പോലീസ് പല കേസുകളുംതെളിയിക്കുന്നതിനായി രേഖാചിത്രങ്ങൾ തയാറാക്കാറുണ്ട്. പലപ്പോഴും പോലീസിന്റെ രേഖാ ചിത്രങ്ങൾ യഥാർത്ഥ പ്രതിയുടേത് പോലെ ആകണമെന്നില്ല. കാരണ പ്രതിയെ കണ്ട ആരുടെയെങ്കിലുമൊക്കെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ രേഖാ ചിത്രം തയാറാക്കുന്നത്. എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാരൂഖ് സൈഫിയുടെ ഒക്കെ കാര്യത്തിൽ നമ്മളത് കണ്ടതാണ്. രേഖാ ചിത്രം കണ്ടു അഖിൽ മാരാർ ആണോ എന്ന് ചോദിച്ചവർ വരെയുണ്ട്. എന്നാൽ കട്ടപ്പനയിൽ രേഖാ ചിത്രം വെച്ച് കൃത്യമായി പ്രതിയെ പിടികൂടി. പടം വരച്ച പൊലീസിന് കൊടുത്തത് കൂട്ടുപ്രതി തന്നെയാണ് . മോഷണത്തിനായുള്ള പ്ലാനും പദ്ധതിയുമൊക്കെ തെറ്റിയാലും കൂട്ടാളിക്കായി കോലഞ്ചേരി ചക്കുങ്കൽ അജയകുമാറിന്റെ സ്‌കെച്ച് കിറുകൃത്യമെന്നു പൊലീസും സമ്മതിച്ചു. നരിയമ്പാറ പുതിയകാവ് ദേവീകക്ഷേത്രത്തിൽ മോഷണത്തിന് ആയി എത്തിയതായിരുന്നു കലാകാരനായ അജയകുമാറും കൂട്ടുകാരൻ വിഷ്ണുവും. . ക്ഷേത്രത്തിലെ കാണിക്കവഞ്ചി കടത്തിക്കൊണ്ടുപോയി കുത്തിപ്പൊളിക്കാൻ ശ്രമിക്കുന്നതിനിടെയാണു അജയകുമാർ പിടിയിലായത്.
അജയകുമാറും കൂട്ടാളി വിഷ്ണുവും ചേർന്നാണു ക്ഷേത്രത്തിൽ മോഷണത്തിനായി പദ്ധതിയിട്ടത്. ആദ്യം തന്നെ ക്ഷേത്രത്തിനു സമീപത്തെ വീട് ഒഴിഞ്ഞുകിടക്കുകയാണെന്നു ഇവർ മനസ്സിലാക്കി. ക്ഷേത്രത്തിലെ കാണിക്കവഞ്ചി ഇളക്കി ഇവിടെയെത്തിച്ചു കുത്തിപ്പൊളിക്കാൻ തീരുമാനിച്ചു. പക്ഷെ അവിടെ ആയിരുന്നു ട്വിസ്റ്റ്. ഈ വീട്ടിൽ അപ്പോഴേക്കും ആളുകൾ താമസത്തിനെത്തി. താമസക്കാർ വന്നത് അറിയാതെ അജയകുമാറും വിഷ്ണുവും കാണിക്കവഞ്ചിയുമായി ഇവിടെയെത്തി. പെട്ടെന്ന് പറഞ്ഞാൽ മതിയല്ലോ. പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ബഹളംകേട്ടു വീട്ടുകാർ ഉണർന്നു.. അവർ നാട്ടുകാരെ അറിയിച്ചു. മദ്യലഹരിയിലായിരുന്നതിനാൽ അജയകുമാർ മാത്രമാണു പിടിയിലായത്. വിഷ്ണു കടന്നുകളഞ്ഞു.


പൊലീസ് അജയകുമാറിനെ കസ്റ്റഡിയിൽ എടുതു. ശേഷം അജയകുമാറിനോട് കൂട്ടുപ്രതിയെക്കുറിച്ചു തിരക്കി. ഒരു പേപ്പറും പെൻസിലും നൽകിയാൽ വിഷ്ണുവിനെ വരച്ചുനൽകാമെന്ന പറഞ്ഞു അജയകുമാർ. അത് കേട്ട് പോലീസുകാർ പേപ്പറും പെൻസിലും നൽകിയതോടെ അജയകുമാർ 2 മിനിറ്റിനുള്ളിൽ.. വെറും രണ്ടു മിനിറ്റിനുള്ളിൽ വിഷ്ണുവിന്റെ രേഖാചിത്രം പൂർത്തിയാക്കി. പക്ഷെ പോലീസുണ്ടോ വിശ്വസിക്കുന്നു. ആരെങ്കിലും കൂട്ടുപ്രതിയുടെ പടമൊക്കെ വരച്ചു നൽകുമോ. അത് കൊണ്ട് തന്നെ പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തില്ല. പക്ഷെ വിഷ്ണുവിനെ നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. അതുകൊണ്ട് സംശയനിവാരണത്തിനായി നാട്ടുകാരെ കാണിച്ചു. ആൾ ഇതുതന്നെയാണെന്ന് ദൃക്‌സാക്ഷികൾ ഉറപ്പിച്ചു പറഞ്ഞതോടെ അജയകുമാർ മോഷ്ടാവ് ആണെങ്കിലും ഉള്ളിലെ കലാകാരനിൽ കള്ളമില്ലെന്നു പൊലീസ് ഉറപ്പിച്ചു.