ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് രേഖ. റാംജി റാവു സ്‌പീക്കിങ്, ഏയ് ഓട്ടോ തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരം 80കളിലും 90കളിലും നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും നിറസാന്നിധ്യമായിരുന്നു രേഖ. മലയാളിയാണെങ്കിലും തമിഴിലൂടെ ആയിരുന്നു രേഖയുടെ അരങ്ങേറ്റം. 1986ല്‍ പുറത്തിറങ്ങിയ കടലോര കവിതൈകളാണ് ആദ്യ ചിത്രം. തുടര്‍ന്ന് തമിഴിലെ തിരക്കുള്ള നടിയായി മാറിയ ശേഷമാണ് രേഖ മലയാളത്തിലേക്ക് എത്തുന്നത്. അരങ്ങേറ്റ ചിത്രമായ റാംജി റാവു സ്‌പീക്കിങിലൂടെ തന്നെ ശ്രദ്ധ നേടാൻ കഴിഞ്ഞ രേഖയ്ക്ക് കൈ നിറയെ അവസരങ്ങളാണ് മലയാളത്തില്‍ നിന്നും ലഭിച്ചത്. അതോടെ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരില്‍ ഒരാളായി രേഖ മാറി. എന്നാല്‍ അധികം നാള്‍ അത് തുടര്‍ന്നില്ല. 1996ല്‍ വിവാഹിതയായ താരം അതോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു താരത്തിന്റെ മടങ്ങി വരവ്. തിരിച്ചു വരവിലും തമിഴിലും മലയാളത്തിലും രേഖ തിളങ്ങി. എന്നാല്‍ നായിക വേഷങ്ങളേക്കാള്‍ സഹനടി വേഷങ്ങളും ക്യാരക്ടര്‍ റോളുകളുമാണ് രേഖയ്ക്ക് ലഭിച്ചത്. അമ്മ വേഷങ്ങളില്‍ ഉള്‍പ്പടെയായി ഇന്നും സിനിമകളില്‍ സജീവമാണ് രേഖ. ഇടക്കാലത്ത് മിനി സ്ക്രീനിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച താരം ഒരുപിടി സീരിയലുകളില്‍ അഭിനയിക്കുകയും ബിഗ് ബോസ് തമിഴ് അടക്കമുള്ള റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുകയും ചെയ്തു. സിനിമയില്‍ സജീവമാണെങ്കിലും വളരെ കുറച്ച്‌ സിനിമകളില്‍ മാത്രമാണ് രേഖ അടുത്തിടെയായി അഭിനയിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം രേഖ ഇൻസ്റാഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. രേഖ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

മകളെക്കുറിച്ച്‌ അഭിമാനിക്കുന്ന അമ്മയാണ് ഞാന്‍. സുന്ദരിയും ബുദ്ധിശാലിയുമാണ് അവള്‍. ദൈവത്തിന് നന്ദിയെന്ന ക്യാപ്ഷനോടെയാണ് രേഖ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. അമ്മയും മകളും ഒരുപോലെയുണ്ട്. രണ്ടാളെയും ഒന്നിച്ച്‌ കാണാനായതില്‍ സന്തോഷം, രണ്ടാളെയും ഇഷ്ടം, രണ്ടാളും ക്യൂട്ടാണല്ലോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകള്‍. അടുത്തിടെയാണ് രേഖ തന്റെ യൂട്യൂബ് ചാനലിലൂടെ മകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയത്. സിനിമയില്‍ സജീവമായി നില്‍ക്കുന്ന സമയത്തും തന്റെ കുടുംബത്തെക്കുറിച്ച്‌ രേഖ അധികം സംസാരിച്ചിട്ടില്ല. മകളെയോ ഭര്‍ത്താവിനെയോ ക്യാമറയ്ക് മുന്നില്‍ കൊണ്ടുവരുകയോ ചെയ്തിട്ടില്ലായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് നടി മകളെ പരിചയപ്പെടുത്തിയത്. മകളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. മോള്‍ യുഎസിലാണ്. ഇടയ്ക്ക് എന്നെ കാണാനായി നാട്ടിലെത്താറുണ്ട്. അമ്മ അഭിനേത്രിയാണെങ്കിലും മകള്‍ക്ക് സിനിമ താല്‍പര്യമുണ്ടായിരുന്നില്ല. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ ജോലി നേടുകയായിരുന്നു അവള്‍. അതിലാണ് അവളുടെ ഫോക്കസ്. മോള്‍ വിദേശത്തേക്ക് പോയ സമയത്ത് എനിക്ക് മിസ്സിംഗുണ്ടായിരുന്നു. ബിസിനസ് കാര്യങ്ങളൊക്കെയായി ഭര്‍ത്താവ് മിക്കപ്പോഴും തിരക്കിലായിരിക്കും. അതിനാല്‍ത്തന്നെ എനിക്കൊരു ഒറ്റപ്പെടലുണ്ടായിരുന്നു. നാട്ടിലുള്ളപ്പോള്‍ ഞാനും മോളും മിക്കപ്പോഴും ഒന്നിച്ചായിരുന്നു. വിളിക്കുന്ന സമയത്തൊന്നും അവളെ കിട്ടാറില്ല. അവളുടേതായ തിരക്കുകളിലായിരുന്നു അവള്‍. വല്ലാതെ ബോറടിച്ച സമയത്താണ് താന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത്. മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ തന്നതെന്നും രേഖ പറയുകയുണ്ടായി. ബിസിനസുകാരനായ ജോര്‍ജ് ഹാരിസാണ് രേഖയുടെ ഭര്‍ത്താവ്. ഇവരുടെ ഏക മകളാണ് അബി.