ജനനം മുതല്‍ തന്നെ അച്ഛനമ്മമാരുടെ സ്‌നേഹം നഷ്ടപ്പെട്ടവരാണ് വാണിയും വീണയും. തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഇരുവരെയും ജനിച്ച ഉടനെ തന്നെ വാണിയെയും വീണയെയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. പക്ഷേ ജീവിതത്തില്‍ തിരസ്‌കരിക്കപ്പെട്ടിടത്തുനിന്നും ഉന്നത വിജയം തേടി പ്രചോദനം പകരുകയാണ് ഇരുവരും.

ഹൈദരാബാദ് സ്വദേശികളാണ് വാണിയും വീണയും. ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് 12ാം ക്ലാസ് പരീക്ഷയെഴുതിയാണ്. തെലങ്കാനയിലെ ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എക്‌സാമിനേഷന്‍ സഹോദരിമാര്‍ക്ക് പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്.

സ്വന്തം യോഗ്യതയിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച നേട്ടം കൈവരിക്കണമെന്നാണ് വാണിയും വീണയും പറയുന്നു. പരീക്ഷയ്ക്ക് പ്രത്യേക പരിഗണനയ്ക്കുണ്ടായിരുന്ന അധിക സമയത്തിന്റെ ആനുകൂല്യവും ഇവര്‍ നിരസിച്ചു.

അവര്‍ സമയം അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞുവെന്ന് പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്ററായിരുന്ന അരുണ പറഞ്ഞു. ‘ഞങ്ങള്‍ വളരെ വേഗത്തില്‍ എഴുതി’ പരീക്ഷ എഴുതിയ ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

പ്ലസ് ടുവിന് ശേഷം ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി മേഖലയില്‍ കരിയര്‍ തുടരാനുള്ള തയ്യാറെടുപ്പിലാണ്. ‘ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ പ്ലസ്ടുവിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകാനുള്ള ഫൗണ്ടേഷന്‍ കോഴ്‌സിന് ചേരും,’ വാണി പറയുന്നു.

പരീക്ഷാ സമയത്ത് തങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കോപ്പിയടിക്കുന്നുണ്ടെന്നും പലരും വിചാരിച്ചേക്കാം, എന്നാല്‍ തങ്ങള്‍ മത്സരബുദ്ധിയുള്ളവരാണെന്നും പരീക്ഷാ സമയത്ത് പരസ്പരം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വാണി പറയുന്നു.

2003 ഒക്ടോബര്‍ 15 ന് തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് വാണിയും വീണയും ജനിച്ചത്. മാതാപിതാക്കള്‍ ദിവസക്കൂലിക്കാരായിരുന്നു. അവര്‍ക്ക് ഇരുവരെയും വളര്‍ത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. രണ്ടുപേരെയും ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ശേഷം 2017ല്‍ സര്‍ക്കാര്‍ സ്റ്റേ ഹോമിലായിരുന്നു ഇരുവരും.