മലയാളിപ്രേക്ഷകരെ കുടെകൂടെ ചിരിപ്പിച്ച അവരുടെ സ്വന്തം നടനായ ഇന്നസെന്റ് ഈ ലോകത്തുനിന്നും വിട പറഞ്ഞിട്ട് ഇന്നേക്ക് ഒരു വര്ഷം തികയുകയാണ്, അദ്ദേഹം വെറുമൊരു നടനോ ,കൊമേഡിയനോ മാത്രമായിരുന്നില്ല. പ്രതിസന്ധികളെ തരണം ചെയ്ത ജീവിതവിജയം നേടാമെന്ന മാതൃക കൂടികാണിച്ച ഒരു വ്യക്തി കൂടിയായിരുന്നു.1982 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ഓർമയ്ക്കായി ആണ് ഇന്നസെന്റിന്റെ  അഭിനയജീവിതത്തിൽ വഴിത്തിരിവായിയത്.തൃശൂർ ഭാഷയിൽ ഇന്നസെൻ്റ് ആദ്യമായി സംസാരിക്കുന്നതും ഈ സിനിമയിലാണ്

അദ്ദേഹം 750 ഓളം സിനിമകളില്‍ നിറസാന്നിധ്യമായി. അഭിനയത്തിനും, നിര്‍മാണത്തിനും പുറമെ സിനിമയില്‍ ഗായകനായും എഴുത്തുകാരനായും ഇന്നസെന്റ് എത്തി.മഴവിൽ കാവടി എന്ന ചിത്രത്തിൽ സംസ്ഥാന അവാർഡും പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിൽ കേരള സംസ്ഥാന ക്രിട്ടിക് പുരസ്കാരവും മറ്റ് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.താരസംഘടനയായ അമ്മയുടെ ആദ്യ സംസ്ഥാന പ്രസിഡൻറായിരുന്ന എം.ജി.സോമൻ 1997-ൽ അന്തരിച്ചതിനെ തുടർന്ന് പ്രസിഡൻറായ മധു 2002-ൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് അമ്മയുടെ പ്രസിഡൻറായത് ഇന്നസെൻറ് ആയിരുന്നു.

നീണ്ട 16 വർഷം പ്രസിഡൻ്റ് സ്ഥാനത്തിരുന്ന് അമ്മയെ നയിച്ച ഇന്നസെൻ്റ് സംഘടനയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചു,ഫഹദ് ഫാസില്‍ നായകനായ പാച്ചുവും അത്ഭുതവിളക്കും, മുകേഷ് നായകനായ ഫിലിപ്‌സ് എന്നീ ചിത്രങ്ങളാണ് മരണശേഷം ഇന്നസെന്റിന്റേതായി വെള്ളിത്തിരയില്‍ എത്തിയത്. അനശ്വരങ്ങളായ  കഥാപാത്രങ്ങളിലൂടെ, പകർന്നു നൽകിയ ആത്മവിശ്വാസത്തിലൂടെ ഓരോ മലയാളികളുടെയും മനസ്സിൽ ഇന്നച്ചൻ  എന്നും ജീവിക്കും