രജനികാന്തിന്റെ ജയിലർ ബ്ലോക് ബസ്റ്റർ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന പേരാണ് വിനായകൻ. വർമൻ എന്ന വില്ലൻ കഥാപാത്രമായെത്തി തെന്നിന്ത്യൻ സിനിമാസ്വാദകരെ ഒന്നാകെ അമ്പരപ്പിച്ച പ്രതിഭ. തമിഴ് സിനിമയുടെ ഇതിഹാസമായ രജനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വിനായകനെ കണ്ട് ‘സമീപകാലത്ത് ഇന്ത്യൻ സിനിമ കണ്ട മികച്ച വില്ലൻ’ എന്ന് ഏവരും വിധിയെഴുതി. അതുവരെ പലരുടെയും മനസിൽ ഉണ്ടായിരുന്ന വില്ലൻ കഥാപാത്രങ്ങളെ തിരുത്തിക്കുറിക്കാൻ വിനയകനായി എന്നതാണ് യാഥാർത്ഥ്യം. ജയിലർ വിജയം എങ്ങും കൊണ്ടാടുമ്പോൾ വിനായകനെ കുറിച്ച് നടൻ പ്രശാന്ത് മുരളി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. രഘുവരൻ ആയിരുന്നു തന്റെ ഇഷ്ട വില്ലനെന്നും എന്നാൽ ജയിലർ ഇറങ്ങിയതോടെ അത് മാറിയെന്നും പ്രശാന്ത് മുരളി പറയുന്നു. “അടുത്തിടെ വരെ രഘുവരന്‍ കഴിഞ്ഞിട്ടേ എനിക്ക് വെറൊരു ഇഷ്ട വില്ലന്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ജയിലര്‍ ഇറങ്ങിയപ്പോള്‍ അത് മാറി. വിനായകന്‍ ചേട്ടന്‍ ഒരുരക്ഷേം ഇല്ല. സിനിമയ്ക്ക് അകത്ത് നില്ക്കുന്നവര്‍ ചിന്തിക്കുമ്പോള്‍ രജനികാന്തിനെതിരെ ആണ് നില്‍ക്കുന്നത്.

അത്രയും ലെജന്‍ററിയായ മനുഷ്യനൊപ്പം ഒരു സെക്കന്‍ഡ് പോലും മാറിയിട്ടില്ല. അത് ഭയങ്കര ടാലന്റ് ആണ്. ആ ഒരു കഥാപാത്രത്തിലേക്ക് മാറുക എന്നത് ചില്ലറ കാര്യമല്ല. പുറത്ത് എന്തോ ആയിക്കോട്ടേ. ആള് ക്യാമറയ്ക്ക് മുന്നില്‍ എന്താണ് എന്ന് നോക്കിയാല്‍ മതിയല്ലോ. പ്രേക്ഷകരെ സംബന്ധിച്ച് ആതാണ് വേണ്ടത്”, എന്നാണ് പ്രശാന്ത് മുരളി പറഞ്ഞത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പ്രശാന്തിന്റെ പ്രതികരണം. പന്ത്രണ്ട്, തൊട്ടപ്പൻ എന്നീ സിനിമകളിൽ പ്രശാന്ത് മുരളി വിനായകനൊപ്പം അഭിനയിച്ചിരുന്നു. അതിനിടെ തനിക്കുണ്ടായൊരു അനുഭവവും പ്രശാന്ത് പങ്കുവച്ചു. “കാശൊക്കെ കിട്ടാറുണ്ടോ എന്ന് ഒരു ദിവസം എന്നോട് വിനായകൻ ചേട്ടൻ ചോദിച്ചു. കിട്ടാറുണ്ടെന്ന് പറഞ്ഞപ്പോൾ ഇല്ലെങ്കിൽ ചോദിക്കണമെന്നും പറഞ്ഞു. ചോദിക്കാമെന്ന് പറഞ്ഞപ്പോൾ,മര്യാദയ്ക്ക് അപേക്ഷിക്കുകയെല്ലാം ചെയ്യണമെന്നും അല്ലെങ്കിൽ സിനിമയിൽ നിന്നും തൂക്കിയെടുത്ത് കളയുമെന്നും തമാശയായി അദ്ദേഹം പറഞ്ഞു”, എന്ന് പ്രശാന്ത് പറയുന്നു. അതേസമയം  റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോൾ ആദ്യദിനത്തിലെ അതേ ആവേശത്തിലാണ് വിനായകൻ. വർമൻ എന്ന കഥാപാത്രമായെത്തിയ വിനായകനെ കണ്ട് തെന്നിന്ത്യ ഒന്നാകെ കയ്യടിച്ചു. വിനായകനുമായി ബന്ധപ്പെട്ട ഒരുകാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.വിനായകന് എന്തുകൊണ്ട് കാറും ചെക്കും കൊടുത്തില്ല എന്നതാണ് അക്കാര്യം. രജനികാന്ത്, നെൽസൺ ദിലീപ് കുമാർ, അനിരുദ്ധ് എന്നിവർക്ക് ജയിലറിന്റെ വിജയത്തിൽ സമ്മാനമായി കാറും ചെക്കും നിർമാതാക്കൾ കൈമാറിയിരുന്നു. അവർക്കൊപ്പമോ, അവരെക്കാൾ ഉപരിയോ സിനിമയുടെ വിജയത്തിന് കാരണമായ വിനായകന് സമ്മാനങ്ങൾ നൽകിയിരുന്നില്ല. ഇതാണ് ‘വർമൻ’ ആരാധരെ ചൊടിപ്പിച്ചിരിക്കുന്നത്. സൺ പിക്ചേഴ്സിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ എല്ലാം വിനായന് സമ്മാനം കൊടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. “പടം സൂപ്പർ, പക്ഷേ ഇപ്പോൾ നിങ്ങൾ ചെയ്യുന്നത് ശരിയല്ല. കേരള നടൻ വിനായകനാണ് ഈ പടം ഹിറ്റാകാൻ കാരണം. എല്ലാവർക്കും നിങ്ങൾ ​ഗിഫ്റ്റി കൊടുത്തു. വില്ലന് എന്താ ഗിഫ്റ്റ് വേണ്ടയോ ?, വർമ്മൻ എന്ന കഥാപാത്രത്തെ വിനായകൻ മികച്ചതാക്കി, ഒരു കാർ അദ്ദേഹം അർഹിക്കുന്നു, വില്ലൻ നന്നായത് കൊണ്ടാണ് സിനിമയും നന്നായത്”, എന്നിങ്ങനെ പോകുന്നു കമന്റുകൾ. കഴിഞ്ഞ ദിവസം തന്റെ കഥാപാത്രത്തെ കുറിച്ച് വിനായകൻ പറഞ്ഞ കാര്യങ്ങൾ സൺ പിക്ചേഴ്സ് പുറത്തുവിട്ടിരുന്നു. ഈ വീഡിയോയ്ക്ക് താഴെയും വിനായകന് ​ഗിഫ്റ്റ് കൊടുക്കണമെന്നും അദ്ദേഹം അതിന് അർഹനാണെന്നും ആവശ്യം ഉയർന്നിരുന്നു. സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വിജയമാണ് വർമന് ലഭിച്ചതെന്നും തനിക്ക് ഈ വേഷം നൽകിയ സംവിധായകനോടും രജനികാന്തിനോടും നിർമാതാക്കളോടും നന്ദി അറിയിക്കുന്നുവെന്നും വിനായകൻ പറഞ്ഞിരുന്നു.