രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ‘ജയിലര്‍’ തമിഴിലെ എല്ലാ റെക്കോഡുകളും ഭേദിച്ച്‌ മുന്നേറുകയാണ്. മലയാള നടൻ വിനായകൻ ആണ് ചിത്രത്തിലെ ‘വര്‍മൻ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമ ഹിറ്റായതിന് പിന്നാലെ വിനായകന്റെ വര്‍മനും ഹിറ്റായി മാറി.  സോഷ്യല്‍ മീഡിയ അടക്കം നടനായുള്ള പ്രശംസകളാൽ നിറഞ്ഞു. ഇപ്പോഴിതാ, ചിത്രത്തിന്റെ വിജയത്തെ കുറിച്ച്‌ ആദ്യമായി മനസ് തുറക്കുകയാണ് വിനായകൻ. സിനിമ ഹിറ്റായതില്‍ എല്ലാ ക്രഡിറ്റും രജനീകാന്തിന് ആണെന്നും അദ്ദേഹത്തെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും വിനായകൻ പറയുന്നു. വിനായകൻ്റെ ആദ്യ പ്രതികരണം പങ്കുവെച്ച്‌ സണ്‍ പിക്‌ചേഴ്‌സ് ജയിലർ സിനിമയുടെ വിജയത്തില്‍ വിനായകന്റെ പ്രതികരണം പുറത്തുവിട്ട് സണ്‍ പിക്‌ചേഴ്‌സ്. സിനിമയെക്കുറിച്ചും തന്റെ വേഷത്തെക്കുറിച്ചും വിനായകൻ സംസാരിക്കുന്ന വീഡിയോ ഫേസ്ബുക് വഴിയാണ് സണ്‍ പിക്‌ചേഴ്‌സ് പുറത്തു വിട്ടത്. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിധം വര്‍മൻ ഹിറ്റായെന്നും അതിന് കാരണക്കാരായവരോട് ഒരുപാട് നന്ദിയെന്നും വിഡിയോയില്‍ വിനായകൻ പറയുന്നുണ്ട്. മനസ്സിലായോ, നാൻ താൻ വര്‍മൻ. ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാൻ വീട്ടില്‍ ഇല്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോണ്‍ എല്ലാം ഓഫായിരുന്നു. തിരിച്ച്‌ വന്ന് നോക്കിയപ്പോള്‍ ഒത്തിരി മിസ് കോള്‍ മാനേജര്‍ വിളിച്ച്‌ കാര്യം പറഞ്ഞു. തിരിച്ച്‌ വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പറയുന്നത്. നെല്‍സണ്‍ ദിലീപ്കുമാർ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതല്‍ ഒന്നും ചോദിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. ഞാനാണ് പ്രധാന വില്ലൻ എന്ന് നെല്‍സണ്‍ ദിലീപ്കുമാർ പറഞ്ഞു. രജനി സാറിനൊപ്പം അഭിനയിച്ചതിനെ കുറിച്ച്‌ ഒന്നും പറയാൻ പറ്റില്ല. ഒന്ന് കാണാൻ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേര്‍ത്തണച്ച്‌ എനര്‍ജി തന്നത് ഇതൊന്നും മറക്കാൻ പറ്റില്ല. വര്‍മൻ ഇത്രയും ലെവലില്‍ എത്താൻ കാരണം രജനികാന്ത് ആണ്. എന്റെ വേഷത്തെ കുറിച്ച്‌ മാത്രമാണ് നെല്‍സണ്‍ സാര്‍ പറഞ്ഞത്. ഞാൻ പല സിനിമകളിലും സ്ക്രിപ്റ്റ് കേള്‍ക്കാറില്ല. പല കാരണങ്ങളാലും സ്ക്രിപ്റ്റ് മാറാം. വീട്ടില്‍ ഇരുന്ന് വെളിയില്‍ പോകാൻ സാധിക്കാത്ത രീതിയില്‍ വര്‍മൻ ഹിറ്റായി.

സ്വപ്നത്തില്‍ പോലും യോസിക്കലേ സാര്‍. നെല്‍സണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരൻ സാറിനും ഒരുപാട് നന്ദി’, വിനായകൻ പറഞ്ഞു.രജനികാന്ത് നായകനായി എത്തുന്ന ചിത്രം. ആതായിരുന്നു ജയിലര്‍ എന്ന ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ച ഘടകം.എന്നാല്‍ പിന്നീട് വന്ന അപ്ഡേറ്റുകള്‍ എല്ലാം ഓരോ സിനിമാപ്രേമിയെയും അമ്ബരപ്പിക്കുന്നതായിരുന്നു. പ്രത്യേകിച്ച്‌ മോഹൻലാലിന്റെയും ശിവരാജ് കുമാറിന്റെയും കാമിയോ റോള്‍. വിനായകൻ ആണ് ചിത്രത്തിലെ വില്ലൻ എന്ന് ആദ്യമെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എപ്പോഴത്തെയും പോലെ തന്റെ റോള്‍ വിനായകൻ ഗംഭീരമാക്കുമെന്ന് മലയാളികള്‍ ഉള്‍പ്പടെ വിധിയെഴുതി. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കും മേലെ ആയിരുന്നു ‘വര്‍മൻ’ ആയുള്ള വിനായകന്റെ പ്രകടനം. വിവിധ പ്രദേശങ്ങളില്‍, ഭാഷകളിലുള്ള സിനിമാസ്വാദകര്‍ ‘വര്‍മനെ’ കൊണ്ടാടി. ജയിലറിന്റെ വലിയ വിജയത്തിന് പിന്നിലെ ശക്തമായ കരങ്ങള്‍ വിനായകന്റേത് തന്നെ ആണെന്നാകും  സിനിമ കണ്ട ഏവർക്കും പറയാൻ പറയാൻ ഉള്ളത്.