‘ഗോള്‍ഡ് കാപ്പുച്ചീനോ’എന്ന് നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും ഇതൊന്ന് രുചിച്ചു നോക്കണമെന്ന് ആഗ്രഹിച്ചിട്ടും ഉണ്ടാകും. ദുബായില്‍ പോകുന്നവർക്ക് ഒക്കെ ഇത് രുചിക്കാൻ അവസരം കിട്ടാറുമുണ്ട്. 24 കാരറ്റ് സ്വര്‍ണം ചേര്‍ത്തതാണ് ഈ ഗോൾഡ് കാപ്പുച്ചിനോ. യുട്യൂബറും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസ് ഈ ഗോൾഡ് കാപ്പുച്ചിനോ രുചിച്ചു നോക്കിയതിന്റെ അനുഭവം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.
ദുബായിലെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബില്‍ നിന്നാണ് മാളവികയും ഭര്‍ത്താവ് തേജസും ഗോള്‍ഡ് കാപ്പുച്ചീനോ കുടിച്ചത്. കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും രുചി അത്ര നല്ലതല്ലെന്ന് മാളവിക യുട്യൂബില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.ഇത് കുടിച്ചശേഷം ചുണ്ടില്‍ സ്വര്‍ണനിറം വന്നപ്പോള്‍ രസകരമായ കമന്റുകള്‍ തേജസും മാളവികയും പങ്കുവെയ്ക്കുന്നുണ്ട്. ‘ഇതെന്താ പിടയ്ക്കണ മീനോ’ എന്നായിരുന്നു തേജസിന്റെ കമന്റ്. ‘ചുണ്ട് കൊണ്ടുപോയി ബാങ്കില്‍ പണയം വെയ്ക്കാം’ എന്ന് മാളവിക രസകരമായി പറയുന്നതും വീഡിയോയില്‍ കാണാം.
ചുണ്ടിലെ സ്വര്‍ണനിറം തുടച്ചുകളയാൻ പ്രയാസമാണ്. വെറ്റ് വൈപ് കൊണ്ട് ഉരച്ചിട്ടാണ് ചുണ്ടില്‍ നിന്ന് സ്വര്‍ണ നിറം മാഞ്ഞത്. ഭയങ്കര കയ്പുള്ളതിനാല്‍ ഒറ്റ തവണ മാത്രമേ ഇത് പരീക്ഷിക്കാൻ കഴിയുകയുള്ളുവെന്നും മാളവിക കൂട്ടിച്ചേര്‍ക്കുന്നു. ബുര്‍ജ് അല്‍ അറബില്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി പതിനൊന്നു വരെ ഇവിടെ ഗോള്‍ഡ് കാപ്പുച്ചീനോ ലഭിക്കും. അറബിക്ക ബീൻസും പാലും ചേര്‍ത്തുണ്ടാക്കുന്ന ഈ കാപ്പിക്ക് മുകളില്‍ സ്വര്‍ണ പ്ലേറ്റിങ് കൊടുക്കുകയാണ് ചെയ്യുന്നത്.
ബുര്‍ജ് അല്‍ അറബിലെ മറ്റു കാഴ്ച്ചകളും മാളവിക വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് നോക്കിയാല്‍ വിശാലമായ ദുബായ് നഗരവും കാണാൻ കഴിയും. ഇവിടുത്തെ ഡൈനിങ് അനുഭവവും അവര്‍ പങ്കുവെയ്ക്കുന്നുണ്ട്. മുന്നിലെ മേശയിലെ സ്ക്രീനില്‍ അവിടെ വിളമ്പുന്ന ഭക്ഷണങ്ങള്‍ കാണുവാനുള്ള സൗകര്യവും ഉണ്ട്. ഇതു നോക്കി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുവാനും കഴിയും.