സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങൾ ദിനംപ്രതി അനുനിമിഷം വർധിച്ചു വരികയാണ്. ഇത്തരത്തിലുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് കാര്യമായ അവബോധം സൃഷ്ടിക്കാൻ അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും സ്ത്രീ മുന്നേറ്റ പ്രവര്‍ത്തകരുമെല്ലാം ഒരുപോലെ ശ്രമിക്കുമ്പോഴും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ തുടര്‍ക്കഥയാവുക തന്നെയാണ്. കുഞ്ഞിലേ തന്നെ സമൂഹത്തിൽ പതിയിരിക്കുന്ന ഈ അപകടങ്ങളെക്കുറിച്ചു കുഞ്ഞുങ്ങളെ  പറഞ്ഞു പഠിപ്പിച്ചു കൊടുക്കുക. ഇപ്പോഴിതാ സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ ‘ഗുഡ് ടച്ച്‌’ഉം ‘ബാഡ് ടച്ച്‌’ഉം എന്താണെന്ന് മനസിലാക്കിച്ച്‌ നല്‍കുന്ന അധ്യാപികയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുട്ടികളെ വട്ടത്തിലിരുത്തി, അവര്‍ക്കെല്ലാം കാണാനും കേള്‍ക്കാനും മനസിലാക്കാനും സാധിക്കുന്ന രീതിയില്‍ നടുക്ക് ഒരു വിദ്യാര്‍ത്ഥിയെ നിര്‍ത്തി, ടീച്ചര്‍ തന്നെയാണ് എന്താണ് ശരിയായ അര്‍ത്ഥത്തില്‍ സ്പര്‍ശം, എന്താണ് മോശമായ അര്‍ത്ഥത്തിലുള്ള സ്പര്‍ശമെന്ന് പഠിപ്പിക്കുന്നത്. മോശമായ രീതിയില്‍ സ്പര്‍ശിച്ചാല്‍ അരുത് എന്ന് ഉറച്ചുപറയാനും മാറിപ്പോകാനുമാണ് ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്. മറിച്ച്‌ ആരോഗ്യകരമായ സ്പര്‍ശമാണെങ്കില്‍ വിമുഖതയില്ലാതെ തുടരാനും അവര്‍ പരിശീലിപ്പിക്കുന്നു. കുടുംബത്തിലെന്ന പോലെ തന്നെ ഇത്തരത്തിൽ അധ്യാപകരും കുഞ്ഞുമക്കളെ ചേർത്ത് പിടിച്ചു കൊണ്ട് അവർക്ക് മാർഗ നിർദേശനകൾ നൽകിയാൽ ഒരു പരിധിവരെ കുഞ്ഞുങ്ങൾക്ക് ഇത്തരത്തിലുള്ള ലൈംഗീക പെരുമാറ്റത്തെ തിരിച്ചറിയാൻ കഴിയും. ഈ ടീച്ചർ അധ്യാപകർക്ക് മാത്രമല്ല പല അമ്മമാർക്കും സഹോദരിമാർക്കും ഒരു മാതൃക തന്നെയാണ്. മോഷണത്തിനായും ലൈംഗീക സുഖത്തിനായും ഒക്കെ പെൺകുട്ടികളെയും സ്ത്രീകളേയും പിച്ചി ചീന്തുന്ന കാഴ്ച നിരവധിയാണ്. വളര്‍ന്നു വരുന്ന പെണ്‍കുഞ്ഞുങ്ങളിൽ ഈ വിഷയങ്ങള്‍ സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും അധ്യാപകരും അടക്കമുള്ള വിഭാഗങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. കുട്ടികളെ ഭയപ്പെടുത്താത്ത വിധം, എന്നാല്‍ അവരെ കാര്യങ്ങള്‍ ധരിപ്പിച്ചു കൊണ്ട് തന്നെ അവരിൽ ഇത്തരത്തിലുള്ള മോശം സാഹചര്യങ്ങളുടെ അതുമൂലം ഉണ്ടാകുന്ന അനന്തരഫലങ്ങളുടെ ആപത്തുകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കണം. ഇത് അത്ര നിസാരമായ ജോലിയല്ല. മാതാപിതാക്കളും അധ്യാപകരും തന്നെയാണ് ഇക്കാര്യത്തില്‍ മുൻപന്തിയില്‍ നില്‍ക്കേണ്ടത്. ചെറിയ പ്രായത്തിൽ തന്ന ഇത്തരത്തിലുള്ള മോശം പ്രവണതകളെക്കുറിച്ചും അത് മൂലം ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ചുമൊക്കെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കണം. പെൺകുട്ടികളെ മാത്രമല്ല ഇത്തരത്തിലുള്ള അപകടം ആൺകുട്ടികളെയും അപായപ്പെടുത്താം. ചെറിയ പ്രായത്തിൽ തന്നെ കുഞങ്ങളെ ഈ കാര്യങ്ങളിൽ ബോധവാന്മാരും ബോധവതികളും ആക്കേണ്ട ചുമതല മുതിർന്നവർക്കാണ്. ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. ആര്‍ സ്റ്റാലിനാണ് തന്റെ എക്സ്  അകൗണ്ടിൽ ഈ ഒരു വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ ഈ വീഡിയോ പങ്കു വെച്ചിട്ടുമുണ്ട്. ഒരുപാടു പേർ വ്യത്യസ്തമായ കമെന്റുകളും കുറിക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും ഈ അറിവ് ഉണ്ടായിരിക്കണമെന്നും, അധ്യാപികയുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നുവെന്നും വീഡിയോ പങ്കുവച്ച ഡോ. ആര്‍ സ്റ്റാലിൻ ഐപിഎസ് അടക്കം നിരവധി പേര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ഒരവബോധത്തിന് എന്ന നിലയില്‍ ധാരാളം പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ  വീഡിയോ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ വീഡിയോ കാണുന്ന എല്ലാവരും തന്നെ കുഞ്ഞു പെണ്മക്കളെ ദുഷ്ട ചിന്തയോടെ സമീപിക്കാതെ ഇരിക്കുക എന്ന് മാത്രമേ പറയാൻ കഴിയുന്നുള്ളു.