സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള  ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ആടാനുള്ളത് എന്നാണ് വാലിബന്റെ പ്രൊമോഷൻ അഭിമുഖ സമയത്ത് മോഹൻലാൽ പറഞ്ഞിരുന്നത്.  ‘എമ്പുരാനി’ലെ അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള ഒരു സൂചന മാത്രമായിരുന്നു മോഹൻലാൽ അന്ന് തന്നിരുന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ലൊക്കേഷൻ വീഡിയോ  ആണ്‌  വൈറലാകു ന്നത്. സിനിമയുടെ ഷൂട്ടിങിനായി അമേരിക്കയിലെത്തിയിട്ടുണ്ട്  മോഹന്‍ലാല്‍. വാലിബനായി പോയ മോഹൻലാൽ  ഖുറേഷി അബ്രഹാമായി തിരിച്ചുവരുന്നതും  കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകര്‍.

വാലിബന്റെ ഷൂട്ടിങ് കഴിഞ്ഞ്  മോഹൻലാൽ കേരളത്തിലെ  റിലീസിന് പോലും കാത്തു നില്‍ക്കാതെ പോയത് ‘എമ്പുരാന്‍’ ഷൂട്ടിങ്  സെറ്റിലേക്കാണ്.മലയാള സിനിമയെ തന്നെ  അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട് , എമ്പുരാൻ വമ്പൻ വിജയം നേടിയ ലൂസിഫറിന്റെ  തുടർച്ചയാണ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ വലിയ ആവേശത്തിലായിരുന്നു ആരാധകർ.  ഇപ്പോഴിതാ ആരാധകരുടെ ഈ  ആവേശം ഇരട്ടിയാക്കി ചിത്രത്തിന്റെ ഒരു ലൊക്കേഷൻ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. അമേരിക്കയിൽ നിന്നുള്ള എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞത് പോലെത്തന്നെ  ഹെലികോപ്റ്ററും ആഡംബര വാഹനങ്ങളുമായി ഹോളിവുഡ് സിനിമയിലേതിന് സമാനമായ ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിൽ കാണാനാകുക

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ രണ്ട് ഷെഡ്യൂളുകളാണ് ഇപ്പോൾ നിലവിൽ പൂര‍്ത്തിയായത്.   ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂൾ ആണ് അമേരിക്കയിൽ ഇപ്പോൾ  പുരോഗമിക്കുന്നത്. ഷിംലയിലും യുകെയിലും ചിത്രീകരിച്ച ശേഷമാണ്  അമേരിക്കയിലെ ഷൂട്ടിങ്. ജനുവരി 28ന് മോഹൻലാലും ഈ ലൊക്കേഷനിൽ ജോയിൻ ചെയ്തിരുന്നു.ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.  20ഓളം വിദേശരാജ്യങ്ങളിലാണ് ചിത്രീകരണം. എന്തായാലും  പ്രഖ്യാപന ഘട്ടം മുതല്‍ മലയാളത്തില്‍ ഏറ്റവുമധികം പ്രതീക്ഷ തീര്‍ത്ത സിനിമയാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’.കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള സ്റ്റീഫൻ നെടുമ്പള്ളി അബ്രാം ഖുറേഷിയെന്ന ആയുധ വ്യാപാരി കൂടിയായ അധോലോക നായകനാണെന്ന് സൂചന നൽകിയാണ് ലൂസിഫർ അവസാനിച്ചത്. ഇതിന്റെ കഥാതുടർച്ചയാണ് എമ്പുരാൻ.