ഇടവേളക്ക് ശേഷം നസ്രിയ നായികയായെത്തുന്ന ചിത്രം അണ്ടേ സുന്ദരാനികിയുടെ ട്രെയ്ലര്‍ പുറത്തുവന്നു. തെലുങ്ക് സൂപ്പര്‍ താരം നാനിയാണ് നായകന്‍. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് അണ്ടേ സുന്ദരാനികി. 2020 ല്‍ പുറത്തിറങ്ങിയ മണിയറയിലെ അശോകനിലാണ് നസ്രിയ ഒടുവില്‍ അഭിനയിച്ചത്.

അണ്ടേ സുന്ദരാനികിയുടെ ടീസറും പാട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു, അതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ട്രെയ്ലറിനും വന്‍ വരവേല്‍പ്പ് തന്നെയാണ് സോഷ്യലിടത്ത് ലഭിക്കുന്നത്.

‘ലീല തോമസ്’ എന്ന കഥാപാത്രത്തെയാണ് നസ്രിയ അണ്ടേ സുന്ദരാനികിയില്‍ അവതരിപ്പിക്കുന്നത്. ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് ‘അണ്ടേ സുന്ദരാനികി’യുടെ പ്രമേയം.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹര്‍ഷ വര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.