ഷെയ്ൻ നിഗം നായകൻ ആയെത്തുന്ന ലിറ്റിൽ ഹാർട്സിന്റെ  ചിത്രീകരണം ആരംഭിച്ചു. ഇടുക്കിയിലെ കട്ടപ്പന, ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി. സാന്ദ്ര തോമസ് നിർമിക്കുന്ന പുതിയ സിനിമയുടെ ലോഞ്ച് വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് ഇപ്പോൾ. ഷെയ്ൻ നിഗം നായകൻ ആയെത്തുമ്പോൾ ഭീഷ്മ പർവ്വം എന്ന സൂപ്പർഹിറ്റ് മലയാള ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയായ  അനഘ മരുതോരയാണ് നായികയായി എത്തുന്നത്. ചിത്രത്തിന് ‘ലിറ്റിൽ ഹാർട്സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഏറെ കൗതുകവും പുതുമയും നൽകുന്ന ഒരു ടൈറ്റിൽ ലോഞ്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിരിക്കുന്നത്. നിർമ്മാതാവും, സംവിധായകരും പ്രധാന അഭിനേതാക്കളായ പ്രധാന അഭിനേതാക്കളായ ഷെയ്ൻ നിഗം. ബാബുരാജ്, ഷൈൻ ടോം ചാക്കോ, അനഘ മരുതോര എന്നിവർ ഒന്നിച്ചെത്തിയ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ഒരു വിഡിയോയിലൂടെയാണ് ടൈറ്റിൽ പുറത്തു വിട്ടിരിക്കുന്നത്. രശ്മിക മന്ദാനയെ തന്റെ നായികയായി കൊണ്ടു വന്നാലോ എന്ന് സാന്ദ്രയോട് ചോദിക്കുന്ന ഷെയ്നിന്റെ ഡയലോഗ് ഒരു വിമർശനത്തിന്റെ മറുപടി കൂടിയാണ്. സെൽഫ് ട്രോൾ അടങ്ങുന്ന ഡയലോഗുകളുമായി നായകൻ ഷെയ്ൻ നിഗം തന്നെയാണ് വീഡിയോയുടെ മുഖ്യാകർഷണം. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ലിറ്റിൽ ഹാർട്സ്’ രണ്ടാം വരവിൽ സാന്ദ്ര തോമസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. നല്ല നിലാവുള്ള രാത്രിയുമായാണ് സാന്ദ്ര തോമസ് സിനിമയിലെ രണ്ടാം വരവിന് തുടക്കം കുറിച്ചത്. ലിറ്റിൽ ഹാർട്ട്സ് ഏറെ പുതുമകളുള്ള ചിത്രമായിരിക്കുമെന്നാണ് ടൈറ്റിൽ വിഡിയോ തന്നെ സൂചിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയോര മേഖലയുടെ പശ്ചാത്തലത്തിലാണ്  ചിത്രത്തിന്റെ കഥ പറയുന്നത്. കളർഫുൾ കോമഡി എന്റർടൈനർ ആയിരിക്കും ചിത്രം. ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നു വിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിത പശ്ചാത്തലത്തിലൂടെ ബന്ധങ്ങൾക്കും, മൂല്യങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം. പൂർണ്ണമായും യുവാക്കളുടെ കാഴ്ച്ചപ്പാടുകൾ നൽകിക്കൊണ്ട്, അവരുടെ വികാര വിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബിജു മേനോൻ- റോഷൻ മാത്യു ചിത്രം ‘ഒരു തെക്കൻ തല്ല് കേസ്’, റിലീസിന് തയ്യാറെടുക്കുന്ന പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാജേഷ് പിന്നാടൻ ആണ്  ലിറ്റിൽ ഹേർട്ട്സിനും തിരക്കഥ ഒരുക്കുന്നത്. ഏഴ് പാട്ടുകളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് കൈലാസ് മേനോൻ ആണ്. ക്യാമറ ലുക്ക് ജോസ് കൈകാര്യം ചെയ്യുന്നു. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്‌ഷൻ ഹെഡ് അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി ക്രിയേറ്റീവ് ഡയറക്ടർ ദിപിൽദേവ്, പ്രൊഡക്‌ഷൻ കൺട്രോളർ ഡേവിസൺ സി.ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി റിഷ്ദാൻ അബ്ദുൾ റഷീദ്, പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ എന്നിവരും നിർവഹിക്കുന്നു. വീഡിയോ നൽകുന്ന കൗതുകം ചിത്രത്തിലുമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം . ചിത്രം ക്രിസ്തുമസ്സിന് പ്രദർശനത്തിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഏതായാലും ഈ പുതിയ ചിത്രത്തിനായി വളരേ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.