ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം നേടിയത് തന്മയ സോള്‍ ആണ്. എന്നാല്‍ പുരസ്കാര പ്രഖ്യാപനം നടക്കുമ്പോള്‍ തന്മയ വീട്ടില്‍ ഉണ്ടായിരുന്നില്ല. സ്‌കൂളിലായിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങി വരുന്ന വഴിയാണ് അവാര്ഡിനെക്കുറിച്ച അറിയുന്നത്. . വഴിയില്‍ കാത്തുനില്‍ക്കുന്ന പ്രിയപ്പെട്ടവരാണ് അവാര്‍ഡ് നേട്ടത്തിന്‍റെ വിവരം ആദ്യമായി തന്മയയെ അറിയിക്കുന്നത്. ഇതിന്‍റെ രസകരമായ വീഡിയോ അവര്‍ പുറത്ത് വിട്ടിട്ടുമുണ്ട്. തന്മയയെ കാത്ത് കാറില്‍ ഇരിക്കുന്നവര്‍ അവളെ കാണുമ്പോള്‍ കാര്യം വല്ലതും അറിഞ്ഞോ എന്നാണ് ആദ്യം ചോദിക്കുന്നത്. എന്താ കാര്യം എന്നറിയാതെ ആശയക്കുഴപ്പത്തിലായി നിൽക്കുന്ന തന്മയയോട് സംസ്ഥാന അവാര്‍ഡ് ലഭിച്ചു എന്നുംപറയുന്നു. തന്നെ പറ്റിക്കാന്‍ വേണ്ടി പറയുകയാണെന്നാണ് തന്മയ ആദ്യംകരുതുന്നതെങ്കിലും ഫോണിലെ വാര്‍ത്ത കണ്ട് യാഥാർഥ്യം തിരിച്ചറിയുകയും അത്ഭുതപെടുകയും പിന്നാലെ സന്തോഷച്ചിരിയും വീഡിയോയില്‍ കാണാം.

സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിലെ മികവാർന്ന പ്രകടനമാണ് തന്മയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അരക്ഷിതവും സംഘർഷ ഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയ സ്പര്ശിയായി പ്രതിഫലിപ്പിച്ച അഭിനയ മികവ് എന്നാണ് തന്മയയുടെ പ്രകടനത്തേക്കുറിച്ച് ജൂറി വിലയിരുത്തിയത്. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രശംസ എട്ടു വാങ്ങിയ ചിത്രമാണ് വഴക്ക് . വഴക്ക സിനിമയിലെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സോള്‍ബ്രദേഴ്സ് എന്ന വീഡിയോഗ്രഫി സ്ഥാപനത്തിന്‍റെ മാനേജരുമായ ജിഷ്ണു വിജയന്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. സോള്‍ബ്രദേഴ്സ് ഉടമയും ഫോട്ടോഗ്രാഫറുമായ അരുണ്‍ സോളിന്‍റെ മകളാണ് തന്മയ സോള്‍. തന്മയയ്ക്ക് പുരസ്കാരം ലഭിച്ച, സനല്‍കുമാര്‍ ശശിധരന്‍ ചിത്രം വഴക്കിന്‍റെ അസോസിയേറ്റ് ഡയറക്ടറുമായിരുന്നു അരുണ്‍.