ടൊവീനോ തോമസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം തല്ലുമാലയിലെ ആദ്യ ഗാനം എത്തി. കണ്ണിൽ പെട്ടൊളെ എന്ന ഗാനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായി ആണ് ചിത്രത്തിൻറെ വരികൾ ഒരുക്കിയിരിക്കുന്നത്.ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു വിജയിയും ഇർഫാന ഹമീദും ചേർന്നാണ്. ദുബായിലാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്സിന്‍ പരാരിയും, അഷ്റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിലെ ഗാനം പുറത്ത്‌വിട്ടത്. ടോവിനോയും ഗാനം ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്. ഗാനം ഇതിനോടകം പ്രേക്ഷകരുടെക്കിടയിൽ ഹിറ്റായി മാറി കഴിഞ്ഞു. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായിക. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല.കൊറിയോഗ്രാഫര്‍ ഷോബി പോള്‍രാജ്, സംഘട്ടനം സുപ്രീം സുന്ദര്‍, കലാ സംവിധാനം ഗോകുല്‍ ദാസ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ് & ശ്രീ ശങ്കര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസ്സോസിയേറ്റ് റഫീക്ക് ഇബ്രാഹിം & ശില്‍പ അലക്‌സാണ്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, സ്റ്റില്‍സ്  ജസ്റ്റിന്‍ ജെയിംസ്, വാര്‍ത്താപ്രചാരണം എ.എസ്. ദിനേശ്, പോസ്റ്റര്‍ഓള്‍ഡ്മങ്ക്സ്, മീഡിയ പ്ലാനിങ് & മാര്‍ക്കറ്റിങ് ഡിസൈനിംഗ്പപ്പറ്റ് മീഡിയ.