മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് സ്വാസിക. നടി എന്നതിലുപരി മികച്ച നർത്തകിയും അവതാരകയുമൊക്കെയാണ് താരം. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട് സ്വാസിക. സിനിമയിലൂടെ ആയിരുന്നു സ്വാസികയുടെ തുടക്കം. എന്നാൽ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് സ്വാസിക താരമായി മാറുന്നത്. സൂപ്പര്‍ ഹിറ്റായ സീത എന്ന പരമ്പരയാണ് സ്വാസികയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. സീരിയലിൽ സജീവമായിരിക്കെ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തുകയായിരുന്നു. ഇന്ന് മലയാളത്തിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് സ്വാസിക. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. കുമാരി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ, ചതുരം തുടങ്ങിയവയാണ് അവയിൽ ചിലത്. ഇതിൽ ചതുരത്തിൽ കേന്ദ്ര കഥാപാത്രത്തെയാണ് സ്വാസിക അവതരിപ്പിച്ചത്. സ്വാസികയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയതും ചതുരമാണ്. സിദ്ധാർഥ് ഭരതനാണ് ചിത്രം സംവിധാനം ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തിയ ഇറോട്ടിക് ഗണത്തിൽ പെടുന്ന ചിത്രമായിരുന്നു ചതുരം.
റോഷൻ മാത്യു, അലൻസിയർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും സ്വാസികയുടെ പ്രകടനം കയ്യടി നേടിയിരുന്നു. സ്വാസികയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് സെലീന എന്ന കഥാപാത്രം വിശേഷിപ്പിക്കപ്പെട്ടത്. ഒരുപാട് ഇന്റിമേറ്റ് സീനുകളും ചിത്രത്തിൽ ഉണ്ടായിരുന്നു. ഈ രംഗങ്ങളുടെ പേരിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ സ്വാസികയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. സീരിയലിൽ സീതയായി മുന്നിൽ എത്തിയ സ്വാസികയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല, ക്യാമറ ട്രിക്ക് ആയിരിക്കുമോ എന്നൊക്കെ ആയിരുന്നു ചില പ്രേക്ഷകരുടെ പ്രതികരണങ്ങൾ. ഇപ്പോഴിതാ ആ പ്രതികരണങ്ങളോട് പ്രതികരിക്കുകയാണ് സ്വാസിക. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ഇന്നത്തെ കാലത്ത് ഇന്റിമേറ്റ് രംഗങ്ങൾ ക്യാമറ ട്രിക്ക് ആണെന്ന് പറഞ്ഞാൽ അത് ആരെങ്കിലും വിശ്വസിക്കുമോ എന്ന് പോലും എനിക്ക് അറിയില്ല. ചതുരത്തിൽ ക്യാമറ ട്രിക്ക് ആയിട്ട് ഒന്നും തന്നെയില്ല. ആ സിനിമയുടെ കഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ നമ്മൾ ചെയ്ത് പോയി എന്നതേ ഉള്ളൂ. അതെല്ലാം നാച്ചുറലായി ചെയ്തു എന്നതിന് അപ്പുറത്തേക്ക് ഒന്നുമില്ല. ആ സിനിമയിൽ അത് ആവശ്യമായിരുന്നത് കൊണ്ട് അത് പറഞ്ഞു എന്നതേ ഉള്ളൂ. എല്ലാവരും ഇക്വാലിറ്റിയെ കുറിച്ച് സംസാരിക്കുന്ന കാലമല്ലേ ഇത്.
വളരണം വളരണം എന്ന് പറയുമ്പോൾ നമ്മുടെ ചിന്താഗതി കൂടെ വളരണം. സ്ത്രീകൾ അത് കാണാൻ പാടില്ല. പുരുഷന്മാർക്ക് കാണാം എന്നൊക്കെയാണ് ഇവിടെ പൊതുവെ പറയുന്നത്. അങ്ങനെ വേണ്ടല്ലോ’,പെൺകുട്ടികളൊക്കെ ഇക്വാലിറ്റിക്ക് വേണ്ടി സംസാരിക്കുന്ന, ഞങ്ങൾ അത് ചെയ്താൽ എന്താണെന്ന് ചോദിക്കുന്ന കാലമല്ലേ. അങ്ങനെ പറയുമ്പോൾ തീർച്ചയായും എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തിയേറ്ററിൽ പോയി കാണണം. അല്ലാതെ നമ്മളത് കണ്ടാൽ എന്താകും എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ല’, ‘എ എന്ന് കേൾക്കുമ്പോൾ സോഫ്റ്റ് പോൺ സിനിമ എന്ന ചിന്തയാണ് ഇന്നും പലർക്കും. എ സർട്ടിഫിക്കറ്റിന് പല ഡെഫനിഷനുകളുണ്ട്. അത് മനസിലാക്കാതെയാണ് പലരും സംസാരിക്കുന്നത്. അത് ചിന്താഗതിയുടെ കൂടെ പ്രശ്നമാണ്. എല്ലാ കാര്യത്തിലും ഓപ്പൺ ആകുന്നത് പോലെ ഇക്കാര്യത്തിലും ഓപ്പൺ ആയാൽ മതി. അപ്പോൾ വേറെ പ്രശ്നമൊന്നുമില്ല എന്നും സ്വാസിക പറയുന്നു.