നമ്മളൊക്കെ ഭക്ഷണ പ്രിയരാണ്. സസ്യാഹാരികൾ ആണെങ്കിലും മാംസാഹാരികൾ ആണെങ്കിലും വ്യത്യസ്തമാർന്ന രുചിക്കൂട്ടുകൾ പരീക്ഷിക്കാൻ നമുക്ക് ഒക്കെ വലിയ ഇഷ്‌ടവുമായിരിക്കും. അത്തരത്തിൽ ഡോള്‍ഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ചതിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. എന്നാൽ മൃഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റകരമാണ്. ഉത്തര്‍ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികള്‍ യമുനാ നദിയില്‍ നിന്നും ഡോള്‍ഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ചതിന്റെ പേരില്‍ ഇപ്പോൾ നിയമ നടപടികള്‍ നേരിടുകയാണ്. ഈ കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗത്തിൽ പ്രചരിച്ചു.ഫോറസ്റ്റ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ തിങ്കളാഴ്ച പരാതി നല്‍കിയതായി ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു പിന്നാലെ പൊലീസ് ഇത് ചെയ്തവര്‍ക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. മത്സ്യത്തൊഴിലാളികളായ രഞ്ജീത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെയാണ് 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. രഞ്ജീത്ത് കുമാറാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പേരെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ജൂലൈ 22 -ന് രാവിലെ യമുനാ നദിയില്‍ നിന്നും മീൻ പിടിക്കുകയായിരുന്നു നസീര്‍പൂര്‍ ഗ്രാമത്തില്‍ നിന്നുമുള്ള നാല് മത്സ്യത്തൊഴിലാളികള്‍. ആ സമയത്താണ് ഡോള്‍ഫിൻ ഇവരുടെ വലയില്‍ കുടുങ്ങിയത് എന്ന് പിപ്രി എസ്‌എച്ച്‌ഒ ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു.ഒരു ക്വിന്റൽ തൂക്കമുള്ള ഗംഗാ ഡോൾഫിനെയാണ് ഇവർക്ക് കിട്ടിയത്.പിന്നാലെ അവര്‍ ഡോള്‍ഫിനെ തങ്ങളുടെ ചുമലിലേറ്റി വന്നു, ശേഷം വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയും ചെയ്തു. 4 പേരും ഇപ്പോൾ പോലീസിന്റെ പിടിയിലാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ഗംഗ, ബ്രഹ്മപുത്ര നദികളിലും അവയുടെ പോഷകനദികളിലും ധാരാളമായി കണ്ടിരുന്നവയാണ് ഗംഗാ ഡോൾഫിനുകൾ. ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണവും കീടനാശിനികളും രാസവളങ്ങളുടേയും വ്യാപകമായ ഉപയോഗം മൂലം ഇവയുടെ എണ്ണത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. വംശനാശം നേരിടുന്നതാൽ ഐ.യു.സി.എന്നിന്റെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയ ജീവിയാണ് ഗംഗാ ഡോൾഫിനുകൾ. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം ഒന്നാമത്തെ പട്ടികയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജീവിയാണ് സുസു എന്നറിയപ്പെടുന്ന ഗംഗാ ഡോൾഫിൻ.
