മലയാളികൾക്ക് ഏറെ പരിചിതമായ ഒരു ഫെമിനിസ്റ്റാണ് ശ്രീലക്ഷ്മി അറക്കൽ, തന്റെ നിലപാടുകൾ ശ്രീലക്ഷ്മി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ശ്രീലക്ഷ്മി പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ശ്രീലക്ഷ്മിയുടെ പോസ്റ്റ് ഇങ്ങനെ, ശ്രീബാല ചേച്ചീടെ മാധവിക്കുട്ടിയുടെ ഓർമ്മ കണ്ടപ്പോഴാണ് എനിക്കും എന്റെ മൂക്കൂത്തിയെപ്പറ്റി എഴുതാൻ തോന്നിയത്. എനിക്ക് ഡിഗ്രിക്ക് കയറിയപ്പോ തൊട്ട് മൂക്കുകുത്താൻ വല്ല്യ ഇഷ്ടമായിരുന്നു. കല്ലുളള പൊട്ട് മൂക്കിൽ ഒട്ടിച്ച് വെച്ച് ഞാൻ ഭംഗി നോക്കുമായിരുന്നു. അന്നൊക്കെ ഞാനൊരു കലിപ്പന്റെ കാന്താരി ആയിരുന്നു.എന്തിനും ഏതിനും പുളളിയോട് അനുവാദം ചോദിക്കണം.എന്റെ മൂക്ക്… എന്റെ തുള…എന്നിട്ടും ഞാൻ പുളളിയോട് ചോദിച്ചു ” ഞാൻ മൂക്ക് കുത്തിക്കോട്ടേ ചേട്ടാ ” എന്ന്.പുളളി അന്നെന്നെ വിളിക്കാത്ത തെറിയില്ല.പുളളി എന്നെ ജീൻസിടാനോ എന്തിന് ഷോൾ ഇല്ലാതെ ഒരു ടോപ്പിടാൻ പോലും സമ്മതിക്കില്ലായിരുന്നു. ഏഴുവർഷം പുളളീടെ ടോക്സിസിറ്റി ഞാൻ സഹിച്ചു. എന്തോ ഭാഗ്യത്തിന് 2017 നമ്മൾ ബ്രേക്കപ്പ് ആയി.പുളളി എന്നേ തേച്ചു വേറൊരു പെണ്ണിന്റെ കൂടെ പോയി.
സത്യം പറഞ്ഞാ ആ തേപ്പ് എന്നെ ഒരുപാട് കരയിച്ചെങ്കിലും ആ തേപ്പാണ് എനിക്ക് ഞാനായി മാറാനുളള അവസരം തന്നത്. ഇതിന് ശേഷമാണ് ഞാനെന്റെ ഇപ്പോഴത്തേ കലിപ്പില്ലാത്ത ബോയ്ഫ്രണ്ടിനെ പരിചയപ്പെടുന്നത്.മറ്റവൻ പറഞ്ഞ എല്ലാകാര്യത്തിനും ഓപ്പോസിറ്റായിട്ട് വർക്ക് ചെയ്യുക എന്നതായിരുന്നു അന്നത്തെ എന്റെ മെയിൻ പ്രതികാരം. ഞാനങ്ങനെയാണ് ചുരിദാറൊക്കെ ഉപേക്ഷിച്ച് ജീൻസും ടോപ്പും ലെഗ്ഗിൻസും ഒക്കെ ഇടാൻ തുടങ്ങിയത്. 2017 സെപ്റ്റംബറിൽ ബ്രേക്കപ്പ് ആയ ഞാൻ 2018 ജനുവരി വരെ മൂക്കുകുത്തിയാൽ മൂക്കൂത്തി വാങ്ങാനുളള 1500 രൂപ സമാഹരിക്കാനായി നടന്നു. 100,200,300 രൂപകൾ കൂട്ടിവെച്ച് 2000 രൂപയാക്കി 2018 ജനുവരിയിൽ ഞാൻ മൂക്കുകുത്താൻ തീരുമാനിച്ചു. അപ്പോഴേക്കും ഞാനും എന്റെ ഇപ്പോഴത്തേ ബോയ്ഫ്രണ്ടും ഏകദേശം സെറ്റായിരുന്നു. മറ്റവനോട് ചോദിക്കുന്നപോലെ “എടാ ഞാൻ മൂക്ക് കുത്തിക്കോട്ടേ ” എന്ന് അവനോട് പോയി ചോദിച്ചു.
അവനെന്നോട് പഴേപോലെ കുറേ ദേഷ്യപ്പെട്ടു. ” നീ ഇതൊക്കെ എന്നോട് വന്ന് ചോദിക്കുന്നത് എന്തിനാ? നിന്റെ കാര്യം നീ തീരുമാനിക്കുക; ഞാനല്ല നിന്റെ കാര്യം തീരുമാനിക്കേണ്ടത്, അത് നീയാണ്. നിന്റെ ബോഡി നിനക്കിഷ്ടമുളളത് പോലെ നീ കൈകാര്യം ചെയ്യുക, സ്വയം തീരുമാനം എടുക്കാൻ പ്രാപ്ത ആവുക. അല്ലാതെ നീ എവിടെ പോകുന്നൂ എന്നോ എന്തിന് പോകുന്നു എന്നോ ആരുടെ കൂടെ പോകുന്നു എന്നോ എന്ത് ചെയ്യുന്നു എന്നോ എന്നോട് പറയണ്ട ആവശ്യമില്ല, നീ ഒരു സ്വതന്ത്രവ്യക്തിയാണ് , അത് നീ മനസ്സിലാക്ക്, നിനക്ക് ഇഷ്ടമുളളത് നീ ചെയ്യ്” എന്നവൻ എന്നോട് പറഞ്ഞു. അപ്പോഴാണ് ഇവൻ പറഞ്ഞത് ശരിയാണല്ലോ എന്ന് എനിക്ക് ബോധം വന്നത്. അങ്ങനെ ഞാൻ പോയി മൂക്കൂത്തി അടിക്കാൻ തീരുമാനിച്ചു. അടുത്ത മഹായഞ്ജം എന്നത് മൂക്കൂത്തിയുടെ ടൈപ്പ് സെലക്ട് ചെയ്യുക എന്നതായിരുന്നു.കല്ലുവെച്ചത് വേണോ, വെളളക്കല്ല് വേണോ , പല നിറത്തിലുളള കല്ല് വേണോ, ഡയമണ്ട് ടൈപ്പ് വേണോ , കംപ്ലീറ്റ് ഗോൾഡ് ടൈപ്പ് വേണോ എന്നൊക്കെ ഇങ്ങനെ എല്ലാരോടും ചോദിച്ചു ഞാൻ നടന്നു.
ഒടുവിൽ കൂട്ടുകാരെല്ലാം കൂടി ഒറ്റനിറത്തിലുളള വെളളക്കല്ല് വെച്ച മൂക്കൂത്തി എന്ന തീരുമാനത്തിലെത്തി. അവസാനം ഞാനവന് ഒരു മെസേജ് അയച്ചു. “എടാ ഞാൻ മൂക്ക് കുത്തുവാ..വെളളക്കല്ല് ഉളള സ്റ്റഡ് ഇടാനാ തീരുമാനം; നിന്റെ അഭിപ്രായം എന്താ..പക്ഷേ എനിക്ക് കുറച്ച് വെറൈറ്റി വേണം എന്ന് ആഗ്രഹം ഉണ്ട്. ” “വെറൈറ്റി വേണേൽ പോയി റിങ്ങ് നോക്ക്..നിനക്ക് ചേരും.നല്ല ലുക്കാവും നീ” ഇത്രേം മാത്രം അവൻ തിരിച്ചയച്ചു.അപ്പോഴാണ് അതുവരെ ഇല്ലാത്ത ഒരു ഓപ്ഷൻ എന്റെ മുന്നിലേക്ക് വരുന്നത്. RINGമൂക്കൂത്തി…ഹോ..മോനേ..മനസ്സിൽ ലഡ്ഡു പൊട്ടി. പിന്നെ റിങ്ങ് അന്വേഷിച്ചുളള നടപ്പായി. ആയുർവേദ കോളേജ് തൊട്ട് കല്ല്യാൺ ജ്വല്ലേഴ്സ്, മലബാർ ഗോൾഡ്, ഭീമ ഇങ്ങനെ കുറേ സ്ഥലത്ത് കയറിയിറങ്ങി. ഒരു സ്ഥലത്ത് പോലും കംപ്ലീറ്റ് റിങ്ങ് ഇല്ല.ഉണ്ടെങ്കിലും അതൊക്കെ കല്ലുവെച്ച റിങ്ങ്.അതാണേൽ എനിക്ക് ഇഷ്ടപ്പെടുന്നും ഇല്ല. ഗോൾഡൻ റിങ്ങാണേൽ ഹാൾഹ് റിങ്ങാണ് മൂക്കൂത്തി ആയി വരുന്നത്. അതും എനിക്ക് വേണ്ട.അവസാനം ജോസ്കോയിൽ എത്തി. അവിടെ കുറേ തൃശ്ശൂര് ഗഡികൾ ഉണ്ടായിരുന്നു സെയിൽസ്മാൻ ആയിട്ട്. അവിടെയും ഈ സാധനം ഇല്ല. എന്റെ സങ്കടം കണ്ട് ഒരു സെയിൽസ്മാൻ പറഞ്ഞു ” മാഡം , ഇനി രണ്ട് റിങ്ങ് കമ്മൽ ഇരിപ്പുണ്ട്. കംപ്ലീറ്റ് സ്വർണ്ണം ആണ്. മാഡം അത് മേടിച്ച് മൂക്കൂത്തി ആയി ഇടുന്നതാണ് ബുദ്ധി എന്ന്” കമ്മലെങ്കിൽ കമ്മൽ..കാണിക്കാൻ ഞാൻ പറഞ്ഞു. അങ്ങനെ മൂക്കിലിടാൻ പറ്റിയ കമ്മൽ ഞാൻ കണ്ടു പിടിച്ചു. അപ്പോൾ വരുന്നു ദാ അടുത്ത പ്രശ്നം.
ഒരു കമ്മലായി തരാൻ പറ്റില്ല, രണ്ടു കമ്മലും എടുക്കണം. എന്റെ കൈയ്യിലാണേൽ അത്രയും കാശ് ഇല്ല, ഒരു കമ്മൽ മൂക്കൂത്തി ആക്കി ഇട്ടാൽ പിന്നെ ഒരു കമ്മലായി എനിക്ക് സൂക്ഷിക്കാനും വയ്യ. വീണ്ടും ഞാൻ സങ്കടത്തിലായി. ആ ഒരു കമ്മൽ സൂക്ഷിക്കാനായി ചെവികൂടെ ഒന്നു കുത്താം എന്ന് അവർ
ഒടുവിൽ അങ്ങോട്ടും ഇങ്ങോട്ടും സോപ്പിട്ട് പതപ്പിച്ച് പതപ്പിച്ച് ഞാനും എന്റെ കൂട്ടുകാരികളും കൂടി അയാളെ സമ്മതിപ്പിച്ചു. അവരുടെ ഹെഡ്ഡിനോട് പോയി ചോദിക്കാം എന്ന് ആ ഗഡി പറഞ്ഞു. അങ്ങനെ ലാസ്റ്റ് ഹെഡ്ഡും സമ്മതിച്ചു. ഒടുവിൽ 1500 രൂപക്ക് എന്റെ സ്വപ്നമായ ഈ കമ്മൽ turned into മൂക്കൂത്തി ഞാൻ സ്വന്തമാക്കി. ഇത്രയും കഷ്ടപ്പെട്ട് മേടിച്ച മൂക്കൂത്തിയും ഇട്ട് നാട്ടിൽ ചെന്നു. ഒരു ദിവസം എന്റെ ഒരു അമ്മാവൻ വീട്ടിലേക്ക് കയറിവന്നു. എന്നേ കണ്ടതും” ഇത് എന്താണ് മൂക്കിൽ ഈ തൊളച്ച് ഇട്ടേക്കുന്നത്?
കയറിടാൻ വേണ്ടിയാണോ ? മേലാൽ ഇങ്ങനത്തെ കോപ്രായം കാണിച്ചോണ്ട് ഇതിലേ നടക്കരുത്. ഇവിടെ നടക്കുമ്പോൾ മൂക്കൂത്തി ഊരിവെച്ച് നടന്നോണം, നിന്റെ ഫാഷനൊക്കെ അങ്ങ് തിരുവനന്തപുരത്ത് മതി ” എന്നൊക്കെ ഡയലോഗ്. എന്റെ ബോയ്ഫ്രണ്ടിനെ മനസ്സിൽ ധ്യാനിച്ച് ഞാനൊരു ഡയലോഗ് തിരിച്ചങ്ങോട്ട് കാച്ചി. ” ഇത് എന്റെ മൂക്കിൽ അല്ലേ കിടക്കുന്നത്; നിങ്ങൾക്ക് ഇതുകൊണ്ട് എന്താണ് പ്രശ്നം? ഞാനെന്തായാലും ഇത് ഊരാൻ പോകുന്നില്ല, എന്റെ കാര്യം ഞാൻ തീരുമാനിച്ചോളാം എന്ന്” ഇപ്പോഴും ഈ മൂക്കൂത്തി ഇങ്ങനെ തൊട്ട്തലോടുമ്പോൾ ഞാനെന്റെ ബോയ്ഫ്രണ്ടിനെ ഓർക്കും.എനിക്ക് സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ഇല്ലാതാക്കി തന്നതാണീ മൂക്കൂത്തി. ഒന്നും തിരിച്ച് പ്രതീക്ഷിക്കാത്ത; വിലക്കുകൾ ഇല്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഓർമ്മയാണെന്റെ മൂക്കൂത്തി. എന്റെ മൂക്കൂത്തി അവന്റെ മൂക്കിനറ്റത്ത് മുട്ടുന്ന ആ സുന്ദരനിമിഷങ്ങൾ ആണ് എന്റെ മൂക്കൂത്തിയുടെ ഏറ്റവും സ്നേഹാർദ്രമായ ഓർമ്മ