രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിന് പിന്നാലെ ഒട്ടേറെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പേടകം കുതിച്ചുയരുന്ന ദൃശ്യങ്ങൾ വിമാനത്തിലിരുന്ന് പകര്‍ത്തിയിരിക്കുകയാണ് ഒരു യാത്രക്കാരന്‍. ചെന്നൈയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഇത് ട്വിറ്ററില്‍ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ വൈറലായി. വെള്ളിയാഴ്ചയായിരുന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ഏകദേശം ഒരു മാസമെടുത്താകും ചന്ദ്രയാന്‍ ചന്ദനിലേക്കെത്തുക. ഓഗസ്റ്റ് 23 ന് പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ലാന്‍ഡിംഗിന് ശേഷം ഇത് ഏകദേശം 14 ഭൗമദിനങ്ങള്‍ വരുന്ന ഒരു ചാന്ദ്ര ദിനത്തില്‍ പ്രവര്‍ത്തിക്കും. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍ -3. 2019 ല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് ചാന്ദ്രയാന്‍ -2 ദൗത്യം വെല്ലുവിളികള്‍ നേരിടുകയും ഒടുവില്‍ അതിന്റെ പ്രധാന ദൗത്യ ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടതായി കണക്കാക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചു ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണ പഥം രണ്ടാമതും വിജയകരമായി ഉയര്‍ത്തി ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് കുറഞ്ഞത് 200 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലൂടെയാണ് ഇപ്പോൾ പേടകം നീങ്ങുന്നത്. ഇങ്ങനെ ഭ്രമണ പഥം ഉയര്‍ത്തി നിശ്ചിത ഉയരത്തിലെത്തിയതിന് ശേഷമാണ് ഭൂമിയുടെ ഗുരുത്വ ബലത്തില്‍ നിന്ന് പുറത്തു കടന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പേടകം കുതിക്കുക.

ഇത്തരത്തില്‍ മൂന്ന് തവണ കൂടി ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തും.വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യില്‍ ആയിരുന്നു വിക്ഷേപണം. കൃത്യമായ ഭ്രമണ പഥത്തില്‍ തന്നെയാണ് പേടകം സ്ഥാപിച്ചത്.ഓഗസ്റ്റ് മൂന്നിനായിരിക്കും പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ഓഗസ്റ്റ് 23 ഓടുകൂടി പേടകം ചന്ദ്രനില്‍ ഇറക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.