മഞ്ജു വാര്യർ- സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിന്റെ പേര് വെള്ളരിപട്ടണം എന്നു മാറ്റി.ഫുൾ ഓൺസ്റ്റുഡിയോസ് ബാനറിൽ നിർമ്മിച്ച സിനിമ ‘വെളളരിക്കാപട്ടണം’ എന്ന പേരിലാണ് പ്രഖ്യാപിച്ചത് .എന്നാൽ ഇതേ പേരിൽ മറ്റൊരു ചിത്രം സെൻസർ ചെയ്തതിനാലാണ് പേരുമാറ്റം. ‘വെള്ളരിപട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉടൻ റിലീസ് ചെയ്യും.ഫുള്‍ ഓണ്‍സ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിലോ വെള്ളരിക്കാപട്ടണം എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കേരളത്തില്‍ സിനിമ നിര്‍മാണത്തിന് അനുമതി നൽകുന്നതിനും ടൈറ്റില്‍ രജിസ്‌ട്രേഷനുമുള്ള അധികാരം ഫിലിം ചേംബറിനാണ്. ഇതനുസരിച്ച് 2019 നവംബര്‍ അഞ്ചിന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫിലിം ചേംബറില്‍ ‘വെള്ളിരിക്കാപട്ടണം’ എന്ന പേര് രജിസ്റ്റര്‍ ചെയ്തു. ചേംബറിന്റെ നിര്‍ദേശപ്രകാരം, ഇതേപേരില്‍ 1985ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍പ്പെടെയാണ് തങ്ങൾ രജിസ്‌ട്രേഷന് അപേക്ഷിച്ചത്.

കേരളത്തില്‍ സിനിമാനിര്‍മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് മുന്നോട്ടു പോകുന്നത്. ‘വെള്ളരിക്കാപട്ടണം’ എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഫുള്‍ ഓണ്‍സ്റ്റുഡിയോസിനാണ്. കേരളത്തില്‍ സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക സ്ഥാപനം ഫിലിംചേംബര്‍ ആണെന്നുതന്നെയാണ് ഇപ്പോഴും വിശ്വാസം. എന്നാൽ, സിനിമയുടെ റിലീസിങ് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമാണ് പേരുമാറ്റുന്നതെന്നും ഓണ്‍സ്റ്റുഡിയോസ് വ്യക്തമാക്കി.

സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട്, തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെ പ്രധാന അഭിനേതാക്കള്‍. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്‍.ഒ. എ.എസ്.ദിനേശ്.