എനിക്ക് ത്രില്ല് ആയിരുന്നു കാരണം ഞാൻ പറഞ്ഞത് ശരിയായല്ലോ. കണ്ണാടി വച്ചതിനു ശേഷം ഞാൻ സ്കൂളിലെ ഏറ്റവും കൂൾ ആയ കുട്ടിയായി എന്ന് എനിക്ക് തോന്നി. എന്റെ സ്‌പെക്‌സി ലുക്കിൽ ഞാൻ ഒരുപാട് അഭിമാനിച്ചു. പതിയെ പതിയെ കണ്ണാടി വക്കുന്നത് അത്ര കൂൾ ആയ കാര്യമല്ല എന്ന് എനിക്ക് തോന്നി. പിന്നെ പിന്നെ പല പല ഷേപ്പിലുള്ള കണ്ണാടികൾ ഫാഷൻ മാറുന്നതിനൊപ്പം ഞാൻ പരീക്ഷിച്ചു. പക്ഷേ കണ്ണാടി ഇല്ലെങ്കിലും എനിക്ക് ബുദ്ധിമുട്ടി നോക്കിയാൽ കാണാൻ പറ്റുമായിരുന്നു. പിന്നീട് ഞാൻ കണ്ണാടി ഉടുപ്പിൽ തൂക്കി ഇട്ടോണ്ട് നടക്കാൻ തുടങ്ങി കാരണം അതൊരു ഫാഷനായി എനിക്ക് തോന്നിയിരുന്നു.” അഹാന പറയുന്നു. ഒടുവിൽ സ്‌കൂൾ റീയൂണിയനിൽ വെച്ച് കണ്ട ഒരു സുഹൃത്തിലൂടെയാണ് താൻ ഈ ശസ്ത്രക്രിയയെ കുറിച്ച് അറിഞ്ഞതെന്നും അങ്ങനെ അത് ചെയ്യുകയായിരുന്നുവെന്നും അഹാന പറഞ്ഞു.