കഴിഞ്ഞ ദിവസം സേതുരാമയ്യർ തന്റെ കേസ് ഡയറി തുറന്നിട്ട് 34 വർഷം പൂർത്തിയായി. മമ്മൂട്ടി യുടെ കരിയറിലെ പ്രധാന വേഷങ്ങളിൽ ഒന്നാണ് സേതുരാമയ്യർ സി ബി ഐ .ഈ അവസരത്തിൽ ലോക സിനിമ ചരിത്രത്തിലെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സേതുരാമയ്യർ സി ബി ഐ എന്ന് സംവിധായകൻ കെ മധുവാണ് ഈ സന്തോഷ വാർത്ത തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്. സേതുരാമയ്യർ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്നലെ 34 വർഷങ്ങൾ പൂർത്തിയാവുകയായിരുന്നു . കൃത്യമായി പറഞ്ഞാൽ 1988 ഫെബ്രുവരി 18നാണ് സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് റിലീസ് ആയത്

മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു. പിന്നെയും ഈശ്വരൻ തന്റെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് സിബിഐ പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌ ഒരു നക്ഷത്ര സമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സിബിഐയുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണെന്ന് കെ.മധു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഈ ചിത്രത്തിലെ എല്ലാ അണിയറപ്രവർത്തകർക്കും മധു നന്ദി അറിയിച്ചു.സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരുമുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.