മലയാളി പ്രേക്ഷകർ വർഷങ്ങളായി കേൾക്കുന്ന ശബ്ദമാണ് ഗായിക അമൃത സുരേഷിന്റേത്. സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന ഷോയിലൂടെയാണ് അമൃതയെ ആദ്യമായി ലോകമറിയുന്നത്. പതിയെപ്പതിയെ അമൃതയുടെ കുടുംബത്തെയും ഏവരും പരിചയിച്ചു. അക്കാലത്തിറങ്ങിയിരുന്ന കുട്ടികളുടെ സീരിയലിലൂടെ അമൃതയുടെ അനുജത്തി അഭിരാമി അഭിനയലോകത്തെത്തി പിന്നീട് ഈ സഹോദരിമാർ ഒന്നിച്ച് വേദികൾ കീഴടക്കുന്നതും പ്രേക്ഷകർ കണ്ടു. ഇപ്പോൾ എട്ട് വയസ്സുകാരിയായ അമൃതയുടെ മകൾ അവന്തികയും സ്വന്തം യൂട്യൂബ് ചാനലുമായി മുത്തശ്ശിക്കൊപ്പം എത്താറുണ്ട്

ഇപ്പോൾ അമൃത  പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.“നിങ്ങളുടെ സ്നേഹത്തിനും പ്രാ‍ർഥനകൾക്കും ആശംസകൾക്കും മുൻപിൽ ഞാൻ അക്ഷരാർഥത്തിൽ നിശബ്ദയായിപ്പോവുകയാണ്. നന്ദി പറയാൻ എനിക്കു വാക്കുകൾ കിട്ടുന്നില്ല. എന്നെ പിന്തുണച്ച് എപ്പോഴും എനിക്കൊപ്പം നിൽക്കുന്ന നിങ്ങൾക്കെല്ലാവർക്കും നന്ദി. നിങ്ങളാണ് എന്റെ ബലം. ഞാൻ തളർന്നു പോയ സമയത്തെല്ലാം നിങ്ങൾ എന്നെ താങ്ങി നിർത്തി. എഴുന്നേൽക്കാൻ പറ്റാത്ത വിധം ഞാൻ വീണു പോയപ്പോഴും നിങ്ങളെന്നെ ഉയര്‍ത്തി. അമ്മൂ ഞങ്ങളെല്ലാം നി‌ന്റെ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ എന്നു സദാ സമയവും നിങ്ങളെന്നോടു പറഞ്ഞുകൊണ്ടേയിരുന്നു.

അതോടെ കൂടുതൽ ശക്തിയാർജിച്ച് ഞാൻ ജീവിക്കാൻ തുടങ്ങി.ഇന്ന് എനിക്ക് എന്തൊക്കെയുണ്ടോ അതെല്ലാം നിങ്ങൾ കാരണമാണ്. ഇന്ന് ഞാൻ ആരെങ്കിലുമായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ നിങ്ങളാണ്. എന്റെ കുടുംബാംഗങ്ങളെപ്പോലെ എനിക്കൊപ്പം നിന്നതിനും എനിക്കു സന്തോഷം നൽകിയതിനും എന്നെ പിന്തുണച്ചതിനും എന്റെ ശക്തിയായി മാറിയതിനു നന്ദി. എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. എന്ന് സ്നേഹപൂർവം അമ്മു’,  എന്നാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.