ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ മലയാള ചിത്രം നമ്മള്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ മായാതെ നില്‍്ക്കുന്ന ചിത്രമാണ്. കമല്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രേണുക മേനോന്‍. സിനിമയെ കുറിച്ചും, സിദ്ധാര്‍ത്ഥിനേയും ജിഷ്ണുവിനെയും കുറിച്ചുമൊക്കെ പറയുന്ന രേണുകയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

രേണുകയുടെ വാക്കുകള്‍- സിനിമയെ വളരെയധികം സ്‌നേഹിക്കുന്ന അത് തന്നെ കരിയറാക്കണമെന്ന് ആഗ്രഹിച്ചു നില്‍ക്കുന്ന നിരവധി പേര്‍ മലയാളത്തിലുണ്ടെന്നും അതുകൊണ്ട് തന്നെ ഏത് കഥാപാത്രമായാലും അവരെപ്പോലുള്ളവര്‍ ചെയ്യുന്നതാവും നല്ലത്. നമ്മള്‍ സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ സിദ്ധാര്‍ത്ഥുമായി സ്ഥിരം അടിയായിരുന്നെന്നും എന്തെങ്കിലും പറഞ്ഞ് തന്നെ ദേഷ്യംപിടിപ്പിക്കുക സിദ്ധാര്‍ത്ഥിന്റെ രീതി ആയിരുന്നെന്നും രേണുക പറയുന്നു. സിദ്ധു ഭയങ്കര രസികനാണ്.

സംസാരിക്കുമ്പോള്‍ എപ്പോഴും കളിയാക്കിക്കൊണ്ട് എന്തെങ്കിലുമൊരു കോമഡി പറയും. നമ്മളെ ചൊറിഞ്ഞുകൊണ്ടിരിക്കുക എന്ന് പറയില്ലേ. എന്റെ സഹോദരനും അങ്ങനെയാണ്. അതുകൊണ്ട് എനിക്ക് അത് പരിചയമാണ്. സിദ്ധു പറയുന്നതിലെല്ലാം കോമഡി ഉണ്ടാവും. പക്ഷേ എന്നെ കളിയാക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും.
നമ്മള്‍ സിനിമയ്ക്ക് ശേഷം ദുബായില്‍ ഞങ്ങള്‍ ഒരു ഷോയ്ക്ക് പോയിരുന്നു. ഷോ കഴിഞ്ഞ് പിരിയാന്‍ നേരം എന്നെ ഹഗ്ഗ് ചെയ്തുകൊണ്ട് ‘ നീയൊരു അഹങ്കാരിയാണെന്നായിരുന്നു ഞങ്ങള്‍ പലരും കരുതിയതെന്നും ഇപ്പോഴാണ് നീയൊരു പാവമാണെന്ന് മനസിലായതെന്നും’ പറഞ്ഞു. അന്ന് ഭായ് പറഞ്ഞ് പിരിഞ്ഞതാണ്. അതുപോലെ ജിഷ്ണുവിനെ കുറിച്ച് പറയുകയാണെങ്കില്‍ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ജിഷ്ണുവിനൊപ്പം വേറെയും സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിച്ചിരുന്നു ആളായിരുന്നു ജിഷ്ണു. ജിഷ്ണുവിന്റെ മരണവാര്‍ത്ത ഭയങ്കര ഷോക്കായിരുന്നു. നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഇപ്പോഴും രാഘവന്‍ അങ്കിളിനെ പറ്റി ആലോചിക്കുമ്പോള്‍ സങ്കടമാണ്.