കടുത്തുരുത്തി വില്ലേജ് പരിധിയില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിന് ആളുകളില്‍ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതായും പരാതി ഉണ്ടായിരുന്നു.ഇപ്പോൾ ഒരു കൈക്കൂലി കേസ് കൂടി കോട്ടയത്ത് നിന്നും പുറത്തു വരികയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവന വകമാറ്റി സ്വന്തം കൈയില്‍ സൂക്ഷിച്ച് പിടിയിലായത് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥന്‍ ആണെന്നതാണ് ഏറെ ശ്രദ്ധേയം.കോവിഡ് മഹാമാരിക്കാലത്ത് മികച്ച പ്രവര്‍ത്തനം നടത്തിയതിന് റവന്യു വകുപ്പ് ഏതാനും മാസം മുന്‍പാണ് ഇദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്. കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം വില്ലേജ് ഓഫിസിലെത്തി പരിശോധന നടത്തിയതോടെയാണ് ഗുരുതരമായ തട്ടിപ്പിന് കടുത്തുരുത്തി വില്ലേജ് ഓഫീസറായ സജി വര്‍ഗീസ് പിടിയിലായത്. നാലു വര്‍ഷത്തോളമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്‍പത് പേര്‍ നല്‍കിയ സംഭാവനയാണ് വില്ലേജ് ഓഫീസര്‍ വകമാറ്റി സ്വന്തം കൈയില്‍ സൂക്ഷിച്ചത്. വില്ലേജില്‍ വിവിധ സേവനങ്ങള്‍ക്ക് എത്തുന്ന അപേക്ഷകരില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഇയാൾ പാരിതോഷികം കൈപ്പറ്റുന്നതായി ഈയടുത്തായി പരാതി ഉയര്‍ന്നു വന്നിരുന്നു. കടുത്തുരുത്തി വില്ലേജ് പരിധിയില്‍ അനധികൃത മണ്ണ് ഖനനം നടത്തുന്ന മാഫിയകള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിന് ആളുകളില്‍ നിന്ന് കൈക്കൂലി കൈപ്പറ്റുന്നതായും പരാതി ഉണ്ടായിരുന്നു.
തുടര്‍ന്ന് കടുത്തുരുത്തി വില്ലേജ് ഓഫീസില്‍ കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി:പിവി മനോജ് കുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി.പരിശോധനയില്‍ വില്ലേജ് ഓഫീസറുടെ കൈവശം കാണപ്പെട്ട അനധികൃത പണം സംബന്ധിച്ച് അന്വേഷണം നടത്തി. ഇതോടെയാണ് ദുരിതാശ്വാസ നിധിയുടെ മറവില്‍ നടന്ന തട്ടിപ്പ് പുറത്തു വന്നത്. 2018 ഓഗസ്റ്റ് 15 മുതല്‍ 2019 സെപ്റ്റംബര്‍ 17 വരെയുള്ള ഒരു വര്‍ഷക്കാലത്തിനിടയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്‍പത് ആളുകള്‍ നല്‍കിയ സംഭാവന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ അടയ്ക്കാതെ കഴിഞ്ഞ നാലുവര്‍ഷമായി അനധികൃതമായി കൈവശം സൂക്ഷിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. മഹാപ്രളയം, കോവിഡ് തുടങ്ങിയ സമയത്ത് കടുത്തുരുത്തി വില്ലേജ് ഓഫീസ് പരിധിയിലുള്ള ആളുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനകളാണ് ഫണ്ടില്‍ അടയ്ക്കാതെ നാലു വര്‍ഷമായി കൈവശം സൂക്ഷിച്ചത്. കണ്ടെത്തിയ ഗുരുതര ക്രമക്കേട് സംബന്ധിച്ച് വില്ലേജ് ഓഫീസര്‍ സജി വര്‍ഗീസിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു.
