തമിഴകത്ത് നിരവധി ആരാധകരുള്ള താരങ്ങളാണ് നടൻ ശിവകാര്‍ത്തികേയനും സംഗീത സംവിധായകൻ ഡി. ഇമ്മനും. ഇരുവരും ഒന്നിച്ച ചിത്രങ്ങളിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു. ഇപ്പോഴും ജനമനസ്സുകളിൽ മായാതെ നിൽക്കുന്ന സുന്ദര ഗാനങ്ങൾ ആയിരുന്നു ഇരുവരുടെയും കൂട്ട് കെട്ടിൽ പിറന്നു വീണത്. എന്നാല്‍ അടുത്തിടെയായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇപ്പോൾ ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലെന്നാണ് പുറത്തു വരുന്നത്. ഇപ്പോൾ പുറത്തു വരുന്ന കാര്യങ്ങളിൽ വാസ്തവമുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് ഡി. ഇമ്മൻ. ശിവകാര്‍ത്തികേയൻ തന്നെ ചതിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. വൗ തമിഴാ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശിവകാര്‍ത്തികേയനുമായുണ്ടായ പ്രശ്നത്തേക്കുറിച്ച് ഡി. ഇമ്മൻ സൂചിപ്പിച്ചത്. നടനുമായി ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ ഡി. ഇമ്മൻ, ഭാവിയില്‍ ശിവകാര്‍ത്തികേയന്റെ ചിത്രങ്ങള്‍ക്കായി സംഗീതസംവിധാനം നിര്‍വഹിക്കില്ലെന്ന് പോലും വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങളെന്ന് ഇപ്പോള്‍ പറയാണ് കഴിയില്ല എന്നും ശിവകാര്‍ത്തികേയൻ തന്നെ വഞ്ചിച്ചുവെന്നും അത് സ്വന്തം ജീവിതത്തെ മാറ്റിമറിച്ചെന്നും ഡി. ഇമ്മൻ വ്യക്തമാക്കി. മനം കൊത്തി പറവൈ എന്ന ചിത്രം മുതലാണ് ശിവകാര്‍ത്തികേയനും ഡി. ഇമ്മനും ഒരുമിച്ച് പ്രവര്‍ത്തിക്കാൻ തുടങ്ങിയത്. പിന്നീട് വരുത്തപ്പെടാത വാലിബര്‍ സംഘം, രജനിമുരുകൻ, സീമരാജ, നമ്മ വീട്ട് പുള്ളൈ എന്നീ ചിത്രങ്ങള്‍ പിന്നീട് ഒരുമിച്ച് ചെയ്തു. ഈ ചിത്രങ്ങളും പാട്ടുകളുമെല്ലാം ഹിറ്റായി.എന്നാല്‍ പിന്നീട് വ്യക്തിപരമായ പ്രശ്നങ്ങള്‍ സംഭവിച്ചു. ഈ ജന്മത്തില്‍ വീണ്ടും ഒരുമിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാകും. മറക്കാൻ പറ്റാത്ത വലിയ ഒരു ദ്രോഹമാണ് ശിവകാര്‍ത്തികേയൻ തന്നോട് ചെയ്തത്.
അത് പുറത്തു പറയാൻ സാധിക്കില്ല. ദ്രോഹം എന്നത് അങ്ങനെയൊക്കെയാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. എന്നോടു ചെയ്ത ദ്രോഹം തിരിച്ചറിയാൻ ഞാൻ വളരെ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകള്‍ ഞാനിനി ചെയ്യില്ല. എന്നോട് എങ്ങനെ ഇത് ചെയ്യാൻ തോന്നി എന്ന് ചോദിച്ചിരുന്നു. അതിന് ശിവകാര്‍ത്തികേയൻ പറഞ്ഞ മറുപടി വെളിപ്പെടുത്താനാകില്ല. ചില കാര്യങ്ങള്‍ മറച്ചു വെയ്ക്കപ്പെടുകതന്നെ വേണം. അതിന് കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാര്‍ എന്നെ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്നമല്ല. ഞാനാരാണെന്ന് എനിക്കറിയാം. അപകടങ്ങള്‍ മുൻകൂട്ടി പറഞ്ഞിട്ടാണോ നടക്കുന്നത്. അതുപോലെ ഒന്നാണിത്. ജീവിതത്തില്‍ സങ്കടങ്ങളുണ്ടാവും. അതിന് ഇദ്ദേഹം മാത്രമാണ് കാരണം എന്നു പറയാനാവില്ല. അദ്ദേഹത്തില്‍ നിന്ന് തനിക്ക് ഇതുപോലൊരു ദുഃഖം വന്നത് ഉള്‍ക്കൊള്ളാനാവില്ല. ഇതൊരു സര്‍ഗ്ഗാത്മക ഇടമാണ്, എല്ലാം മറന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഇനി ബുദ്ധിമുട്ടാണ്. അങ്ങനെ ചെയ്താല്‍, തന്റെ കലയോട് തനിക്ക് സത്യസന്ധത പുലര്‍ത്താൻ കഴിയുമെന്ന് കരുതുന്നില്ല. പണത്തിനു വേണ്ടി ജോലി ചെയ്യുന്ന ആളല്ല താനെന്നും ഒരിക്കലും സംഗീതത്തെ ഒറ്റിക്കൊടുക്കാൻ കഴിയില്ലെന്നും ഡി. ഇമ്മൻ കൂട്ടിച്ചേര്‍ത്തു. പല തരത്തിലുള്ള അഭ്യൂഹങ്ങൾ ഇപ്പോൾ ഇമ്മന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്ത് വരുന്നുണ്ട്. നിലവിൽ ഇമ്മന്റെ വെളിപ്പെടുത്തലുകളോട് ശിവകാർത്തികേയൻ പ്രതികരിച്ചിട്ടില്ല.