കണ്ടു കൊതി തീരും മുൻപെ ആരാധകരെ സങ്കടത്തിലാഴ്ത്തി വിട പറഞ്ഞ നായികയാണ് നടി സൗന്ദര്യ. രണ്ടേ രണ്ടു മലയാള ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് എന്നും ഓർത്തിരിക്കാൻ കഴിയുന്ന ജീവസുറ്റ രണ്ട കഥാപാത്രങ്ങളെയാണ് സൗന്ദര്യ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത്. രൂപത്തില്‍ സൗന്ദര്യയുമായി അതിശയകരമായ സാമ്യം പുലര്‍ത്തുന്ന ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സൗന്ദര്യയുടെ അതേ മുഖഛായയുള്ള ചിത്രയുടെ ചിത്രങ്ങളും റീലുകളും ആരാധകര്‍ വളരെ അതിശയത്തോടെയാണ് കാണുന്നത്. ചിത്ര ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ്. ചിത്ര ഇൻസ്റാഗ്രാമിലൂടെ പങ്കു വെയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത ആണുള്ളത്. വളരെ ആവേശത്തോടെയാണ് ചിത്രയുടെ ആരാധകർ ഇത് ഏറ്റെടുക്കാറുള്ളത്. ചിത്രയുടെ മാത്രമല്ല സൗന്ദര്യയുടെ ആരാധകരും. മലേഷ്യൻ സ്വദേശിനിയാണ് ചിത്ര. നാലു ലക്ഷത്തിലധികം ഫോലിലോർസ് ആണ് ചിത്രയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. നിരവധി ഇന്ത്യക്കാർ ആണ് ചിത്രയുടെ പോസ്റ്റുകൾക്ക് കമെന്റുകൾ കുറിക്കുന്നത്. ചിത്രയുടെ ഇൻസ്റ്റഗ്രാം റീലുകള്‍ക്ക് താഴെ മലയാളികളുടെയും ധാരാളം കമന്റുകള്‍ കാണാം. “മരിച്ചു പോയ ഞങ്ങളുടെ സൗന്ദര്യ ജീവനോടെ തിരിച്ചു വന്നതോ?” എന്നാണ് ആരാധകരുടെ ചോദ്യം. സൗന്ദര്യയെ ജീവനോടെ കണ്ട ഫീല്‍, കണ്ടപ്പോള്‍ ഷോക്കായി എന്നൊക്കെ കമന്റു ചെയ്യുന്നവരെയും കാണാം. ഏതായാലും ചിത്ര ഏവരെയും അതിശയിപ്പിക്കുകയാണ്. ഇഷ്ടപ്പെട്ടു തുടങ്ങുമ്പോഴേക്കും മാഞ്ഞു പോയ താരമായിരുന്നു സൗന്ദര്യ. പേരിനെ അന്വർത്ഥമാക്കുന്ന സൗന്ദര്യ ധാമം തന്നെയായിരുന്നു സൗന്ദര്യ. മോഹൻലാൽ നായകൻ ആയെത്തിയ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ ആമിന , ജയറാം നായകൻ ആയെത്തിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലെ ജ്യോതി ഈ രണ്ടു കഥാപാത്രങ്ങള്‍ കൊണ്ടു തന്നെ മലയാളത്തില്‍ സൗന്ദര്യ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. ഈ രണ്ടു ചിത്രങ്ങളിൽ അഭിനയിക്കുന്ന സമയം മലയാളത്തില്‍ തുടക്കക്കാരിയായിരുന്നപ്പോഴും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ വലിയ താരമായിരുന്നു സൗന്ദര്യ. തെന്നിന്ത്യൻ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഒരു വിമാനപകടത്തില്‍ സൗന്ദര്യ കൊല്ലപ്പെടുന്നത്. 34ആം വയസ്സിലാണ് സൗന്ദര്യ മരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സൗന്ദര്യ സഞ്ചരിച്ച ഒരു ചെറിയ സ്വകാര്യ വിമാനത്തിൽ യാത്ര തുടങ്ങിയപ്പോൾ തന്നെ വിമാനത്തിന് തീ പിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമർനാഥും മരണപ്പെട്ടു. മോഡേൺ തെലുങ്ക് സിനിമയുടെ സാവിത്രി എന്നായിരുന്നു സൗന്ദര്യയെ സിനിമാലോകം വിശേഷിപ്പിച്ചത്. വ്യവസായിയും, ചലച്ചിത്ര എഴുത്തുകാരനുമായ കെ.എസ്.സത്യനാരായണന്റെയും മഞ്ജുള സത്യനാരായണന്റെയും മകളായി 1977 ജുലൈ 18ന് ബംഗളുരുവിൽ ആണ് സൗന്ദര്യ ജനിച്ചത്.
12 വർഷത്തെ അഭിനയ കാലഘട്ടത്തിൽ കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ സൗന്ദര്യ 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 1992-ൽ പുറത്തിറങ്ങിയ ഗന്ധർവ എന്ന കന്നട ചിത്രമാണ് സൗന്ദര്യയുടെ ആദ്യ ചിത്രം. പിന്നീട് എം.ബി.ബി.എസ് പഠനകാലത്ത് അമ്മൊരു എന്ന ചിത്രത്തിൽ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും ചെയ്തു. ഹിന്ദിയിൽ അമിതാബ് ബച്ചൻ നായകനായി അഭിനയിച്ച സൂര്യവംശം എന്ന ചിത്രത്തിൽ അഭിനയിച്ചത് വളരെയധികം ജനശ്രദ്ധ നേടി. അഭിനയം കൂടാതെ സൗന്ദര്യ ദ്വീപ എന്ന ചിത്രം നിർമ്മിക്കുകയും ചെയ്തു. ഗിരീഷ് കാസറവള്ളി സംവിധാനം ചെയ്ത ഈ ചിത്രം ധാരാളം ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടുകയുണ്ടായി. സൗന്ദര്യയുടെ അവസാനത്തെ ചിത്രം കന്നട ചിത്രമായ ആപ്തമിത്ര ആയിരുന്നു. മലയാളചിത്രമായ മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്നു ആ ചിത്രം.
