നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. 41 വയസായി മലയാളത്തിന്റെ പ്രിയ താരത്തിന്. മോഹൻലാലാല്‍ നായകനാകുന്ന എമ്പുരാൻ എന്ന സിനിമയുടെ ലൊക്കേഷനിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. വൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. എമ്പുരാന്റെ പ്രവര്‍ത്തകര്‍ പൃഥ്വിരാജിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ഇപ്പോൾ. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റെ ആദ്യ സിനിമയായിരുന്നു ലൂസിഫര്‍. ലൂസിഫര്‍ എമ്പുരാനായി വീണ്ടും എത്തുമ്പോള്‍ താരത്തിന്റെ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രമാകും എമ്പുരാൻ എന്നാണ് പ്രതീക്ഷകള്‍. എമ്പുരാനിലെ നായകൻ മോഹൻലാലും തിരക്കഥാകൃത്ത് മുരളി ഗോപിയും ഛായാഗ്രാഹകൻ സുജിത്ത് വാസുദേവും സംഗീത സംവിധായകൻ ദീപക് ദേവും അടക്കമുള്ളവരാണ് പൃഥിരാജിന്റെ ജന്മദിനത്തില്‍ തയ്യാറാക്കിയ ഈ വീഡിയോയില്‍ ആശംസകള്‍ നേരുന്നത്. ആശംസകള്‍ നേര്‍ന്ന മോഹൻലാലിന് നന്ദി പറഞ്ഞ് പൃഥ്വിരാജും എത്തിയിട്ടുണ്ട്. താങ്ക് യു ചേട്ടാ എന്നാണ് താരത്തിന്റെ മറുപടി. എന്തായാലും പൃഥ്വിരാജിന് ജന്മദിന ആശംസകളുമായുള്ള ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ ഹിറ്റായി മാറിയിരിക്കുകയാണ് ഇപ്പോൾ. ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം പൃഥ്‌വിരാജിന് ആശംസകള്‍ അറിയിച്ചെത്തുന്നുണ്ട്. ദില്ലിയിലാണ് എമ്പുരാന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നത്. ഓഗസ്റ്റ് 15ന് ഡല്‍ഹിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോള്‍ ലഡാക്കില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് അടുത്തിടെ എമ്പുരാന്റെ ആരംഭിച്ചത്. പ്രൊഡക്ഷണൻ കണ്‍ട്രോളര്‍ സിദ്ധു പനയ്‍ക്കലും ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ എം ആര്‍ രാജകൃഷ്‍ണനും വസ്‍ത്രാലങ്കാരം സുജിത്ത് സുധാകറുമാണ് നിർവഹിക്കുന്നത്. ആക്ഷൻ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വയും നിർവഹിക്കും. സിനിമാപ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മാണ പങ്കാളിയാണ്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാൻ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍. അതേസമയം ജീത്തു ജോസഫിന്റെ നേര് എന്ന ചിത്രമാണ് മോഹൻലാല്‍ നായകനായി അവസാനമായി പൂര്‍ത്തിയാക്കിയിരിക്കുന്നചിത്രം. നീതി തേടുന്നു എന്നാണ് ഈ മോഹൻലാല്‍ ചിത്രത്തിന്റെ ടാഗ്‍ലൈൻ. സതീഷ് കുറുപ്പാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. വിഷ്‍ണു ശ്യാമാണ് നേരിന്റെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം നിർവഹിക്കുന്നത്. ഒരു കോര്‍ട്ട് സസ്‍പെൻസ് ത്രില്ലര്‍ ചിത്രമായിരിക്കും നേര് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബര്‍ 21ന് മോഹൻലാല്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.