ആൻസി വിഷ്ണു പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, വിവാഹ ശേഷം  സ്വന്തമായി ഒരു വരുമാനം ഇല്ലാത്ത സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളെ കുറിച്ചാണ് ആൻസി തുറന്നെഴുതുന്നത്. വിവാഹത്തോടെ ഒരു പെൺകുട്ടി എത്ര മാറുമെന്നോ, അതുവരെ സ്വന്തമായി വരുമാനം ഉണ്ടായിരുന്നു എങ്കിൽ പോലും,വിവാഹത്തോടെ ജോലി നിർത്തേണ്ടി വന്നവൾ, ആരുടെയൊക്കെയോ ഔദാര്യത്തിൽ ജീവിക്കേണ്ടി വന്നവളെ കുറിച്ചൊന്ന് ഓർത്ത് നോക്കൂ….. ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും വിശക്കുമ്പോൾ മാത്രം അവൾക്കും വിശക്കാൻ പാടുള്ളു, അപ്പോൾ മാത്രം അവളും ഭക്ഷണം കഴിക്കണം..അമ്മ വിളമ്പി വെക്കുന്ന ചോറും കറിയും മാത്രം കഴിക്കണം, ഭർത്താവിനോട് ആവശ്യങ്ങൾ, ആഗ്രഹങ്ങൾ ഉന്നയിക്കാൻ പാടില്ല,…പഴകിയതും കീറിയതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കണം, പുതിയതൊന്ന് വേണമെന്ന് പറഞ്ഞാൽ പിന്നെയാകെട്ടെ എന്ന് പറയും, സ്വന്തം വീട്ടിൽ പോയി വരുമ്പോൾ മാത്രം ശരീരം ഒന്ന് നന്നായിരിക്കും,

അന്നൊക്കെ മാത്രം വയറു നിറച്ച് ഉണ്ടിരിക്കും, അവിടെന്ന് ഭർതൃ വീട്ടിലേക്ക് ഇറങ്ങാൻ നേരം അമ്മ വിയർപ്പിന്റെ മണമുള്ള അഞ്ഞൂറിന്റെ നോട്ട് എടുത്ത് കയ്യിൽ കൊടുക്കും, അത് അവൾ ചിലവാക്കാതെ ഏതെങ്കിലും പുസ്തകത്തിന് ഉള്ളിൽ സൂക്ഷിക്കും… ജോലിക്ക് പോകണമെന്ന് പറഞ്ഞാൽ വീട്ടിൽ അപ്പോൾ ആരുണ്ട്, നിനക്ക് എന്താണ് ഇവിടെയൊരു കുറവ് എന്ന് ചോദിച്ച് മിണ്ടാതിരുത്തും,,, പിന്നെയും പഴയ പോലെ…. വർണക്കടലാസിന് ഉള്ളിലെ ജീവിതം പോലെ, പല പെൺകുട്ടികളുടെയും ജീവിതം ഇങ്ങനെയാണ്, ഒന്നും മിണ്ടാതെ ഒരു പരാതിയും പറയാതെ happily married ന്റെ ഉള്ളിൽ കുടുങ്ങികിടക്കുന്നുണ്ട് പലരും, പോകാൻ ഒരിടം ഇല്ലാത്തത് കൊണ്ട്, ഇങ് ഇറങ്ങി വരൂ മോളെ എന്ന് പറഞ് കരുതാൻ ആരുമില്ലാത്തത് കൊണ്ട്, ഭർത്താവിന്റെ കാൽകീഴിൽ കഴിയുന്ന എത്രയോ ഭാര്യമാർ…

Divorce എന്നൊരു വാക്ക് ഉച്ഛരിക്കാൻ അവർക്ക് പേടിയാകും, ഇവിടുന്ന് ഇറങ്ങിയാൽ എങ്ങോട്ട് എന്നൊരു ചോദ്യം പിന്നെയും സഹിക്കാൻ അവരെ പഠിപ്പിക്കും… പല ആൺമക്കളും അമ്മയെ മനസിലാക്കും മകളെ മനസിലാക്കും സഹോദരിയെ മനസിലാക്കും, എന്നാൽ ഭാര്യയെ മനസിലാകില്ല അവൾക്കും ആവശ്യങ്ങളും ആഗ്രഹങ്ങളും ഉണ്ടെന്ന് മനസിലാക്കില്ല… വിവാഹമോചനം നേടിയ പെണ്ണുങ്ങളോട് എനിക്കിപ്പോൾ വല്ലാത്തൊരു ബഹുമാനം ആണ്, അവർ ജീവിതത്തിന്റെ എല്ലാ അവസ്ഥകളും അനുഭവിച്ച് അറിഞ്, ഇനി വയ്യെന്ന് പറഞ് ഇറങ്ങി പോന്നവരാകും, അപ്പോഴും വിവാഹ മോചനം എല്ലാവർക്കും പറ്റിയെന്ന് വരില്ല… പോകാൻ ഒരിടം ഇല്ലാത്തവൾ എവിടെ പോകും, ഇല്ല അവൾ എവിടെയും പോകില്ല, ഗ്യാസ് പൊട്ടിത്തെറിച്ച്, സാരി തുമ്പിൽ തൂങ്ങി, ഞരമ്പ് മുറിച്ച്, ഒക്കെ തനിയെ പോകാവുന്നിടത്തേക്ക് പോകും…… ആരോരുമില്ലാത്ത, വിവാഹമോചിതരായ സ്ത്രീകൾക്കും കയറി ചെല്ലാൻ ഒരിടം വേണം, ഒരു വീട് പോലെ ഒരിടം, ഒരു അഭയ കേന്ദ്രം, ജോലിക്ക് പോകാൻ ഇഷ്ട്ടമുള്ളവർക്ക് ജോലിക്ക് പോകാം, കൈത്തൊഴിൽ വശമുള്ളവർക്ക് അതിനുള്ള സൗകര്യം ഒരുക്കുന്ന ഒരിടം, സ്ത്രീകൾക്ക് വേണ്ടി ഇങ്ങനെയൊരു ചരിത്ര മുന്നേറ്റം കൂടി സർക്കാർ എടുക്കണം, അല്ലെങ്കിൽ ഇനിയും സ്ത്രീകൾ മരിച്ച് കൊണ്ടിരിക്കും.