യുവ ചലച്ചിത്ര സംവിധായിക നയന സൂര്യന്റെ മരണം കൊലപാതകം അല്ലെന്നുറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുകൾ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഫൊറൻസിക് സംഘത്തിന്റേതാണ് പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടുകൾ. നയനയുടെ മരണ കാരണം മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷൻ ആണെന്നാണ് പുറത്തു വരുന്ന മെഡിക്കൽ റിപ്പോര്‍ട്ടുകൾ പ്രകാരം അനുമാനിക്കുന്നത്. അതിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇതോടെ നയനയുടെ ദുരൂഹ മരണം കൊലപാതകം ആണോ എന്ന് കണ്ടെത്തുവാനുള്ള കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ. നയന സൂര്യന്റെ ദുരൂഹ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിഴവ് സംഭവിച്ചുവെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. നയന സൂര്യന്റെ ശരീരത്തിലേറ്റ മുറിവ് രേഖപ്പെടുത്തിയതിലാണ് പിഴവ് കണ്ടെത്തിയത്. 1.5 സെന്റിമീറ്റര്‍ മുറിവിന് പകരമായി 31.5 സെന്റിമീറ്റര്‍ മുറിവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈം ബ്രാഞ്ചാണ് ഇത്തരത്തിൽ ഒരു പിഴവ് കണ്ടെത്തിയത്. സംഭവത്തില്‍ ടൈപ്പിങ് പിഴവാണ് സംഭവിച്ചതെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണ കാരണം ഹൃദയാഘാതമാകാമെന്നാണ് വിദഗ്ധസംഘം വിലയിരുത്തുന്നത്. മരണ കാരണം സംബന്ധിച്ച് ഒരു നിഗമനത്തില്‍ എത്താൻ കഴിയാൻ കഴിയില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. കഴുത്തിലും വയറ്റിലും ഉള്ള പരിക്കുകള്‍ മരണ കാരണമല്ല എന്നാണ് വിലയിരുത്തുന്നത്. മരുന്നുകളുടെ അമിത ഉപയോഗം മയോ കാര്‍ഡിയില്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാക്കിയിരിക്കാം എന്ന നിഗമനത്തിലാണ് വിദഗ്ധ സംഘം എത്തി ചേർന്നിരിക്കുന്നത്. ഇൻസുലിൻറെ അളവ് കുറഞ്ഞ് അബോധാവസ്ഥയിലായി മരണത്തിലേക്ക് പോകാനുള്ള സാധ്യത ഉണ്ടെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. അതേസമയം തന്നെ നയന സൂര്യൻ മുൻപ് പല തവണ ബോധരഹിതയായി വീണിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരത്തിൽ അഞ്ചു തവണ ബോധരഹിതയായി ചികിത്സ തേടിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ പ്രകാരം വ്യക്തമാകുന്നത്. നയനയെ അഞ്ചു പ്രാവശ്യം ഗുളിക കഴിച്ച് ബോധക്ഷയം ഉണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഫൊറൻസിക് വിദഗ്ധൻ ഡോ. ഗുജറാല്‍ വിശദമായ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് നല്‍കി. ചികിത്സാ രേഖകള്‍ ഉള്‍പ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചു വിശദമായി തന്നെ അന്വേഷണം നടത്തിയിരുന്നു. കടുത്ത വിഷാദത്തിലായിരുന്നു നയന സൂര്യൻ മുന്നോട്ടു പോയിരുന്നതെന്നും ഡോക്ടറുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. വിഷാദത്തിന് കഴിച്ച മരുന്നുകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മരണ ശേഷമുള്ള ജീവിതത്തെ കുറിച്ചാണ് നയന സൂര്യൻ ഫോണില്‍ അവസാനം പരിശോധിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 2019 ഫെബ്രുവരി 24നാണ് യുവ സംവിധായക നയന സൂര്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്ലാറ്റിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോൾ 28 വയസ്സായിരുന്നു നയനയുടെ പ്രായം. അവിവാഹിത ആയിരുന്നു നയന സൂര്യൻ. സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റായിരുന്നു നയന. കൊല്ലം കരുനാഗപ്പള്ളി അഴീക്കൽ സ്വദേശിനിയാണ് നയന സൂര്യൻ. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ് എന്ന സിനിമയിലൂടെയാണ് അസിസ്റ്റന്റ് ഡയറക്ടറായി നയന സൂര്യൻ ചലച്ചിത്ര സംവിധാനത്തിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി പരസ്യ ചിത്രങ്ങളും സ്റ്റേജ് ഷോകളുമുൾപ്പെടെ നയന സൂര്യൻ സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷികളുടെ മണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് നയന സൂര്യൻ ആണ്. ക്രോസ്സ് റോഡ് എന്ന ചിത്രത്തിന്റെ ഒരു ഭാഗവും നയന സൂര്യൻ സംവിധാനം ചെയ്തിട്ടുണ്ട്. ആലപ്പാട് സ്വദേശിയായ നയന ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുകളുമായി രംഗത്ത് എത്തിയിരുന്നു. സാമൂഹിക വിഷയങ്ങളിൽ ഉൾപ്പെടെ തന്റേതായ കാഴ്ചപ്പാടുകളും നിലപാടുകളും മുന്നോട്ട് വെച്ച ഒരു കലാകാരി കൂടി ആയിരുന്നു നയന സൂര്യൻ.
